Web Desk

ന്യൂഡല്‍ഹി

April 01, 2021, 10:53 pm

രാജ്യത്ത് ജൂൺ വരെ താപനില വര്‍ധിക്കും

Janayugom Online

രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും ഈ മാസം മുതൽ ജൂൺ വരെയുള്ള കാലയളവിൽ താപനില വര്‍ധിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്(ഐഎംഡി) അറിയിച്ചു. മുൻവര്‍ഷത്തേക്കാള്‍ കടുത്ത ചൂടാണ് ഈ വേനലിൽ രാജ്യത്ത് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടയിലെ കാലാവസ്ഥ പരിശോധിച്ചാൽ ഏപ്രിൽ മുതലാണ് ഉഷ്ണതരംഗങ്ങൾ ഉണ്ടായികൊണ്ടിരിക്കുന്നത്. കിഴക്ക്, മധ്യ, വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ പല പ്രദേശങ്ങളിലും പ്രതീക്ഷിച്ചതിലും വളരെ നേരത്തെ ചൂട് വർധിക്കുന്നതായി കാലാവസ്ഥാ വകുപ്പ് അധികൃതർ അറിയിച്ചു. മെയ് മാസത്തിലാണ് ഉഷ്ണതരംഗങ്ങൾക്ക് ശക്തിയേറുക. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ച് മുതല്‍ പല സ്ഥലങ്ങളിലും ഉഷ്ണതരംഗങ്ങൾ രേഖപ്പെ‍ടുത്തി.

അടുത്ത ദിവസങ്ങളില്‍ ശക്തമായ കാറ്റ് ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ ഈ അവസ്ഥയ്ക്ക് ചിലയിടങ്ങളിൽ മാറ്റമുണ്ടാകുമെന്നും വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിലും മധ്യ ഇന്ത്യയിലെ മിക്ക ഭാഗങ്ങളിലും പരമാവധി താപനില രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ കുറയാൻ സാധ്യതയുള്ളതായും ഐഎംഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
1948ന് ശേഷം ഒഡിഷയിലെ ഭുവനേശ്വറില്‍ ഏറ്റവും ഉയര്‍ന്ന താപനില മാര്‍ച്ചിലാണ് രേഖപ്പെടുത്തിയത്.

ഒഡിഷയിലെ 12 നഗരങ്ങളിലെ താപനില കഴിഞ്ഞ ബുധനാഴ്ച 40 ഡിഗ്രി സെൽഷ്യസ് മറികടന്നു. അതേസമയം, ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ അടുത്ത ദിവസങ്ങളില്‍ വ്യാപകമായ മഴയും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു.
eng­lish summary;Temperatures in the coun­try will con­tin­ue to rise till June
you may also like this video;