27 March 2024, Wednesday

Related news

December 21, 2023
December 21, 2023
December 13, 2023
October 31, 2023
April 21, 2023
January 2, 2023
October 18, 2022
September 24, 2022
August 21, 2022
December 13, 2021

കശ്മീരില്‍ ഭീകരാക്രമണം: പൊലീസുകാര്‍ കൊല്ലപ്പെട്ടു: 14 പേര്‍ക്ക് പരിക്ക്

Janayugom Webdesk
ശ്രീനഗർ
December 13, 2021 7:31 pm

ശ്രീനഗറിനടുത്ത സെവാനിലെ പൊലീസ് ക്യാമ്പിന് സമീപം പൊലീസ് ബസിന് നേരെ തീവ്രവാദി ആക്രമണം. രണ്ട് പൊലീസുകാര്‍ വീരമൃത്യു വരിച്ചു. ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ആക്രമണമുണ്ടായ മേഖല പൂർണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഭീകരർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
ശ്രീനഗറിലെ രംഗ്രേത് മേഖലയിൽ തിങ്കളാഴ്ച രാവിലെ സൈന്യം രണ്ട് ഭീകരരെ വധിച്ചിരുന്നു. ഭീകരരുടെ സാന്നിധ്യത്തെ കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തിരച്ചിൽ നടത്തിയത്. സൈന്യത്തിന്റെ പിടിയിലായെന്ന് ഉറപ്പായതോടെ ഭീകരർ വെടിയുതിർത്തു. തുടർന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ട് ഭീകരരെ വധിക്കാനായത്. കഴിഞ്ഞ ദിവസം പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിൽ സമീർ അഹമ്മദ് എന്ന ഭീകരനെയും സൈന്യം വധിച്ചിരുന്നു.
തിങ്കളാഴ്ച വൈകിട്ട് ബസിനുള്ളിൽ കയറിപ്പറ്റിയ രണ്ടു ഭീകരർ പൊലീസിനു നേരെ വെടിയുതിർക്കുകയായിരുന്നു. വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണത്തിലും രണ്ട് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. വടക്കൻ കശ്മീരിലെ ബന്ദിപോര ജില്ലയിൽ ഭീകരർ പൊലീസിനു നേരെ വെടിയുതിർക്കുകയായിരുന്നു. ജമ്മു കശ്മീർ സായുധ പൊലീസിന്റെ ഒമ്പതാം ബറ്റാലിയനിലെ ഉദ്യോഗസ്ഥരാണ് ഇന്നലെ അക്രമത്തിനിരയായ ബസിലുണ്ടായിരുന്നതെന്ന് കശ്മീർ ഐജിപി ദിൽബാഗ് സിങ് അറിയിച്ചു.
ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുളള, പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി എന്നിവര്‍ ഭീകരാക്രമണത്തെ അപലപിച്ചു. ശ്രീനഗറിനടുത്ത് പൊലീസ് ബസിന് നേര്‍ക്കുണ്ടായ ഭീകരാക്രമണം ഞെട്ടിക്കുന്ന വാര്‍ത്തയാണെന്ന് ഒമര്‍ അബ്ദുളള ട്വീറ്റ് ചെയ്തു. ആക്രമണത്തെ അപലപിക്കുന്നതായും ഒമര്‍ അബ്ദുള്ള ട്വിറ്ററില്‍ കുറിച്ചു. പൊലീസുകാര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവം ദു:ഖകരമാണെന്ന് മെഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തു. കശ്മീരില്‍ സാധാരണ നില പുന:സ്ഥാപിക്കപ്പെട്ടു എന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടത് തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും എന്നിട്ടും തിരുത്തല്‍ നടപടികളൊന്നും ഇല്ലെന്നും മെഹ്ബൂബ മുഫ്തി കുറ്റപ്പെടുത്തി.
കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം 366 ഭീകരർ കൊല്ലപ്പെട്ടതായും 96 സാധാരണക്കാര്‍ക്കും 81 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടതായും ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ആഴ്ച രാജ്യസഭയെ അറിയിച്ചിരുന്നു. 

Eng­lish Sum­ma­ry: Ter­ror­ist attack in Jam­mu and Kash­mir: Police­men killed: 14 injured

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.