തെലങ്കാന ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരുടെ സമരം: കടുത്ത നടപടികളുമായി സര്‍ക്കാര്‍

Web Desk
Posted on October 13, 2019, 12:39 pm

ഹൈദരാബാദ്: ഇരുപത്താറിന ആവശ്യങ്ങളുമായി തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ നടത്തുന്ന പ്രക്ഷോഭത്തിനെതിരെ നിലപാട് കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. ബസ് സര്‍വീസുകള്‍ തടസപ്പെടുത്തുന്നവരെ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു പൊലീസ് മേധാവി മഹേന്ദര്‍ റെഡ്ഡിയോട് നിര്‍ദേശിച്ചു. ബസ് ഡിപ്പോകളില്‍ കൂടുതല്‍ പൊലീസുദ്യോഗസ്ഥരെയും സിസിടിവി ക്യാമറകളും വിന്യസിക്കാനും ഉത്തരവിട്ടിട്ടുണ്ട്.

ഖമ്മത്തെ വസതിയില്‍ ശ്രീനിവാസ റെഡ്ഡി എന്ന ബസ് ഡ്രൈവര്‍ തീകൊളുത്തി ആത്മഹത്യ ശ്രമിച്ച പശ്ചാത്തലത്തിലാണ് നടപടി. ഇദ്ദേഹത്തെ തൊണ്ണൂറു ശതമാനം പൊള്ളലോടെ ഹൈദരാബാദിലെ ആശുപത്രിയില്‍ പ്രവശിപ്പിച്ചിരിക്കുകയാണ്.

16ntofgg

ഇദ്ദേഹത്തിന്റെ ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ഖമ്മം ജില്ലയില്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ആറുബസുകള്‍ക്ക് നേരെയും താല്‍ക്കാലിക ഡ്രൈവര്‍മാര്‍ക്ക് നേരെയും അതിക്രമം ഉണ്ടായിട്ടുണ്ട്. കടുത്ത പ്രതിഷേധ നടപടികളിലേക്ക് നീങ്ങരുതെന്ന് സംസ്ഥാന ഗതാഗത മന്ത്രി അശ്വത്ഥാമാ റെഡ്ഡി അഭ്യര്‍ഥിച്ചു.

21-ാം തീയതിയോടെ സര്‍വീസുകള്‍ പൂര്‍ണമായും പുനഃസ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. സമരക്കാരുമായി ചര്‍ച്ചയ്ക്ക് ഇല്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സമരക്കാരെ ഇനി ജോലിക്കെടുക്കില്ലെന്നും റാവു അറിയിച്ചു. സമരക്കാരെ പേടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബസ് ഡിപ്പോകളില്‍ പ്രക്ഷോഭം നടത്തുന്നതും ബസ് സര്‍വീസുകള്‍ തടയുന്നതും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.