മടിയനായ മുര്‍ഷിദ് ഹസനെക്കുറിച്ച് ‌സംശയങ്ങളില്ലായിരുന്നുവെന്ന് സഹവാസി

Web Desk

കൊച്ചി

Posted on September 19, 2020, 12:30 pm

കൊച്ചിയില്‍ നിന്ന് എന്‍ഐഎ പിടികൂടിയ അല്‍ഖ്വയ്ദ പ്രവര്‍ത്തകന്‍ മുര്‍ഷിദ് ഹസന്‍ ലോക്ക്ഡൗണ്‍ സമയത്താണ് പാതാളത്ത് എത്തിയതെന്ന് മുര്‍ഷിദിന്റെ കൂടെ താമസിച്ചിരുന്നയാള്‍ പറഞ്ഞു. ആഴ്ചയില്‍ രണ്ടു ദിവസം മാത്രമാണ് ജോലിക്ക് പോയിരുന്നത്. വീട്ടിലേക്ക് പണം അയയ്ക്കേണ്ട ആവശ്യമില്ലെന്നതായിരുന്നു ‌മറ്റ് ദിവസങ്ങളില്‍ ജോലിക്ക് പോകാത്തതിന് പറഞ്ഞ ന്യായീകരണo.

ലോക്ക്ഡൗണായതോടെ ജോലി ഇല്ലെന്നും ഹോട്ടലില്‍ നിന്ന് ആഹാരം കഴിക്കാന്‍ നിവൃത്തിയില്ലെന്നും പറഞ്ഞാണ് മുര്‍ഷിദ് പാതാളത്ത് എത്തിയത്. അങ്ങനെയാണ് അയാളെ ഒപ്പം കൂട്ടിയത്. മുര്‍ഷിദ് വീട്ടുകാരുമായൊന്നും ബന്ധപ്പെടുന്നതായി തോന്നിയിട്ടില്ല. അതുകൊണ്ടു തന്നെ വീട്ടിലേക്ക് പണമയയ്ക്കേണ്ട ആവശ്യമില്ലാത്തതിനാലാണ് സ്ഥിരമായി ജോലിക്ക് പോകാത്തതെന്ന് പറഞ്ഞപ്പോള്‍ വിശ്വസിച്ചു. മുര്‍ഷിദിനെക്കുറിച്ച്‌ കൂടുതലൊന്നും അറിയില്ല. താമസിക്കുന്ന വീടിനു പുറത്ത് ആരുമായെങ്കിലും അടുപ്പമുള്ളതായും അറിയില്ല.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പൊലീസുകാര്‍ അന്വേഷണത്തിനായി വീട്ടിലെത്തിയത്. വീട്ടിലുണ്ടായിരുന്ന എല്ലാവരുടെയും ആധാര്‍ കാര്‍ഡുകളും മറ്റും പൊലീസ് വാങ്ങിക്കൊണ്ടുപോയി. ഫോണുകളും കൊണ്ടുപോയി. രാവിലെ ഓഫീസിലെത്തി അവ തിരികെ വാങ്ങണമെന്ന് അറിയിച്ചിരുന്നതായും മുര്‍ഷിദിന്റെ സഹവാസി പറഞ്ഞു.

രാജ്യവ്യാപകമായി നടത്തിയ റെയ്ഡിന്റെ  ഭാഗമായാണ് എറണാകുളത്ത് നിന്ന് മൂന്ന് പേരെ എന്‍ഐഎ പിടികൂടിയത്. ആറ് പേരെ ബംഗാളിലെ മൂര്‍ഷിദാബാദില്‍ നിന്നും പിടികൂടി. രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്ന ഒരു തീവ്രവാദഗ്രൂപ്പിനെക്കുറിച്ച്‌ നേരത്തെ വിവരം കിട്ടിയിരുന്നുവെന്നും ഇതേക്കുറിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഇവരെല്ലാം പിടിയിലായതെന്നും എന്‍ഐഎ പറയുന്നു. പശ്ചിമബംഗാളും കേരളവും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഈ സംഘം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആക്രമണം നടത്തി ആളുകളെ കൊല്ലാനാണ് പദ്ധതിയിട്ടത്.

ഈ മാസം പതിനൊന്നിനാണ് ഇത്തരമൊരു സംഘത്തെക്കുറിച്ച്‌ എന്‍ഐഎയ്ക്ക് വിവരം ലഭിച്ചത്. ഡിജിറ്റല്‍ ഡിവൈസുകളും, ആയുധങ്ങളും, ദേശവിരുദ്ധ ലേഖനങ്ങളും മറ്റു നിരവധി വസ്തുകളും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും എന്‍ഐ വ്യക്തമാക്കുന്നു. ദില്ലിയടക്കം രാജ്യത്തെ തന്ത്രപ്രധാനമേഖലകള്‍ ഇവര്‍ ലക്ഷ്യമിട്ടിരുന്നുവെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ മേഖലയില്‍ 180-ഓളം അല്‍ ഖ്വയ്ദ അംഗങ്ങളുള്ളതായി നേരത്തെ ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കിയിരുന്നു

Eng­lish sum­ma­ry: Ter­ror­ist arrest  from Ernaku­lam fol­lowup sto­ry  mur­shid

You may also like this video: