ക്ഷേത്രത്തില്‍ തേങ്ങയുടച്ചതിന് ദളിത് ദമ്പതികള്‍ക്ക് ക്രൂരമര്‍ദ്ദനം

Web Desk
Posted on August 23, 2019, 12:17 pm

ഹൈദരാബാദ്: ക്ഷേത്രത്തില്‍ തേങ്ങ നിവേദിച്ചതിന്റെ പേരില്‍ ഗര്‍ഭിണിയായ ദളിത് പഞ്ചായത്ത് അംഗത്തിനും ഭര്‍ത്താവിനും ഉയര്‍ന്ന ജാതിക്കാരുടെ ക്രൂര മര്‍ദ്ദനം. രംഗറെഡ്ഡി ജില്ലയിലെ തുര്‍ക്കഗുഡ ഗ്രാമത്തിലാണ് സംഭവം.
ബൊണാലു ഉത്സവത്തോടനുബന്ധിച്ച് ഗ്രാമത്തിന്റെ ക്ഷേത്രത്തില്‍ തേങ്ങയുടച്ചതിന്റെ പേരിലാണ് സംഭവമുണ്ടായിരിക്കുന്നത്. മദിഗ സമുദായ അംഗമായ പവിത്രയ്ക്കും ഭര്‍ത്താവിനുമാണ് റെഡ്ഡി സമുദായക്കാരില്‍ നിന്നും ആക്രമണം നേരിടേണ്ടിവന്നത്. തെലങ്കാന രാഷ്ട്രസമിതി അംഗമായ പവിത്രയ്ക്കുനേരെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മുന്‍ പഞ്ചായത്ത് അംഗം കോണ്‍ഗ്രസിലെ പ്രഭാകര്‍ റെഡ്ഡിയുടെ ഭീഷണി ഉണ്ടായിരുന്നു. റെഡ്ഡി സമുദായക്കാര്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശമാണ് തുര്‍ക്കഗുഡ ഗ്രാമം.
ക്ഷേത്രത്തില്‍ ഉത്സവചടങ്ങുകള്‍ക്ക് നേതൃത്വം വഹിക്കേണ്ടത് സര്‍പാഞ്ചാണ്. ഇതിനായി ക്ഷേത്രത്തിലെത്തിയപ്പോള്‍ അവിടെ വച്ച് പവിത്രയെയും ഭര്‍ത്താവിനെയും തടയുകയായിരുന്നു. താഴ്ന്ന ജാതിക്കാര്‍ക്ക് ഇവിടെ സ്ഥാനമില്ലെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം. സംഭവത്തില്‍ പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടുപേര്‍ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഇബ്രാഹിംപട്ടണം ഇന്‍സ്‌പെക്ടര്‍ ഗുരുവ റെഡ്ഡി അറിയിച്ചു.