Monday
18 Feb 2019

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍;പത്ത് ആശയങ്ങള്‍ യാഥാര്‍ഥ്യമാകുന്നു

By: Web Desk | Tuesday 23 January 2018 2:26 PM IST

കൊച്ചി:

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഗൂഗിള്‍ ഫോര്‍ എന്റര്‍പ്രണേഴ്‌സും ചേര്‍ന്ന് നടത്തിയ ടെക്സ്റ്റാര്‍സ് സ്റ്റാര്‍ട്ടപ്പ് ആശയ വാരാന്ത്യ പരിപാടിയില്‍ അവതരിപ്പിച്ച പത്ത് ആശയങ്ങള്‍ യാഥാര്‍ഥ്യമാകുന്നു. 54 മണിക്കൂറുകളിലായി നടന്ന വാരാന്ത്യപരിപാടിയില്‍ 39 ആശയങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്.

ത്രീഡി ഗിഫ്റ്റ്‌സ് ആന്‍ഡ് ഒബ്ജക്ടസ് എന്ന നൂതന ആശയമാണ് ടെക്സ്റ്റാര്‍ വാരാന്ത്യത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. സ്വന്തം ഡിസൈനിലുള്ള ത്രീഡി ഉത്പന്നങ്ങള്‍ വാങ്ങാനും ത്രീഡി മാതൃകകള്‍ വില്‍പന നടത്തി പണം സമ്പാദിക്കാനും ഈ സ്റ്റാര്‍ട്ടപ്പ് വഴി സാധിക്കും.

ഹര്‍ഷ് എസ് സുരേഷ്, ഗീതു ജോസ്, ടോമിന്‍ ജെയിംസ്, ശ്രീജിത്ത് കുമാര്‍ എസ്, എബി അജിത്ത്, ഷോണ്‍ ജോണ്‍, സെബിന്‍ എന്നിവരായിരുന്നു ഒന്നാം സ്ഥാനം ലഭിച്ച സംഘത്തിലുണ്ടായിരുന്നത്.

കളമശ്ശേരിയിലെ കിന്‍ഫ്ര ക്യാമ്പസിലെ ടെക്‌നോളജി ഇന്‍ഫര്‍മേഷന്‍ സോണില്‍ ജനുവരി 19 മുതല്‍ 21 വരെ ടെക്സ്റ്റാര്‍ വാരാന്ത്യം സംഘടിപ്പിച്ചത്. സാങ്കേതിക വിഭാഗങ്ങളിലും ഇതര മേഖലകളിലുമായി 120ലേറെ പേര്‍ പങ്കെടുത്തതില്‍ അധികവും വിദ്യാര്‍ത്ഥികളായിരുന്നു.

പങ്കെടുക്കാനെത്തിയവരില്‍ നിന്ന് വോട്ടിനിട്ടാണ് 14 ആശയങ്ങള്‍ തെരഞ്ഞെടുത്തത്. പിന്നീട് 14 സംഘങ്ങള്‍ രൂപീകരിച്ച് 14 ആശയങ്ങളുടെ പ്രായോഗിക തലം വികസിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇതില്‍ നിന്ന് 3 ആശയങ്ങള്‍ക്ക് ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തി. പത്ത് ആശയങ്ങള്‍ കമ്പനി രൂപീകരണത്തിലേക്ക് നീങ്ങാനാണ് ഉദ്ദേശിക്കുന്നത്.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ ഈ വിഷയത്തില്‍ കൂടുതല്‍ ഉത്സുകരാണെന്ന് ഡെയിലി ഹണ്ട് വെബ്‌സൈറ്റിന്‍റെ മേഖല മാര്‍ക്കറ്റിംഗ് തലവന്‍ ആനന്ദ് ചാള്‍സ് ചൂണ്ടിക്കാട്ടി. സംരംഭകര്‍ക്കുവേണ്ട സാങ്കേതിക ഉപദേശം നല്‍കാനെത്തിയതായിരുന്നു അദ്ദേഹം.

നൂതന ആശയങ്ങളോട് വലിയ താത്പര്യമാണ് ഇവര്‍ കാണിക്കുന്നത്. തങ്ങള്‍ മുന്നോട്ടു വച്ച ആശയം സ്വീകരിക്കപ്പെട്ടിട്ടില്ലെങ്കിലും തെരഞ്ഞെടുത്ത ആശയങ്ങളില്‍ മികച്ച പങ്കാളിത്തം നല്‍കാന്‍ അവര്‍ ശ്രദ്ധിക്കുന്നു. സംരംഭകത്വത്തിലെ എല്ലാ സങ്കീര്‍ണതകളും മനസിലാക്കാന്‍ ഇവര്‍ ശ്രമിക്കുന്നുണ്ടെന്നും ചാള്‍സ് പറഞ്ഞു.

ആശയങ്ങള്‍ മുന്നോട്ടു വയ്ക്കുന്നതിനപ്പുറം അവയെ പ്രാവര്‍ത്തികമാക്കുന്നതില്‍ ക്യാമ്പസുകള്‍ക്ക് പരിമിതികളുണ്ടെന്ന് പരിപാടിയില്‍ പങ്കെടുത്ത എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനി മേഘ ഫിലിപ് പറഞ്ഞു. തെരഞ്ഞെടുത്ത ആശയങ്ങളില്‍ സംഘാംഗങ്ങളുടെ അഭിപ്രായങ്ങള്‍ അത്ഭുതകരമായ പ്രതിഫലനം ഉണ്ടാക്കുന്നുവെന്നും മേഘ പറഞ്ഞു.

യാത്രകള്‍ പോകുന്നവര്‍ക്ക് സമഗ്രമായ വിവരം നല്‍കുന്ന റൈഡ് എലോംഗ് എന്ന ആപ്പാണ് മേഘ ഉള്‍പ്പെട്ട സംഘം തെരഞ്ഞെടുത്തത്. ഉപയോഗിക്കുന്നവര്‍ക്കും വിവരങ്ങള്‍ ആപ്പില്‍ കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കും എന്നതും ഇതിന്റെ പ്രത്യേകതയാണ്.വീടുകളില്‍നിന്ന് ഭക്ഷണം തയ്യാര്‍ ചെയ്ത് ഒരു സ്ഥലത്ത് എത്തിച്ചശേഷം ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്ന ലഞ്ച് ബോക്‌സ് എന്ന ആപ്പും ഏറെ ശ്രദ്ധ പിടിച്ചു പറ്റി.

Related News