Janayugom Online
telengana helped

കേരളത്തിന്റെ കണ്ണീരൊപ്പാന്‍ തെലങ്കാനയിലെ കുരുന്നുകളും

Web Desk
Posted on August 26, 2018, 10:31 pm

ഹൈദരാബാദ്: മഹാപ്രളയം ദുരന്തത്തിലാഴ്ത്തിയ കേരളത്തിന്റെ കണ്ണീരൊപ്പാന്‍ തെലങ്കാനയിലെ കുരുന്നുകളും. വീട്ടില്‍ വന്നെത്തുന്ന പത്രങ്ങളില്‍ നിന്നും കണ്ട ചാനലുകളില്‍ നിന്നും കേരളത്തിന്റെ പ്രളയമഹാദുരന്തമറിഞ്ഞ അനികയും നയോനികയും തങ്ങളുടെ നിക്ഷേപപെട്ടി തുറന്നപ്പോള്‍ കിട്ടിയത് 2,080 രൂപ. അത് മാത്രം പോരെന്ന് തോന്നിയ അവര്‍ കൂട്ടുകാരോടും അയല്‍വീടുകളില്‍ കയറിയിറങ്ങിയും സഹായമഭ്യര്‍ഥിച്ചു. കേരളത്തിന്റെ ദുരിതമേഖലയ്ക്ക് സഹായഹസ്തമേകാന്‍ എല്ലാവരും തയ്യാറായപ്പോള്‍ അവരുടെ കയ്യിലെത്തിയത് 1,15,580 രൂപ. കൂട്ടുകാര്‍ മാത്രം സഹായമായി നല്‍കിയത് 13,500 രൂപ. ഇതിനെല്ലാം പുറമേ ചിലര്‍ വസ്ത്രങ്ങളും മറ്റ് വസ്തുക്കളും സംഭാവനയായി കുഞ്ഞുകരങ്ങളെ ഏല്‍പിച്ചു.
തങ്ങള്‍ പിരിച്ചെടുത്ത തുകയും അവശ്യ വസ്തുക്കളും സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം അതുല്‍ കുമാര്‍ അഞ്ജാന്റെ സാന്നിധ്യത്തില്‍ തെലങ്കാന സംസ്ഥാന സെക്രട്ടറി ഛഡ്ഡ വെങ്കട്ടറെഡ്ഡിയെ ഇരുവരും ചേര്‍ന്ന് ഏല്‍പ്പിച്ചു.
സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡിയുടെ കൊച്ചുമക്കളാണ് അനികയും നയോനികയും.