ക്ഷേത്രങ്ങളെ സംഘപരിവാറില്‍ നിന്ന് മോചിപ്പിക്കണം

Web Desk
Posted on July 09, 2018, 10:04 pm

 ഇ എം സതീശന്‍

കേരളത്തിലെ മഹാക്ഷേത്രങ്ങളിലൊന്നായ ചെട്ടികുളങ്ങര ദേവീക്ഷേത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ളതാണ്. എങ്കിലും നാളിതുവരെയായി അതിന്റെ നിയന്ത്രണം സംഘപരിവാറിന്റെ കൈകളിലാണ്. കഴിഞ്ഞ ദിവസം ഹൈക്കോടതി നടത്തിയ സുപ്രധാനമായ ഒരു വിധിപ്രഖ്യാപനത്തിലൂടെ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിന്റെ നിയന്ത്രണം സംഘപരിവാര്‍ വിമുക്തമാക്കിയിരിക്കുന്നു.
ദേവസ്വം ബോര്‍ഡിന്റെ നിയമമനുസരിച്ചുള്ള ഉപദേശകസമിതിക്കു പകരം അനധികൃതമായി പ്രവര്‍ത്തിച്ചുവരുന്ന ജാതികേന്ദ്രീകൃതമായ ഹിന്ദുമത കണ്‍വെന്‍ഷന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു. ഹിന്ദുമത സെന്ററിന്റേതായി നാലമ്പലത്തിനകത്തു ദേവസ്വം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് ഒഴിപ്പിക്കാനും ദേവസ്വത്തിന് കോടതി നിര്‍ദേശം നല്‍കി. ഇത്രയുംകാലം ഹിന്ദുമത കണ്‍വന്‍ഷന്‍ ജനങ്ങളില്‍ നിന്നു നടത്തിയ പിരിവിന്റെ കണക്കുകള്‍ ബോര്‍ഡിനും കോടതിക്കും മുമ്പാകെ സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഹിന്ദുമത കണ്‍വെന്‍ഷന്‍ ജനങ്ങളില്‍നിന്ന് പിരിവു നടത്തുന്നതും കോടതി വിലക്കിയിരിക്കുകയാണ്.

ചെട്ടികുളങ്ങര ഹിന്ദുമത കണ്‍വന്‍ഷന്‍ എന്നപേരില്‍ പ്രവര്‍ത്തിച്ചുവന്ന ഒരു അനൗദ്യോഗിക സംഘടനയാണ് നാട്ടുകാരുടെ പേരില്‍ പ്രസ്തുത ക്ഷേത്രഭരണം നിയന്ത്രിച്ചിരുന്നതത്രെ. ക്ഷേത്രം നില്‍ക്കുന്ന പ്രദേശത്തെ വിവിധ കരക്കാരുടെ കമ്മിറ്റി എന്നാണ് ഇവര്‍ സ്വയം അവകാശപ്പെട്ടിരുന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇവരുടെ ഉപദേശനിര്‍ദേശങ്ങളാണ് ദേവസ്വം അധികൃതര്‍ നടപ്പാക്കിയിരുന്നത്.
നൂറ്റാണ്ടുകളായി തുടരുന്ന സവര്‍ണാധീശ പാരമ്പര്യങ്ങളും കീഴ് വഴക്കങ്ങളും ജാതീയമായ ഉച്ചനീചത്ത്വങ്ങളും അനുവര്‍ത്തിക്കുന്ന പിന്തിരിപ്പന്‍ നടപടികളാണ് ഈ കമ്മറ്റി ക്ഷേത്രത്തിനുമേല്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടിരുന്നത്. പട്ടികജാതി പിന്നോക്ക വിഭാഗങ്ങള്‍ക്ക് നാമമാത്ര പ്രാതിനിധ്യം മാത്രമുണ്ടായിരുന്ന ഹിന്ദുമത കണ്‍വന്‍ഷനില്‍ കരക്കാരെന്നപേരില്‍ കയറിനിരങ്ങിയിരുന്നവരില്‍ ഭൂരിഭാഗവും സംഘ്പരിവാരങ്ങളോ അവരുടെ സില്‍ബന്ധികളോ ആണെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതു ശരിവെക്കുന്ന നീക്കങ്ങളാണ് ചെട്ടികുളങ്ങര ക്ഷേത്രത്തിലെ അബ്രാഹ്മണ ശാന്തി നിയമനവുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങള്‍.
