ഞങ്ങളുടെ കണിയാപുരം ഇതിഹാസ പുരുഷന്മാരെക്കൊണ്ട് ധന്യമാണ്. അവരില്‍ രണ്ടുപേരാണ് പുത്തന്‍തോപ്പുകാരന്‍ തലയന് ആന്റണിയും ചാന്നാങ്കര റോഡിലെ ജാവാ ജമാലും. രണ്ടുപേര്‍ക്കും ഒന്നുണ്ട് നിര്‍ബന്ധം. തങ്ങള്‍ എല്ലാവരുടേയും ശ്രദ്ധാകേന്ദ്രം ആകണം. ആരും മൈന്‍ഡ് ചെയ്യാതെ വന്നാല്‍ ഇരുവരും വടക്കേമുക്കിലെ നാല്‍ക്കവലയിലിറങ്ങി മപ്പടിക്കും. ലങ്കോട്ടികെട്ടി ശരിക്കും ഒരു ഗാട്ടാ ഗുസ്തിപോലെ. പിന്നെ തീപാറുന്ന പോരാട്ടമാണ്. വന്‍ ജനാവലി ആന്റണി-ജമാല്‍ പോരിനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കും. അതോടെ അങ്കം മുറുകും. ഒരു മണിക്കൂറോളം പൊരിഞ്ഞ അടി. ഒടുവില്‍ ചോരവാര്‍ന്ന് ഇരുവരും നിലത്തുവീഴും. എന്നിട്ട് അവര്‍ പരസ്പരം പറയും, ‘ഇതുവേണ്ടായിരുന്നു. ഇവന്മാരെ സുഖിപ്പിക്കാന്‍ ഇതെല്ലാം കാട്ടിയ നാമെന്തു മടയന്മാര്.’ ഒരു മതവിഭാഗം മയക്കുമരുന്നു ജിഹാദു നടത്തി ക്രിസ്ത്യന്‍ യുവാക്കളെ തുലയ്ക്കുന്നുവെന്ന പാലാ ബിഷപ്പിന്റെ ആരോപണവും ഇതിനെതിരെ മറുവിഭാഗം നടത്തുന്ന പ്രത്യാക്രമണവും സൃഷ്ടിച്ച വര്‍ഗീയ ചക്രവാതത്തില്‍ പ്രബുദ്ധ മതേതര കേരളത്തിന്റെ അടിത്തറയും കഴുക്കോലും ആടിയുലയുന്നു.
ബിഷപ്പു പറയുന്നതു കേട്ടാല്‍ തോന്നും ക്രിസ്ത്യാനികള്‍ മാത്രമേ മയക്കുമരുന്നു കഴിക്കൂ എന്ന്! ഏതു മതക്കാര്‍ മയക്കുമരുന്നും ലഹരിവസ്തുക്കളും കഴിക്കുന്നില്ല എന്നാണ് ചോദിക്കേണ്ടത്. ലഹരിയില്‍ മുങ്ങിത്താണ് പാഴ്ജന്മങ്ങളെ സൃഷ്ടിക്കുന്നതിനെതിരേ കൈകോര്‍ക്കേണ്ടവര്‍ തലയന് ആന്റണിയേയും ജാവാ ജമാലിനേയും പോലെ പോരടിച്ചാലോ കിനിയുന്ന ചോരനക്കിക്കുടിക്കാന്‍ വരുന്നത് സംഘിസൃഗാലന്മാരായിരിക്കും. അവര്‍ കയ്യടിക്കും. നഖം ഉരസും. അങ്കം രക്തപങ്കിലമായെങ്കിലല്ലേ ചോര കുടിക്കാനാവൂ. സാംസ്കാരിക കേരളത്തിന് കളങ്കം ചാര്‍ത്തുന്ന ഇതല്ലാതെ എത്രയോ വിഷയങ്ങള്‍ ഈ പള്ളീലച്ചന്മാര്ക്കും മുസലിയാര്മാര്ക്കും ഹിന്ദുവൈദിക മേലധ്യക്ഷന്മാര്ക്കും ചര്‍ച്ച ചെയ്യാനുണ്ട്. എത്രയോ മതഗ്രന്ഥങ്ങളാണ് അവരുടെ മുന്നില്‍ നിവര്‍ന്നു കിടക്കുന്നത്. മതത്തെ ചൂഷണോപാധിയാക്കാനുള്ള തന്ത്രങ്ങളില്‍ അഭിരമിക്കുന്നതുകൊണ്ടാകാം ‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാ‘ണെന്ന് അനശ്വരനായ കാറല്‍മാര്‍ക്സ് പറഞ്ഞത്, ഈ തീക്കളി നമുക്കു നിര്‍ത്താം. ഈ തീനാളങ്ങള്‍ നന്മയുടെ വിളക്കുകളിലേക്കു പകരാം.
