ഭീകരവാദി പട്ടിക: ഹാഫിസ് സയീദിന്‍റെ അപേക്ഷ യുഎന്‍ തള്ളി

Web Desk
Posted on March 07, 2019, 10:19 pm

ന്യൂഡല്‍ഹി: ഭീകരവാദി പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന ഹാഫിസ് സയീദിന്റെ അപേക്ഷ യുഎന്‍ തള്ളി. ഹാഫിസ് സയീദുമായി അഭിമുഖം നടത്താനുള്ള യുഎന്‍ സംഘത്തിന് പാകിസ്ഥാന്‍ വിസ നിഷേധിച്ചതിന് പിന്നാലെയാണ് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ ഭീകരവാദി പട്ടികയില്‍നിന്ന് ഒഴിവാക്കാനുള്ള അപേക്ഷ തള്ളിയത്.

2008ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നാലെയാണ് ജമാത്ത് ഉദ്ദ്‌വ സ്ഥാപകനും ലഷ്‌കര്‍ ഇ തൊയ്ബ സഹസ്ഥാപകനുമായ ഹാഫിസ് സയീദിനെ യു എന്‍ ആഗോളഭീകരനായി പ്രഖ്യാപിച്ചത്. 166 പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദാണെന്ന് ഇന്ത്യ തെളിവ് സഹിതം ബോധിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു യുഎന്‍ രക്ഷാസമിതിയുടെ നടപടി. എന്നാല്‍ തന്നെയും തന്റെ സംഘടനകളെയും ഭീകരവാദ പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹാഫിസ് സയീദ് യുഎന്‍ രക്ഷാസമിതിക്ക് അപേക്ഷ നല്‍കുകയായിരുന്നു.

അതിനിടെ, ഹാഫിസ് സയീദിന്റെ അപേക്ഷ പരിഗണിച്ച യുഎന്‍ സംഘം അദ്ദേഹവുമായി അഭിമുഖം നടത്താന്‍ ശ്രമം നടത്തിയെങ്കിലും ഫലംകണ്ടില്ല. ഇതിനുപിന്നാലെയാണ് ഹാഫിസ് സയീദിന്റെ അപേക്ഷ യുഎന്‍ തള്ളിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

ഹാഫിസ് സയീദുമായി യുഎന്‍ സംഘം നേരിട്ട് സംസാരിച്ചാല്‍ പലരഹസ്യങ്ങളും വെളിപ്പെടുമെന്ന പാകിസ്ഥാന്റെ ഭയമാണ് വിസ നിഷേധിക്കാന്‍ കാരണമായതെന്നാണ് സൂചന. പാകിസ്ഥാന്‍ ഭീകരസംഘടനകള്‍ക്ക് നല്‍കുന്ന പിന്തുണയും മറ്റു സഹായങ്ങളും യുഎന്‍ സംഘത്തോട് വെളിപ്പെടുത്തിയാല്‍ അത് പാകിസ്ഥാന് തന്നെ തിരിച്ചടിയാകുമെന്ന ഭയമാണ് വിസ നിഷേധിക്കുന്നതിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഭീകരവാദി പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ അപേക്ഷ നല്‍കിയാല്‍ ആ വ്യക്തിയുമായി നേരിട്ട് ആശയവിനിമയം നടത്തിയതിന് ശേഷം മാത്രമേ യുഎന്‍ സംഘം മറ്റുനടപടികളിലേക്ക് കടക്കുകയുള്ളൂ. ഇതിന്റെ ഭാഗമായാണ് അഭിമുഖം നടത്താന്‍ യുഎന്‍ അനുമതി തേടിയത്.