കായംകുളം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ കീഴ്ശാന്തിയായി സേവനമനുഷ്ഠിച്ചിരുന്ന സുധികുമാറിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്ഥലം മാറ്റി ചെട്ടികുളങ്ങര ക്ഷേത്രത്തിലേക്ക് നിയമിച്ച സന്ദര്‍ഭത്തില്‍ സംഘപരിവാര്‍ നിയന്ത്രിക്കുന്ന ഹിന്ദുമത കണ്‍വെന്‍ഷന്റെ തനിനിറം പുറത്തുവന്നു.സുധികുമാര്‍ ഈഴവനാണെന്നും അബ്രാഹ്മണന്‍ പൂജ ചെയ്താല്‍ ചെട്ടിക്കുളങ്ങര ദേവിയുടെ ചൈതന്യം ക്ഷയിക്കുമെന്നും ദേവിക്ക് കോപംവന്ന് കരക്കാര്‍ക്കെല്ലാം ദോഷങ്ങള്‍ സംഭവിക്കുമെന്നും ഹിന്ദുമത കണ്‍വന്‍ഷന്‍ യോഗംചേര്‍ന്നു പ്രഖ്യാപിച്ചു. സംഘപരിവാര്‍ പ്രസംഗിക്കുന്ന ഹിന്ദു ഐക്യം വെറും കാപട്യമാണെന്നും അവര്‍ നെഞ്ചില്‍ കൊണ്ടുനടക്കുന്ന സവര്‍ണ്ണജാതിപ്രേമം വെളിവാക്കുന്ന നടപടികളുമാണ് തുടര്‍ന്നുണ്ടായത്. ബ്രാഹ്മണനായ ക്ഷേത്രം തന്ത്രിയുടെ തിട്ടൂരമെഴുതിവാങ്ങി സംഘപരിവാര നേതാക്കളായ ഹിന്ദുമത കണ്‍വന്‍ഷന്‍ ഭാരവാഹികള്‍ പിന്നാക്കക്കാരനായ സുധികുമാറിനെ കീഴ്ശാന്തിയായി നിയമിച്ച ദേവസ്വം ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു.
ജാതിവിവേചനപരവും അനാചാരപ്രേരിതവുമായ പ്രസ്തുത അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചില്ല. ഹര്‍ജിക്കാര്‍ മുഴക്കിയ ക്രമസമാധാനഭീഷണി മാത്രം മുന്‍നിര്‍ത്തി സുധികുമാറിന്റെ നിയമനം നടപ്പാക്കുന്നത് ഒരു മാസത്തേക്കു കോടതി സ്‌റ്റേ ചെയ്തു. ഈ സന്ദര്‍ഭത്തില്‍ സംഘ്പരിവാറിനും അവര്‍ നയിക്കുന്ന ഹിന്ദുമത കണ്‍വന്‍ഷനുമെതിരെ യുവകലാസാഹിതി ഉള്‍പ്പെടെ ഉയര്‍ത്തിക്കൊണ്ടുവന്ന ബഹുജനപ്രതിഷേധങ്ങള്‍ക്ക് ഫലശ്രുതിയുണ്ടായി. എല്‍ഡിഎഫ് മന്തിസഭാ നിര്‍ദ്ദേശമനുസരിച് സ്‌റ്റേ കാലാവധി കഴിഞ്ഞയുടനെ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ സുധികുമാറിന് നിയമനം നല്‍കിക്കൊണ്ട് ദേവസ്വം ബോര്‍ഡ് ഉത്തരവു പുറപ്പെടുവിച്ചു. അതുപ്രകാരം ഇപ്പോള്‍ പത്തുമാസത്തിലധികമായി അബ്രാഹ്മണനായ സുധികുമാര്‍ ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ ശാന്തിക്കാരനായി പ്രവൃത്തി ചെയ്തു വരികയാണ്. ദേവിക്ക് എന്തെങ്കിലും