Web Desk

തിരുവനന്തപുരം

January 06, 2021, 9:27 pm

സ്വാശ്രയ കോളജ് ജീവനക്കാരുടെ നിയമന സേവന വ്യവസ്ഥകൾ; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

Janayugom Online

സ്വാശ്രയ കോളജ് ജീവനക്കാരുടെ നിയമന സേവന വ്യവസ്ഥകൾ നിർണയിക്കുന്നതിന് നിയമം കൊണ്ടുവരുന്നതിനായുള്ള സുപ്രധാന ബില്ലിന്റെ കരടിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. ഇത്തരമൊരു നിയമം വേണമെന്നത് സ്വാശ്രയ കോളജുകളിൽ ജോലി ചെയ്യുന്നവർ ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യത്തിനാണ് ഇതിലൂടെ പരിഹാരമാകുന്നത്. കേരളത്തിലെ വിവിധ സർവകലാശാലകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വാശ്രയ കോളജുകളിലെ അധ്യാപക — അനധ്യാപക ജീവനക്കാരുടെ നിയമന രീതിയും സേവന വ്യവസ്ഥകളും നിശ്ചയിക്കുന്ന ബില്ലിന്റെ കരടാണിത്. ബില്ല് നിയമമായാൽ സ്വാശ്രയ കോളജുകളിലേക്ക് നിയമിക്കപ്പെടുന്നവർ, കോളജ് നടത്തുന്ന ഏജൻസിയുമായി കരാർ ഉണ്ടാക്കേണ്ടിവരും. 

ശമ്പള സ്കെയിൽ, ഇൻക്രിമെന്റ്, ഗ്രേഡ്, പ്രോമോഷൻ തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങൾ കരാറിൽ ഉണ്ടാകണം. തൊഴിൽ ദിനങ്ങളും ജോലി സമയവും ജോലിഭാരവും സർക്കാർഎയ്ഡഡ് കോളജുകൾക്ക് തുല്യമായിരിക്കും. പ്രൊവിഡന്റ് ഫണ്ട് ബാധകമായിരിക്കും. ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തണം. നിയമനപ്രായവും വിരമിക്കൽ പ്രായവും സർവകലാശാലയോ യുജിസിയോ നിശ്ചയിക്കുന്ന പ്രകാരമായിരിക്കും. സ്വാശ്രയ കോളജുകുളിലെ വിദ്യാർത്ഥികൾക്കും അധ്യാപക-അനധ്യാപക ജീവനക്കാർക്കും വിദ്യാഭ്യാസ ഏജൻസിയുടെ നടപടിക്കെതിരെ സർവകലാശാലയിൽ അപ്പീൽ ഫയൽ ചെയ്യാൻ അധികാരമുണ്ടാകും. സർവകലാശാല സിൻഡിക്കേറ്റ് പരാതി തീർപ്പാക്കണം. 

സ്വാശ്രയ കോളജുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാരുടെ വിശദാംശം ബന്ധപ്പെട്ട സർവകലാശാലയിൽ വിദ്യാഭ്യാസ ഏജൻസി രജിസ്റ്റർ ചെയ്യണം. നിയമം പ്രാബല്യത്തിൽ വന്ന് മൂന്ന് മാസത്തിനകം ഇതു പൂർത്തിയാക്കണം. രജിസ്ട്രേഷൻ വ്യവസ്ഥകൾ സർവകലാശാല തീരുമാനിക്കും. നിയമം പ്രാബല്യത്തിൽ വന്ന് ആറു മാസത്തിനകം കോളജുകളിൽ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ, പിടിഎ, വിദ്യാർത്ഥി പരാതി പരിഹാര സെൽ, കോളജ് കൗൺസിൽ, സ്ത്രീകൾക്കെതിരായ ലൈംഗിക പീഡന പരാതി പരിശോധിക്കാനുള്ള സമിതി എന്നിവ രൂപീകരിക്കണമെന്നും ബില്ലിൽ വ്യവസ്ഥചെയ്തിട്ടുണ്ട്. മെച്ചപ്പെട്ട നഗരാസൂത്രണ നയം രൂപീകരിക്കുന്നതിനും പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കുന്ന കെട്ടിടനിർമ്മാണം നടത്തുന്നതിനും ആവശ്യമായ വ്യവസ്ഥകൾ ഉൾക്കൊള്ളിച്ച് 2016ലെ കേരള നഗരഗ്രാമാസൂത്രണ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്ലിന്റെ കരടിനും മന്ത്രിസഭ അംഗീകാരം നൽകി.

ENGLISH SUMMARY:Terms of ser­vice for recruit­ment of self-financ­ing col­lege employees
You may also like this video