കശ്മീര്‍ അതിര്‍ത്തിയില്‍ മൂന്നു ഭീകരര്‍ പിടിയില്‍; എകെ 47 തോക്കുകള്‍ പിടിച്ചെടുത്തു

Web Desk
Posted on September 12, 2019, 1:35 pm

ലഖന്‍പുര്‍: ജമ്മു കശ്മീര്‍ — പഞ്ചാബ് അതിര്‍ത്തിയില്‍ ആയുധ ശേഖരവുമായി മൂന്നു ഭീകരര്‍ പിടിയിലായി. ജമ്മു കശ്മീര്‍പഞ്ചാബ് അതിര്‍ത്തി ജില്ലയായ കത്വയിലെ ലഖന്‍പൂരിലാണു ഭീകരര്‍ വ്യാഴാഴ്ച പിടിയിലായത്.

ട്രക്കില്‍നിന്ന് ആറ് എകെ 47 തോക്കുകളും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടികൂടിയെന്നു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ട്രക്കിലുണ്ടായിരുന്ന മൂന്നുപേരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. പഞ്ചാബിലെ ബമ്യാലില്‍നിന്ന് കശ്മീരിലേക്കാണു ട്രക്ക് പോയിരുന്നത്.

ഭീകരര്‍ക്കു കൈമാറാനാണ് ആയുധങ്ങളുമായി പോയതെന്നാണു പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ജമ്മുപത്താന്‍കോട്ട് ദേശീയ പാതയിലൂടെ ആയുധങ്ങള്‍ കടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിനിടെയാണ് ട്രക്ക് പിടികൂടിയതെന്നു പൊലീസ് അറിയിച്ചു. അറസ്റ്റിലായവര്‍ മൂന്നുപേരും കശ്മീര്‍ സ്വദേശികളാണ്. അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് പറഞ്ഞു.