തെലങ്കാന ട്രാൻസ്പോർട്ട് കോർപ്പറേഷൻ സമരം മനുഷ്യാവകാശ കമ്മിഷൻ ഇടപെടണം: ഡി രാജ

Web Desk
Posted on October 18, 2019, 10:10 pm

ന്യൂഡൽഹി: തെലങ്കാനയിൽ ട്രാൻസ്പോർട്ട് കോർപ്പറേഷൻ തൊഴിലാളികൾ നടത്തിവരുന്ന പണിമുടക്കിനോട് മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു സ്വീകരിക്കുന്ന സമീപനം മനുഷ്യാവകാശ ലംഘനമാണെന്നും ഇക്കാര്യത്തിൽ ഇടപെടണമെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സെക്രട്ടേറിയറ്റ് അംഗം ഡോ. കെ നാരായണ എന്നിവർ ദേശീയ മനുഷ്യാവകാശ കമ്മിഷനോട് ആവശ്യപ്പെട്ടു. തൊഴിലാളികളുടെ ജീവനും ജീവിതസാഹചര്യങ്ങളും സംരക്ഷിക്കണമെന്നും ഇരുവരും മനുഷ്യാവകാശ കമ്മിഷൻ ചെയർമാന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലാളികൾ 15 ദിവസമായി പണിമുടക്കിലാണ്.

ഒരു കോടിയോളം ജനങ്ങൾ ആശ്രയിക്കുന്ന കോർപ്പറേഷൻ വ്യവസായസംരംഭമായി പരിഗണിക്കാതെ ഡീസലിനുള്ള മൂല്യവർധിത നികുതി എടുത്തുകളയുക, കോർപ്പറേഷൻ വാഹനങ്ങൾക്ക് ടോൾനികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളികൾ ഉന്നയിക്കുന്നത്. കോർപ്പറേഷനെ സർക്കാരിന്റെ കീഴിലാക്കണമെന്നും സമരത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഇത് ദീർഘകാലമായി നിലനിൽക്കുന്ന ആവശ്യവുമാണ്. മാത്രമല്ല ആന്ധ്ര സർക്കാർ ഇതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.

ഭീമമായ നികുതിയും മറ്റു ബാധ്യതകളുമാണ് കോർപ്പറേഷനെ നഷ്ടത്തിലേയ്ക്ക് നയിച്ചത്. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ ജനങ്ങളുടെ താൽപര്യത്തിനനുസരിച്ച് ഉയർന്നു പ്രവർത്തിക്കാനും തൊഴിലാളി പണിമുടക്ക് ഒത്തുതീർക്കാനും സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും ഇരുവരും അഭിപ്രായപ്പെട്ടു.  എന്നാൽ മനുഷ്യത്വരഹിതമായ സമീപനങ്ങളും ഭീഷണി നിറഞ്ഞ പ്രസ്താവനകളുമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും പ്രശ്നത്തിൽ ഇടപെട്ട് പ്രശ്നപരിഹാരം സാധ്യമാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.