Janayugom Online
terrorist- Janayugom

ഭീകരവാദ സംഘടനകളെ നിരോധിക്കണം: സിപിഐ

Web Desk

ന്യൂഡല്‍ഹി

Posted on August 11, 2018, 10:52 pm

ഇന്ത്യയൊട്ടാകെ പ്രത്യേകിച്ച് മഹാരാഷ്ട്രയില്‍ വര്‍ധിച്ചുവരുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ സിപിഐ ദേശീയ സെക്രട്ടേറിയറ്റ് ഉല്‍ക്കണ്ഠ രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ മൂന്ന് ഭീകരവാദികളെ സ്‌ഫോടനം ആസൂത്രണം ചെയ്യുന്നതിനിടെ അറസ്റ്റ് ചെയ്യുകയും ബോംബുകള്‍ കണ്ടെത്തുകയും ചെയ്തു. സ്വാതന്ത്ര്യദിനാഘോഷത്തിനും ബക്രീദിനും തൊട്ടുമുമ്പാണ് സനാതന്‍ സന്‍സ്തയിലെയും ഹിന്ദു ജാഗരണ്‍ സമിതിയിലെയും പ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെട്ടത്.

ബക്രീദ് ആഘോഷത്തിന് മുമ്പായി മുംബൈ, പൂനൈ, സോളാപൂര്‍, സതാര ജില്ലകളില്‍ വ്യാപകമായ വര്‍ഗീയ ലഹളകള്‍ക്ക് ഇക്കൂട്ടര്‍ പദ്ധതിയിട്ടതായി പൊലീസ് വെളിപ്പെടുത്തുന്നു. ഗൗരി ലങ്കേഷ്, ഗോവിന്ദ് പന്‍സാര തുടങ്ങിയവരെ കൊലപ്പെടുത്തിയ സംഘവുമായി ബന്ധമുള്ളവരാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടത്. നാല് പ്രമുഖവ്യക്തികളെ കൊലപ്പെടുത്തിയ കേസുകളില്‍ ഇതുവരെ തീരുമാനമായിട്ടില്ല. കേസുകളുടെ നടത്തിപ്പിലുള്ള അമാന്തത്തില്‍ ബോംബൈ ഹൈക്കോടതി ഉല്‍ക്കണ്ഠ രേഖപ്പെടുത്തുകയും ചെയ്തു. രാജ്യത്തെ പുരോഗമന മതനിരപേക്ഷ ജനാധിപത്യ ചിന്താഗതിക്കാരായ പ്രമുഖ വ്യക്തിത്വങ്ങളെ കൊലപ്പെടുത്താന്‍ തുനിഞ്ഞിറങ്ങിയ രണ്ട് ഭീകരവാദ സംഘടനകളെയും കേന്ദ്രസര്‍ക്കാരും മഹാരാഷ്ട്ര ഗവണ്‍മെന്റും നിരോധിക്കണമെന്ന് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

രാജ്യതാല്‍പ്പര്യവും സുരക്ഷിതത്വവും ഐക്യവും നിലനിര്‍ത്താന്‍ മതത്തെ അടിസ്ഥാനമാക്കി വളര്‍ന്നുവരുന്ന സംഘടനകള്‍ക്കെതിരെ കേന്ദ്രഗവണ്‍മെന്റ് നടപടി എടുക്കേണ്ടത് അടിയന്തര ആവശ്യമാണെന്ന് സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി. കണ്‍വാരിയാസ് പോലുള്ള മതപരമായ യാത്രകള്‍ നിരപരാധികളായ ജനങ്ങളില്‍ ഭീകരചിന്ത വളര്‍ത്താന്‍ മാത്രമേ ഉപകരിക്കൂ.
ലക്ഷക്കണക്കിനുപേര്‍ പങ്കെടുക്കുന്ന ഇത്തരം യാത്രകളില്‍ മാരകായുധങ്ങള്‍ കൈവശം വയ്ക്കുന്നത് ഗൗരവമായി കാണണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.