മൃഗഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു: മൃതശരീരം പെട്രോളൊഴിച്ച് കത്തിച്ചു

Web Desk
Posted on November 29, 2019, 5:48 pm

ഹൈദരാബാദ്: തെലങ്കാനയിൽ മൃഗഡോക്ടറായ യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പേർ പിടിയിൽ. പ്രധാന പ്രതിയെന്ന് സംശയിക്കുന്ന മുഹമ്മദ് പാഷ എന്ന ലോറി ‍‍ഡ്രൈവർ ഉൾപ്പെടെ നാലു പേരെയാണ് കസ്റ്റഡിയിൽ എടുത്തത്. യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. ലോറി ഡ്രൈവർമാരെയും ക്ലീനർമാരെയുമാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഡോക്ടറെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് മണ്ണെണ്ണയോ പെട്രോളോ ഒഴിച്ചു കത്തിക്കുകയായിരുന്നുവെന്നാണു പൊലീസ് സംശയിക്കുന്നത്. രംഗറെഡ്ഡി ജില്ലയിലാണ് സംഭവം നടന്നത്. 70 ശതമാനത്തോളം കത്തിക്കരിഞ്ഞ നിലയിൽ ഷംഷാബാദിലെ ടോൾ ബൂത്തിനു സമീപമാണ് മൃതദേഹം കിടന്നിരുന്നത്. തിരിച്ചറിയാൻ സാധിക്കാത്ത വിധം കത്തിക്കരിഞ്ഞ ശരീരത്തിൽ നിന്നും ലഭിച്ച ഗണപതിയുടെ ലോക്കറ്റാണ് യുവതിയെ തിരിച്ചറിയാൻ ബന്ധുക്കളെ സഹായിച്ചത്.

ബുധനാഴ്ച രാത്രിയാണ് ഇരുപത്തിയാറുകാരിയായ മൃഗ ഡോക്ടറെ കാണാതാകുന്നത്. ഷാദ്‌നഗറിലെ വീട്ടിൽനിന്ന് ജോലി ചെയ്തിരുന്ന കൊല്ലുരു ഗ്രാമത്തിലെ മൃഗാശുപത്രിയിലേക്കു പോവുകയായിരുന്നു യുവതി. യാത്രാമധ്യേ വാഹനം ഷംഷാബാദിലെ ടോൾ ബുത്തിനു സമീപം നിർത്തിയിട്ട് ഡെർമറ്റോളജിസ്റ്റിനെ കാണാൻ പോയി രാത്രി 9 മണിയോടെ യുവതി തിരിച്ചെത്തിയപ്പോൾ ബൈക്കിന്റെ ടയര്‍ പഞ്ചറായ നിലയിലാണ് ഉണ്ടായിരുന്നത്. ഈ സമയത്ത് യുവതി തന്നെ വിളിച്ചിരുന്നതായും സമീപത്തു നിർത്തിയിട്ടിരിക്കുന്ന ലോഡ് നിറച്ച ട്രക്കുകളും അപരിചിതരായ പുരുഷൻമാർ തന്നെ ഭയപ്പെടുത്തുന്നെന്നും പറഞ്ഞതായി കൊല്ലപ്പെട്ട യുവതിയുടെ സഹോദരി മൊഴി നൽകി. അന്വേഷണത്തിൽ സിസിടിവിയിൽ നിന്നും തെളിവുകൾ ലഭിച്ചതായി പൊലീസ് വ്യക്തമാക്കി.

you may also like this video

ടയർ നന്നാക്കാൻ സഹായിക്കാമെന്നു സമീപത്തുള്ള ഒരാൾ പറയുന്നതു ഫോൺ സംഭാഷണത്തിൽ കേട്ടിരുന്നുവെന്നും സഹോദരി പറഞ്ഞു. അടുത്തുള്ള ടോൾ ഗേറ്റിൽ പോയി കാത്തിരിക്കാൻ യുവതിയെ സഹോദരി ഉപദേശിച്ചു. അപരിചിതമായ സ്ഥലത്തു തങ്ങുന്നത് സുരക്ഷിതമല്ലെന്നും ഇരുചക്ര വാഹനം ഉപേക്ഷിച്ച് വീട്ടിലെത്താൻ നിർദേശിച്ചിരുന്നതായും സഹോദരി പൊലീസിനോടു പറഞ്ഞു. കുറച്ചു സമയത്തിനു ശേഷം വീണ്ടും വിളിച്ചിരുന്നുവെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. എന്തോ പ്രശ്നമുണ്ടെന്നു മനസ്സിലാക്കിയ സഹോദരി രാത്രി പത്തോടെ ടോൾ ബൂത്തിൽ എത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സഹോദരി ഉടനെ വിവരം ബന്ധുക്കളെ അറിയിച്ചു. തുടർന്ന് പരാതി നൽകാനായി ആർജിഐഎ പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും തങ്ങളുടെ സ്റ്റേഷൻ പരിധിയിലല്ലെന്നു പറഞ്ഞ് ഷംഷാബാദ് സ്റ്റേഷനിലേക്ക് പറഞ്ഞയക്കുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ യുവതി വാഹനം പാർക്കു ചെയ്ത ടോൾ ബൂത്തിനു സമീപം യുവതി ധരിച്ചിരുന്ന വസ്ത്രവും ചെരുപ്പും ഹാൻഡ്ബാഗും ഒരു മദ്യക്കുപ്പിയും കണ്ടെത്തി. 9.30 നും 10നും ഇടയിൽ ഒരു ചെറുപ്പക്കാരൻ ബൈക്ക് നന്നാക്കാനായി കൊണ്ടുവന്നെന്ന് അടുത്തുള്ള വർക്‌ഷോപ് ഉടമ സാക്ഷ്യപ്പെടുത്തി. പുലർച്ചെ നാലോടെയാണ് കോൺസ്റ്റബിൾമാരെ അയച്ച് അന്വേഷണം തുടങ്ങിയതെന്നും പൊലീസ് കൃത്യസമയത്ത് അന്വേഷിച്ചിരുന്നു എങ്കിൽ ഇത്തരം ഒരു ഗതികേട് തൻറെ മകൾക്ക് വരില്ലായിരുന്നു എന്നും, പ്രതികളെ ജനമധ്യത്തിൽ ജീവനോടെ കത്തിക്കണമെന്നും യുവതിയുടെ അമ്മ പ്രതികരിച്ചു.