സംസ്ഥാനത്ത് പലയിടങ്ങളിലും ചൂട് വർദ്ധിച്ചതിനെ തുടർന്ന് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കോട്ടയം അടക്കമുള്ള നാല് ജില്ലകളിൽ അന്തരീക്ഷ ഊഷ്മാവിൽ സാരമായ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്.
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചപോലെ കേരളത്തിൽ പലയിടങ്ങളിലും ദിനാന്തരീക്ഷ താപനില ഉയർന്നിട്ടുണ്ട്. ആലപ്പുഴയിലെ താപനില 2.2 ഡിഗ്രി ഉയർന്ന് 38 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. കോട്ടയത്താണ് സംസ്ഥാനത്ത് ഇന്ന് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 38.5 ഡിഗ്രി സെൽഷ്യസ്. ഞായറാഴ്ച ഇത് 37.5 ആയിരുന്നു. കണ്ണൂരിലും താപനില 37 കടന്നു.
പുനലൂർ, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലും താപനില കൂടിയിട്ടുണ്ട്. നാളെ കോട്ടയം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ രണ്ട് മുതൽ മൂന്ന് വരെ ഡിഗ്രി ചൂട് കൂടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. സാധാരണ ഗതിയിൽ മാർച്ചിൽ അനുഭവപ്പെടേണ്ട ചൂടാണ് ഇപ്പോൾ സംസ്ഥാനത്ത് പലയിടങ്ങളിലും അനുഭവപ്പെടുന്നത്. ഇനിയും മൂന്ന് ഡിഗ്രിവരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. സൂര്യാതാപം, സൂര്യാഘാതം തുടങ്ങിയവക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാൽ ഉടൻ വൈദ്യ സഹായം തേടണമെന്നും നിർദേശമുണ്ട്.
വരും ദിവസങ്ങളിലും ചൂട് കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. സൂര്യാഘാതത്തെ പ്രതിരോധിക്കുന്നതിന് ജനങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. പ്രായമായവർ, ഗർഭിണികൾ, കുഞ്ഞുങ്ങൾ, രോഗങ്ങൾ മൂലം അവശത അനുഭവിക്കുന്നവർ തുടങ്ങിയവർ രാവിലെ 11 മുതൽ മൂന്നു വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും തൊഴിൽ സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് പാലിക്കാൻ തൊഴിൽ ദാതാക്കൾ ശ്രദ്ധിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. കാഴ്ച്ച പരിമിതർക്കായി മുൻകരുതൽ നിർദേശങ്ങൾ ബ്രെയിൽ ലിപിയിൽ തയ്യാറാക്കിയിട്ടുണ്ട്. ആവശ്യമുള്ളവർക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെടാം. ശബ്ദ സന്ദേശത്തിനായി sdma. kerala. gov. in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
English Summary; temperature rise in these districts tomorrow
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.