ഐശ്വര്യക്ഷതമോ കോപമോ ഭക്തജനങ്ങള്‍ക്ക് ദോഷങ്ങളോ സംഭവിച്ചതായി ഇതുവരെ ആരും വ്യാകുലപ്പെട്ടതായി അറിവില്ല. അതുകൊണ്ടാണ് അവരില്‍ ചിലര്‍ ചെട്ടികുളങ്ങര ക്ഷേത്രം കേന്ദ്രമാക്കി അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഹിന്ദുമത കണ്‍വന്‍ഷന്‍ എന്ന സംഘത്തിനെതിരെ ഹൈക്കോടതിയില്‍ കേസു കൊടുത്തത്. ഒരുവിധത്തിലുള്ള നിയമസാധുതയുമില്ലാതെ ഹിന്ദുമത കണ്‍വന്‍ഷന്റെ പേരില്‍ ക്ഷേത്രകാര്യങ്ങളില്‍ അധികാരപൂര്‍വം കൈകടത്തുകയും അനധികൃതമായി പണപ്പിരിവുനടത്തുകയും ജാതിവിവേചനം അടിച്ചേല്‍പ്പിക്കുകയും ചെയ്തുവന്ന സംഘ്പരിവാരക്കൂട്ടത്തിന്റെ ദുഷ്‌ചെയ്തികളില്‍ മനംമടുത്ത ഭക്തജനങ്ങളാണ് അവസാനം കോടതിയെ സമീപിച്ചത്. സ്വാഭാവികമായും ദേവസ്വം ബോര്‍ഡിനും കക്ഷിയാകേണ്ടിവന്ന കോടതിനടപടികളുടെ പര്യവസാനമായിട്ടാണ് ഇപ്പോഴത്തെ വിധിയുണ്ടായിരിക്കുന്നത്. ക്ഷേത്രത്തിനകത്തെ ഹിന്ദുമത കണ്‍വന്‍ഷന്‍ കാര്യാലയം ഒഴിപ്പിക്കാനും അനധികൃത പണപ്പിരിവ് അവസാനിപ്പിക്കാനും ഇതുവരെ നടത്തിയ പിരിവിന്റെ കണക്കുകള്‍ കോടതിയിലും ദേവസ്വത്തിലും ഹാജരാക്കാനുമുള്ള കോടതിയുടെ ഉത്തരവ് സംഘ്പരിവാരങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയും യഥാര്‍ത്ഥ വിശ്വാസികളുടെ വിജയവുമാണ്.
ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് അനധികൃതമായി ഭക്തജനങ്ങളുടെ വിവിധതരം സംഘടനകളുണ്ടാക്കിയാണ് സംഘപരിവാര രാഷ്ട്രീയം വിശ്വാസികള്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കുന്നത്. നിഷ്‌കളങ്ക വിശ്വാസികളായ ജനങ്ങളെ കരുവാക്കി മതവര്‍ഗീയ രാഷ്ട്രീയം കളിക്കുന്ന സംഘപരിവാറിന്റെ കുടിലത തിരിച്ചറിഞ്ഞ് അതിനെതിരെ നിയമപരമായി പോരാടി വിജയം വരിച്ച ചെട്ടികുളങ്ങരയിലെ ഭക്തജനങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍.…. ക്ഷേത്രങ്ങളില്‍നിന്ന് വര്‍ഗീയവാദികളായ സംഘപരിവാറുകാരെ പുറത്താക്കിയ ചെട്ടികുളങ്ങര മാതൃക സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ കേരളമാകെ പിന്തുടരാന്‍ ഭക്തജനങ്ങള്‍ മുന്നോട്ടുവരുന്ന കാലം വിദൂരമല്ലെന്നു നമുക്കു പ്രത്യാശിക്കാം.