ഇന്ത്യയില്‍ വീണ്ടുമൊരു ആക്രമണത്തിന് തീവ്രവാദികള്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്

Web Desk
Posted on February 21, 2019, 6:58 pm

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണ മാതൃകയില്‍ ജമ്മു കശ്മീരില്‍ വീണ്ടും ജെയിഷെ മുഹമ്മദ് തീവ്രവാദികള്‍ ഭീകരാക്രമണത്തിന് പദ്ധതിയൊരുക്കുന്നതായി റിപ്പോര്‍ട്ട്. വരുന്ന രണ്ട് ദിവസത്തിനുള്ളില്‍ സൈന്യത്തിന് നേരെ വീണ്ടും ആക്രമണം നടത്താനാണ് പദ്ധതിയൊരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തന്‍സീം എന്ന തീവ്രവവാദ സംഘടനയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജമ്മുവിലെ ചൗകിബാല്‍, തങ്ദാര്‍ എന്നിവിടങ്ങളില്‍ പച്ച നിറത്തിലുള്ള സ്‌കോര്‍പ്പിയോയില്‍ ഐഇഡി ആക്രമണം നടത്താന്‍ തന്‍സീം വിഭാഗത്തില്‍പ്പെട്ടവര്‍ പദ്ധതി തയാറാക്കുന്നതായും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പുല്‍വാമയില്‍ നാല്‍പ്പത് ജവാന്മാര്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച് ഒരാഴ്ച കഴിയുന്ന സാഹചര്യത്തിലാണ് വീണ്ടും ആക്രമണത്തിന് പദ്ധതിയൊരുക്കുന്നതായി മുന്നറിയിപ്പ് വന്നിരിക്കുന്നത്.