Saturday
14 Dec 2019

ഈ സാന്തകള്‍ സമ്മാനം തരില്ല, പകരം കവരും

By: Web Desk | Monday 7 January 2019 10:47 AM IST


ഗുഡ്ഗാവ്: തണുത്തുറഞ്ഞ പ്രഭാതത്തിന്റെയും കടുത്ത മഞ്ഞിന്‍റെയും മറവില്‍ പത്ത് സാന്തകള്‍ എത്തി. ക്രിസ്മസ് – പുതുവര്‍ഷ സമ്മാനം നല്‍കാനായിരുന്നില്ല അവരുടെ വരവ്. പകരം ഗുഡ്ഗാവിലെ കുറച്ച് കടകളിലെ കവര്‍ച്ചയായിരുന്നു സാന്തകളുടെ ലക്ഷ്യം.

കഴിഞ്ഞ ദിവസം ഹരിയാനയിലെ ഗുഡ്ഗാവില്‍ സാന്തയുടെ വേഷത്തിലെത്തിയ പത്തുപേര്‍ ചേര്‍ന്ന് കവര്‍ച്ച നടത്തിയത് 14 കടകളാണ്. ലക്ഷകണക്കിന് രൂപയും വിലപിടിപ്പുള്ള നിരവധി വസ്തുകളും ഇവിടെ നിന്ന് നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്. സാന്തയുടെ മുഖം മൂടി ധരിച്ചിരുന്നതിനാല്‍ സിസിടിവി ക്യാമറകളില്‍ നിന്ന് രക്ഷനേടാനും ഇവര്‍ക്കായി. ഇവര്‍ മോഷണം നടത്തിയ 14 കടകളില്‍ പത്തെണ്ണവും പൊലീസ് സ്‌റ്റേഷന് സമീപമുള്ളവയാണ്.

യുകോ ബാങ്കിന്റെ ഭിത്തി തകര്‍ത്ത് മോഷണം നടത്താനുള്ള ശ്രമങ്ങളും ഇവര്‍ നടത്തിയതായി പൊലീസ് പറയുന്നു. രാവിലെ കടതുറക്കാനായി എത്തിയവരാണ് മോഷണം നടന്ന വിവരം പൊലീസിനെ അറിയിച്ചത്. പണവും മറ്റ് വസ്തുക്കളുമായി ഏകദേശം 50 ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷ്ടാക്കള്‍ കൊണ്ട് പോയി എന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സാന്തയുടെ മുഖംമൂടി ധരിച്ചതിനാല്‍ സിസിടിവി ദൃശ്യങ്ങളിലും പ്രതികളുടെ രൂപം വ്യക്തമല്ലായെന്ന് പൊലീസ് പറയുന്നു.

Related News