നിപ വൈറസ് വീണ്ടും തലപൊക്കിയതിനിടെ ഇക്കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ കാണാനിടയായ ഒരു കാര്‍ട്ടൂണുണ്ട്. രണ്ടു വാവലുകള്‍ മരക്കൊമ്പില്‍ തലകീഴായി കിടക്കുന്നു. ഒരു വവ്വാല് അപരയോട് ചോദിക്കുന്നു, ‘നമ്മള് തലകീഴായി കിടക്കുന്നതുകൊണ്ടാണോ നാം പടര്‍ത്തുന്ന ‘പനി‘യെ നമ്മള് ‘നിപ’ എന്നു വായിച്ചുപോകുന്നത്!’ കാര്യമെന്തായാലും നിപയ്ക്കു കാരണമായ വവ്വാലുകളെ പിടികൂടി അവയുടെ സ്രവപരിശോധന നടത്താനുള്ള ശ്രമം തുടര്‍ന്നു. വനം വകുപ്പും ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും രംഗത്തിറങ്ങുന്നു. ആകെ ഒരു ലോകമഹായുദ്ധത്തിന്റെ പ്രതീതി. വല, തോക്ക്, കോണി, തെറ്റാലി, ഒറ്റാല് തുടങ്ങിയ യുദ്ധസാമഗ്രികളുമായി ഒന്നാം ലോകമഹാ വവ്വാല് യുദ്ധം. രണ്ടു ദിവസമായിട്ടും പതിനായിരക്കണക്കിനു വവ്വാലുകള്‍ കാര്‍മേഘം പോലെ പറക്കുന്ന ചാത്തമംഗലത്തു നിന്നു കിട്ടിയത് കറന്റ് കമ്പിയില്‍ തൂങ്ങി ആത്മഹത്യ ചെയ്ത മൂന്നു വവ്വാലുകളെ. ചന്ദ്രനെ പിടിക്കുന്ന മനുഷ്യന് വവ്വാലിനെ പിടിക്കാനറിയില്ല. വവ്വാലുകള്‍ തലകുത്തി നിന്ന് ചിരിക്കുന്നു!
പാലാ ബിഷപ്പു തിരികൊളുത്തിയ വിവാദം പോരാഞ്ഞ് മഹാകവി കുമാരനാശാന്റെ മരണംപോലും ഒരു കൊലപാതകമാണെന്ന് സംഘികളുടെ ചരിത്രത്തിന്റെ അപനിര്‍മ്മിതി 1924 ജനുവരി 16ന് ആലുവായിലേക്കുള്ള യാത്രയ്ക്കിടെ പല്ലനയാറ്റില്‍ ബോട്ടപകടത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി കൂടിയായ കുമാരനാശാന് അകാലത്തില്‍ പൊലിയുന്നു. 1921 ഓഗസ്റ്റിലായിരുന്നു മാപ്പിള ലഹളയെന്ന മലബാര്‍ കലാപം. ആയിടെയായിരുന്നു കുമാരനാശാന് ‘ദുരവസ്ഥ’ എന്ന കൃതിയിലൂടെ സാമൂഹ്യ വിപ്ലവത്തിനു തിരികൊളുത്തിയത്. ഈ പുസ്തകം പിന്‍വലിക്കണമെന്ന മുസ്ലിം സുന്നി യുവജനസംഘം ആവശ്യപ്പട്ടു എന്നിടംവരെ സംഘികളുടെ ചരിത്രം ചികയല് നീളുന്നു. പുസ്തകം പിന്‍വലിക്കുന്ന കാര്യം പള്ളീല് പോയി പറഞ്ഞാല്‍ മതിയെന്നു കുമാരനാശാന്. അതിനിടെയാണ് ദുഃഖാര്‍ത്തമായ ബോട്ടപകടം. ആശാന് സഞ്ചരിച്ചിരുന്ന റെഡീമര്‍ ബോട്ടിനു സമീപം നൂറുല്‍ റഹ്മാന് എന്ന ബോട്ട് ദുരൂഹമായി പ്രത്യക്ഷപ്പെട്ടുവെന്നാണ് കഥ. ഒരു പെട്ടിക്കുള്ളിലാക്കി താഴിട്ടു പൂട്ടിയ നിലയിലായിരുന്നു കുമാരനാശാന്റെ മൃതദേഹമെന്ന് മറ്റൊരു കഥ. നീന്തല്‍ വിദഗ്ധനും കളരി അഭ്യാസിയുമായ കുമാരനാശാനെ കൊന്നു പെട്ടിയിലടച്ചതാണെന്ന കഥകൂടി കഴിഞ്ഞ ദിവസം പുറത്തുവരുന്നു. താഴ് പൊട്ടിച്ചാണ് മൃതദേഹം പുറത്തെടുത്തത്. ആ പെട്ടി പൂട്ടിയതാരാണെന്ന് ഒരു ചോദ്യംകൂടി. പാലാ ബിഷപ്പു കൊളുത്തിയ എരിതീയില്‍ എണ്ണ ഒഴിക്കാന്‍ വേണ്ടി കുമാരനാശാന്റെ അകാലമരണത്തെ കൊലപാതകമാക്കാന്‍ ആ വേര്‍പാടിന്റെ ഒരു നൂറ്റാണ്ടാകാറായപ്പോള് ഒരു ഹീനശ്രമം. മതസ്പര്‍ധ വളര്‍ത്തുന്ന ഈ വര്ഗിയകോമരങ്ങള്ക്കെതിരെ കേസെടുത്ത് അകത്താക്കാന്‍ ഇവിടെ നിയമമില്ലേ.
തെറിവിളി പഠിക്കണമെങ്കില്‍ അത് കേരളാ പൊലീസില്‍ നിന്നു ശിഷ്യപ്പെടണമെന്നു പറയാറുണ്ട്. പണ്ടത്തെ നിക്കറിട്ട പൊലീസുകാരുടെയും ഇപ്പോഴത്തെ ന്യൂജെന്‍ പൊലീസുകാരുടെയും തെറികളില്‍ അല്ലറചില്ലറ വ്യത്യാസമേയുള്ളു. എങ്കിലും എടാ, എടീ വിളികള്‍ ഇവരുടെ ഹരിശ്രീയാണിപ്പോഴും. തെറി വിളിച്ചില്ലെങ്കില്‍ പിന്നെന്തു ഗമ. നൂറ്റാണ്ടുകളായി തുടരുന്ന ഈ തെറിയഭിഷേകാചാരത്തിനു വിരാമമിടാന്‍ ബഹുമാനപ്പെട്ട ഹെെക്കോടതിക്ക് ഒരു തോന്നല്‍. മര്യാദയ്ക്കു വേണം അഭിസംബോധനയെന്നും എടാ, പോടാ, എടീ, പോടീ വിളികള്‍ പൊലീസ് നിഘണ്ടുവില്‍ നിന്നും നീക്കം ചെയ്യണമെന്നും കല്പിച്ചു. വിധി വന്നിട്ടും അസഭ്യ സംബോധന അവിരാമം തുടര്‍ന്നു. പഠിച്ചതല്ലേ പാടൂ. ജാത്യാലുള്ളത് തൂത്താല്‍ പോകുമോ! സഹികെട്ട് ഡിജിപി അനില്കാന്തു തന്നെ ഒരുത്തുരവിറക്കി. മേലാല്‍ കക്ഷികളെ തെറിവിളിക്കരുത്. പിറ്റേന്നു മുതല്‍ പൊലീസ് എന്തു മാന്യന്മാരായി എന്ന് സമൂഹമാധ്യമങ്ങളിലെ ഒരു പോസ്റ്റ്. മാസ്ക് ധരിക്കാതെ നിരത്തിലിറങ്ങുന്നവരെ ഉപദേശിക്കാനും ബോധവല്‍ക്കരിക്കാനും ഈ വാചകങ്ങള്‍ ഉപയോഗിക്കാമോ എന്ന് ഒരു പൊലീസ് വിദ്വാന് ഡിജിപിയോട് അനുവാദം തേടിയത്രേ! അഭിസംബോധനയുടെ പൂര്‍ണരൂപമിതാ. ‘മാന്യശ്വാനപുത്രാ, (നായിന്റെ മോനേ എന്നു വിളിക്കുന്നതിലാണല്ലോ കോടതിക്കും ഡിജിപിക്കും കലിപ്പ്) താന്‍ എന്തു നാളികേര പടലത്തിനാണെടോ (തേങ്ങാക്കുലയ്ക്ക്) ഈ നഗരവഴിയില് മുഖാവരണമില്ലാതെ സ്വെെരവിഹാരം നടത്തുന്നത്. നിയമം ലംഘിക്കാന്‍ ഈ പൊതുനിരത്ത് തന്റെ പിതാവിന് കന്യാധനം ലഭിച്ചതാണോ? ഇനി ഇതാവര്‍ത്തിച്ചാല്‍ തന്റെ രണ്ടു കപോലങ്ങളിലും (കരണക്കുറ്റി) ഞാനെന്റെ ഹസ്തങ്ങളെ സഞ്ചരിപ്പിച്ച് തന്റെ ദന്തഭ്രംശം വരുത്തുമെന്ന് പ്രത്യേകം ധരിച്ചുകൊള്ളുക. കഴുവില്‍ കയറിയവന്റെ മലിനപുത്രാ (കഴുവേറീടെ നാറിയ മോനേ നിന്റെ പല്ലടിച്ചു തെറിപ്പിച്ചുകളയും എന്നര്‍ത്ഥം!). മലയാള ഭാഷതന്‍ മാദകഭംഗിയില്‍ അതുകൊണ്ടല്ലേ നാം അഭിമാന രോമാഞ്ച കഞ്ചുകമണിയുന്നതും ഭാഷയുടെ മാരകഭംഗി നുകരുന്നതും!
വസ്ത്രമെന്തിന് എംഎല്‍എയ്ക്ക് വിശ്വംഭരയില്‍ വാഴുവാന്‍ എന്ന മട്ടിലുള്ള ഒരു വാര്‍ത്തയിതാ ബിഹാറില്‍ നിന്നുവരുന്നു. ബിജെപിയുടെ സഖ്യകക്ഷിയും ഭരണകക്ഷിയുമായ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവിലെ എംഎല്‍എയായ ഗോപാല്‍ മണ്ഡല് ആണ് കഥാപാത്രം. ഡല്‍ഹിയിലേക്കുള്ള എക്സ്പ്രസ് ട്രെയിനില്‍ സഞ്ചരിച്ച മണ്ഡലിന്റെ വസ്ത്രം അരവരെയുള്ള ഒരു ബനിയന്. കാഴ്ച കണ്ട് പെണ്ണുങ്ങള് അയ്യേ എന്നു പറഞ്ഞ് മുഖംപൊത്തി. ആണുങ്ങള് ‘ഇതെന്തു കഴുപ്പണംകേടാണ് നേതാജി’ എന്ന് ഭവ്യതയോടെ ചോദിച്ചു. അസഭ്യം കാട്ടുക മാത്രമല്ല പറയുകയും ചെയ്യുമെന്ന് എംഎല്‍എയുടെ ഭീഷണി. വേണ്ടിവന്നാല്‍ എല്ലാത്തിനേയും വെടിവച്ചു കൊന്നുകളയുമെന്നും. എംഎല്‍എ ആണെന്നറിയാതെയാണ് പറഞ്ഞുപോയതെന്ന് ബിഹാറി യാത്രികര്‍. എന്തായാലും നേതാവിന്റെ വേഷവും നടപ്പുമെല്ലാമുള്ള ചിത്രങ്ങള്‍ പുറത്തായതോടെ താന്‍ പ്രമേഹ രോഗിയാണെന്നും ഇടയ്ക്കിടെ കക്കൂസില്‍ പോകാനാണ് എല്ലാം ഫ്രീയായി ഇട്ടിരിക്കുന്നതെന്നും വിശദീകരണം. ഇതു കേരളത്തിലായിരുന്നെങ്കിലോ. യാത്രക്കാരെ എംഎല്‍എ സഹയാത്രികരുടെ കൈച്ചൂടറിയുമായിരുന്നു. ഇതാണ് കേരളം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.