Janayugom Online
terrorists

കശ്മീരില്‍ രണ്ടു ഭീകരര്‍ പിടിയില്‍

Web Desk
Posted on June 11, 2018, 10:17 pm

ജമ്മു: അതിര്‍ത്തി ജില്ലയായ രജൗരിയില്‍ നിന്നു രണ്ടു ഭീകരരെ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പൊലീസ് സേന ക്യാമ്പില്‍ നിന്നു ആയുധങ്ങള്‍ മോഷണം പോയിരുന്നു. ഈ സാഹചര്യത്തില്‍ പൊലീസും മറ്റു സേനാ അഗംങ്ങളും ചേര്‍ന്നു നടത്തിയ സംയുക്ത വാഹന പരിശോധനയ്ക്കിടയിലാണ് ഇവര്‍ പിടിയിലായത്. ഷോപിയാന്‍ ജില്ലക്കാരായ മുക്താര്‍ അഹമ്മതും ഐജാസ് അഹമ്മത് പാരൈയുമാണ് പിടിയിലായവര്‍. ഭീകര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഷോപിയാന്‍ ജില്ലയിലെ സയിനപുര പോലീസ് സ്റ്റേഷനിലും ഇവര്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്.
രജൗരി-ഡികെജി റോഡില്‍ പരിശോധന നടത്തുമ്പോള്‍ ബൈക്കിലെത്തിയ ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതേ തുടര്‍ന്നു ഇരുവരെയും പിന്തുടര്‍ന്ന സേനാ ഉദ്യോഗസ്ഥര്‍ക്കു നേരെ ഇവര്‍ നിറയൊഴിക്കുകയായിരുന്നു. ഏറ്റുമുട്ടലിനൊടുവില്‍ സേന ഇവരെ കീഴ്‌പ്പെടുത്തുകവായിരുന്നു.
പൊലീസ് പിടിയിലായ ഭീകരരില്‍ നിന്നു ഇന്‍സാസ് റൈഫിളും വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പോലീസ് സേന ക്യാമ്പില്‍ നിന്നു ആയുധങ്ങള്‍ മോഷ്ടിച്ചതു തങ്ങള്‍ തന്നെയാണെന്ന് ഇവര്‍ സമ്മതിച്ചതായി പോലീസ് പറയുന്നു. ഇവര്‍ക്കു ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദിനുമായും ലഷ്‌കര്‍ ഈ തയ്ബ ഭീകരന്‍ സീനത് ഉള്‍ ഇസ്ലാമുമായും ബന്ധമുണ്ടെന്നും പോലീസ് പറയുന്നു.