രാജ്യത്തെ കോവിഡ് രോഗമുക്തരുടെ എണ്ണം പത്ത് ലക്ഷം കടന്നു. പുതുതായി 52,123 പേര്‍ക്കുകൂടി രോഗം ബാധിച്ചതോടെ ആകെ രോഗികളുടെ എണ്ണം 15,83,792 ആയി. ഇന്നലെ 32,553 പേര്‍കൂടി കോവിഡ് ഭേദമായതോടെ ആകെ കോവിഡ് രോഗമുക്തരുടെ എണ്ണം 10,20,582 ആയി ഉയര്‍ന്നു. പുതുതായി 775 പേര്‍കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 34,968 ആയി വര്‍ധിച്ചു.
മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളാണ് രോഗവ്യാപന തോതില്‍ നിലവില്‍ ആദ്യ നാലു സ്ഥാനങ്ങളിലുള്ളത്. കോവിഡ് ബാധിച്ച് നിലവില്‍ 5,28,242 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ മാത്രം 4,46,642 സാമ്പിളുകള്‍കൂടി പരിശോധനയ്ക്ക് വിധേയമാക്കിയതോടെ ആകെ കോവിഡ് പരിശോധനകളുടെ എണ്ണം 1,81,90,382 കടന്നു. ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, മേഘാലയ, ദാമന്‍ ദിയു, മിസോറാം എന്നിവിടങ്ങളില്‍ രോഗവ്യാപനത്തില്‍ ഇന്നലെ കുറവാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ കോവിഡ് മുക്തരുടെ ദേശീയ ശരാശരി നിരക്ക് 64.44 ശതമാനമാണ്. അതേസമയം പതിനാറു സംസ്ഥാനങ്ങളിലെ രോഗമുക്തി നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. രാജ്യത്ത് കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങുന്നത് 2.21 ശതമാനം പേരാണ്. ഇക്കാര്യത്തില്‍ ആഗോള ശരാശരി നാലു ശതമാനവും. രാജ്യത്തെ 24 സംസ്ഥാനങ്ങളിലെ മരണ നിരക്ക് ദേശീയ ശരാശരിയായ 2.21 ശതമാനത്തേക്കാള്‍ കുറവും എട്ടു സംസ്ഥാനങ്ങളില്‍ ഇത് ഒരു ശതമാനത്തില്‍ താഴെയുമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.