അറിവുകളുടെയും ആഘോഷത്തിന്റെയും വേദിയായി ബാലവേദി ക്യാമ്പ്

Web Desk
Posted on April 05, 2018, 10:34 pm

തളിപ്പറമ്പ്: അറിവുകളുടെയും ആഘോഷത്തിന്റെയും വേദിയായ ബാലവേദി ക്യാമ്പ് ഇന്ന് സമാപിക്കും. കളിയിലൂടെയും ചിരിയിലൂടെയും പുത്തന്‍ അറിവുകള്‍ നേടിയ കുട്ടികളുടെ മുഖത്ത് വേനലവധിക്കാലത്തിന്റെ തുടക്കം തന്നെ അപൂര്‍വ്വ നിമിഷങ്ങള്‍ ലഭിച്ചതിന്റെ സന്തോഷം മാത്രം.അറിവിനെ ആഘോഷമാക്കി മാറ്റുവാന്‍ ക്യാമ്പിലൂടെ കുട്ടികള്‍ക്ക് സാധിച്ചു. മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച ക്യാമ്പ് ചെറുകഥാകൃത്ത് കെ ടി ബാബുരാജാണ് ഉദ്ഘാടനം ചെയ്തത്.

സഹജീവികള്‍ക്ക് വേണ്ടി അല്പസമയം മാറ്റി വെക്കുന്നവര്‍ക്കും മണ്ണിനെയും പച്ചപ്പിനെയും കൃഷിക്കാരനെയും സ്‌നേഹിക്കുവാന്‍ മനസ്സുള്ളവര്‍ക്കുമാണ് ഒരു നല്ല കലാകാരന്‍ ആകുവാന്‍ സാധിക്കുകയെന്ന് ചെറുകഥാകൃത്ത് കെ ടി ബാബുരാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു. പുതിയ തലമുറക്ക് അവരുടെ സര്‍ഗാത്മകത വളര്‍ത്തിയെടുക്കുവാനുള്ള ഏറ്റവും നല്ല അവസരമാണ് ബാലവേദികളിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിന് ശേഷം കളിയിലൂംെ വിജ്ഞാനം പകരുന്ന വിനോദ പരിപാടികളിലും മുഴുവന്‍ കുട്ടികളും പങ്കെടുത്ത് ക്യാമ്പിനെ സജീവമാക്കി. ക്യാമ്പിലെ ഓരോ നിമിഷവും കുട്ടികളെ പുത്തന്‍ അറിവുകളിലേക്ക് നയിച്ചു.
ബാലചന്ദ്രന്‍ കൊട്ടോടി ക്ലാസെടുത്തു. തുടര്‍ന്ന് ക്വിസ് മത്സരവും കലാപരിപാടികളും അരങ്ങേറി. ഒ കെ ജയകൃഷ്ണന്‍, എം ലളിത എന്നിവര്‍ നേതൃത്വം നല്‍കി. യദുകൃഷ്ണന്‍, മനീഷ എന്നിവരാണ് ക്യാമ്പ് ലീഡര്‍മാര്‍.