Web Desk

ന്യൂഡൽഹി:

June 17, 2020, 6:32 pm

ചർച്ചകളിലൂടെ സംഘർഷത്തിന് പരിഹാരം കണ്ടെത്തണം: സിപിഐ

Janayugom Online

ഇന്ത്യൻ അതിർത്തി സംരക്ഷിക്കുന്നതിന് ജൂൺ 15 ന് രാത്രി ജീവാർപ്പണം ചെയ്ത ഉദ്യോഗസ്ഥരുടെയും ജവാന്മാരുടെയും കുടുംബാംഗങ്ങളെ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അനുശോചനം അറിയിച്ചു. അവരുടെ ജീവത്യാഗം രാജ്യം എക്കാലവും ഓർക്കപ്പെടുമെന്നും സമാധാനപരമായ വഴികളിലൂടെ സംഘർഷത്തിന് ശമനമുണ്ടാക്കുകയെന്നതാണ് ഈ രക്തസാക്ഷിത്വത്തെ ആദരിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗമെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. യഥാർത്ഥ നിയന്ത്രണ രേഖയിൽ വേദനാജനകമായ നിരവധി സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷം അനുചിതമായിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന് പരസ്പര സ്വീകാര്യമായ പരിഹാരമാണ് സാഹചര്യം ആവശ്യപ്പെടുന്നത്. ഉചിതമായ തലങ്ങളിലുള്ള സംഭാഷണത്തിലൂടെ ഇപ്പോഴത്തെ സംഘർഷത്തെ അതിജീവിക്കുന്നതിനുള്ള ശ്രമങ്ങൾ ഉണ്ടാവണം. ഇത്രയും കാലമായി ഇരുരാജ്യങ്ങളും ആദരിക്കുന്ന യഥാർത്ഥ നിയന്ത്രണ രേഖയിൽ നിലവിലുണ്ടായിരുന്ന സ്ഥിതി തുടരണം. പ്രശ്നം എത്രയും വേഗം പരിഹരിക്കുന്നതിനുള്ള മാർഗ്ഗം കണ്ടെത്തുന്നതിന് ഇരുരാജ്യങ്ങളുടെയും നേതൃത്വം മുൻകയ്യെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സെക്രട്ടേറിയറ്റ് പ്രമേയത്തിൽ അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി വിളിച്ചുചേർത്ത രാഷ്ട്രീയപാർട്ടികളുടെ യോഗത്തിൽ യഥാർത്ഥ സ്ഥിതിഗതികൾ വിശദീകരിക്കുകയും രാജ്യത്തിന്റെ പരമാധികാരവും അതിർത്തിയും കാത്തുസൂക്ഷിക്കുന്നതിന് ജനങ്ങളുടെ ഐക്യം ഊട്ടിയുറപ്പിക്കുന്നതിന് ശ്രമങ്ങൾ നടത്തണമെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളെയും ജനങ്ങളെയും വിശ്വാസത്തിലെടുക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

ENGLISH SUMMARY: Ten­sions must be resolved through talks: CPI

YOU MAY ALSO LIKE THIS VIDEO