മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പുമായുള്ള കേസില്‍ യുഎസ് റീട്ടെയിൽ ഭീമന് ആമസോണിന് താൽക്കാലിക വിജയം. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ 24,900 കോടി രൂപയുടെ ഇടപാട് സിംഗപ്പൂര്‍ തര്‍ക്കപരിഹാര കോടതി തടഞ്ഞു. ഇടക്കാല സ്റ്റേയാണ് അനുവദിച്ചിരിക്കുന്നത്.
കിഷോര്‍ ബിയാനിയുടെ ഉടമസ്ഥതയിലുളള ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ചില്ലറ വ്യാപാര ബിസിനസ് പൂര്‍ണമായി ഏറ്റെടുക്കാനുള്ള റിലയന്‍സിന്റെ നീക്കങ്ങൾക്കാണ് തിരിച്ചടിയേറ്റിരിക്കുന്നത്. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്യാത്ത കമ്പനിയായ ഫ്യൂച്ചര്‍ കൂപ്പണ്‍സ് ലിമിറ്റഡില്‍ 49 ശതമാനം ഓഹരി പങ്കാളിത്തം ആമസോണിനുണ്ട്. അന്നത്തെ ധാരണപ്രകാരം മൂന്നുമുതല്‍ പത്തുവര്ഷക്കാലയളവുകൊണ്ട് കൂപ്പണ്‍സ് ലിമിറ്റഡിന്റെ കൈവശമുള്ള ഫ്യൂച്ചര്‍ റീട്ടെയില്‍ ഓഹരികള്‍ വാങ്ങാന്‍ ആമസോണിന് അവകാശമുണ്ട്.
ഫ്യൂച്ചര്‍ റീട്ടെയിലിന്റെ 7.3 ശതമാനം ഓഹരികളാണ് ഫ്യൂച്ചര്‍ കൂപ്പണ്‍സിന്റെ പക്കലുള്ളത്. എന്നാല്‍ ഇതിനിടെ ബിസിനസ് കടബാധ്യതയില്‍പ്പെട്ടതോടെ കിഷോര്‍ ബിയാനി റീടെയില്‍ ശൃഖലകള് പൂര്‍ണമായി മുകേഷ് അംബാനിക്ക് വിറ്റു. കരാര്‍ ഒപ്പിട്ടാല്‍ ബിഗ്ബസാര്‍, ബ്രാന്‍ഡ് ഫാക്ടറി, എഫ്ബിബി, ഫുഡ്ഹാള്‍ ഉള്‍പ്പെടെ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ എല്ലാ റീടെയില്‍ ശൃംഖലകളും റിലയന്‍സിന് കീഴിലാകും. ഇതോടെ തങ്ങളുമായുള്ള കരാര്‍ ഫ്യൂച്ചര്‍ ഗ്രൂപ്പ് ലംഘിച്ചെന്ന ആരോപണവുമായി ആമസോൺ രംഗത്തെത്തുകയായിരുന്നു.
ഫ്യൂച്ചര്‍ ഗ്രൂപ്പും ആമസോണും തമ്മിലെ തര്‍ക്കം പരിഹരിക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇരു കമ്പനികളുടെയും ഓരോ പ്രതിനിധി ഉള്‍പ്പെടുന്ന മൂന്നംഗ സമിതി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. സമിതിയിലെ മൂന്നാമത്തെ വ്യക്തി നിഷ്പക്ഷനായിരിക്കും. 90 ദിവസത്തിനകം അന്തിമധാരണയിൽ എത്താനുളള ശ്രമം നടക്കുന്നതായാണ് സൂചനകൾ. അതിനിടെ തർക്കപരിഹാര കോടതിയുടെ വിധിക്കെതിരെ അപ്പീൽ നൽകുന്നതും ഫ്യൂച്ചർ ഗ്രൂപ്പിന്റെ പരിഗണനയിലുണ്ട്.
ENGLISH SUMMARY:Temporary victory for Amazon in the case with Reliance Group
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.