തായ്‌ലാന്‍ഡ്: സൈനിക അട്ടിമറിയുടെ നാലാം വാര്‍ഷികം ആചരിക്കുന്നു

Web Desk
Posted on May 22, 2018, 9:19 am
പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥിനിയെ പൊലീസ് അറസ്റ്റുചെയ്ത് കൊണ്ടുപോകുന്നു

ബാങ്കോക്ക്: തായ്‌ലാന്‍ഡിലെ സൈനിക ഭരണകൂടത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നതിനിടെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട ഫ്യൂതായ് പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഭരണകൂടം നടപടികള്‍ ശക്തമാക്കി. മുന്‍ ധനമന്ത്രി, മുന്‍ വിദ്യാഭ്യാസ മന്ത്രി എന്നിവരുള്‍പ്പെടെ എട്ട് ഫ്യൂതായ് നേതാക്കളുടെ മേല്‍ കുറ്റമാരോപിച്ച് ഗവണ്‍മെന്റ് ആസ്ഥാനത്തേക്ക് സൈനിക ഭരണകൂടം വിളിച്ചുവരുത്തി. ഫ്യൂതായ് പാര്‍ട്ടി ആസ്ഥാനത്ത് പത്രസമ്മേളനം നടത്തിയ മൂന്നു നേതാക്കള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. മറ്റുള്ളവരുടെ പേരില്‍ നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരിലാണ് നടപടി.
തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ തക്‌സിന്‍ ഷിനവത്ര തുടര്‍ന്ന് അധികാരത്തിലെത്തിയ അദ്ദേഹത്തിന്റെ സഹോദരി യിങഌക് എന്നിവരെ തുടര്‍ച്ചയായ അട്ടിമറിയിലൂടെ പ്രധാനമന്ത്രിപദത്തില്‍ നിന്നും സൈനിക ജനറല്‍മാര്‍ പുറത്താക്കിയിരുന്നു. തായ്‌ലാന്‍ഡിലെ ഗ്രാമീണ മേഖലകളില്‍ വന്‍ജന സ്വാധീനമുള്ള ഇരുവരും രാജ്യത്തിന് പുറത്താണ് ജീവിക്കുന്നത്. ജനാധിപത്യം പുനഃസ്ഥാപിക്കുമെന്ന വാഗ്ദാനം തുടര്‍ച്ചയായി ലംഘിക്കുന്നതില്‍ ജനങ്ങള്‍ രോഷാകുലരാണ്. അതിനു നേതൃത്വം നല്‍കുന്ന ഫ്യുതായ് നേതാക്കള്‍ക്കെതിരെയാണ് ഇപ്പോഴത്തെ സൈനിക നടപടികള്‍.
ഫെബ്രുവരി മാസത്തില്‍ തെരഞ്ഞെടുപ്പ് നടത്താമെന്ന് സൈന്യം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനത്തിനും അഞ്ചിലധികംപേര്‍ കൂടിച്ചേരുന്നതിനുമെതിരെയുളള നിരോധനം പിന്‍വലിച്ചിട്ടില്ല. ജനപങ്കാളിത്തം കൂടാതെ തങ്ങളുടെ ഇച്ഛാനുസൃതം പ്രവര്‍ത്തിക്കുന്ന ഒരു മുന്നണി തട്ടിക്കൂട്ടാനാണ് സൈനിക ഭരണകൂടം ശ്രമിക്കുന്നത്.
മാധ്യമ സമ്മേളനത്തിന്റെ പേരില്‍ ഗവണ്‍മെന്റ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയ നേതാക്കളെ പ്രതിഷേധവുമായി തടിച്ചുകൂടിയ ജനങ്ങള്‍ പ്രോത്സാഹജനകമായ ആരവത്തോടെയാണ് എതിരേറ്റത്. ഇന്ന് നടക്കുന്ന സൈനിക അട്ടിമറി വാര്‍ഷികത്തെ പ്രതിരോധിക്കാനുള്ള തയാറെടുപ്പിലാണ് ഭരണകൂടം.
മാര്‍ച്ചിനെതിരെ നിരോധനാജ്ഞ നിലവിലുണ്ട്. മാര്‍ച്ചിനുള്ള തയാറെടുപ്പുകള്‍ പരാജയപ്പെടുത്താന്‍ സൈനിക ഭരണകൂടം രാജ്യത്തുടനീളം ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.