ഇത് വെറുമൊരു തമാശ അല്ല

Web Desk
Posted on June 23, 2019, 8:24 am

അശ്വതി

നറുപുഞ്ചിരിയും പൊട്ടിച്ചിരിയും തേങ്ങലും തലോടലും കണ്ണീരും നിലവിളിയുമടക്കം എല്ലാ പൊള്ളലും നീറ്റലും ഒഴിഞ്ഞ് ജീവിതം ഒഴുകിത്തീരുമ്പോള്‍ ഒന്ന് പതിയെ തിരിഞ്ഞുനോക്കിയാല്‍ അതൊരു തമാശയല്ലെങ്കില്‍ പിന്നെന്ത്? ഈ യാഥാര്‍ത്ഥ്യം ശരിക്കും ഉള്‍ക്കൊണ്ടതുകൊണ്ടാണ് അഷ്‌റഫ് ഹംസയും അദ്ദേഹത്തിന്റെ ചിത്രവും ഇന്ന് ചലച്ചിത്ര സ്‌നേഹികള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാകുന്നത്.

ആത്മവിശ്വാസമാണ് എല്ലാം

ജീവിതത്തെക്കുറിച്ച് പറയാനുണ്ടെന്ന് തോന്നിപ്പിക്കാതെ പറയുന്ന തത്വ(പ്രായോഗിക) ചിന്തകള്‍ നിരവധിയുണ്ട് തമാശയില്‍. കോളേജ് അധ്യാപകനായ 31 കാരന്‍ ശ്രീനിവാസനെ കേന്ദ്രീകരിച്ചാണ് ചിത്രം വികസിക്കുന്നത്. അതിമനോഹരമായ തുടക്കം. ലക്ചര്‍ ക്ലാസിനിടയ്ക്ക് അദ്ധ്യാപകന്റെ ചിത്രം വരയ്ക്കുന്ന വിദ്യാര്‍ത്ഥിയുടെ പേനത്തുമ്പിനകമ്പടിയായാണ് ടൈറ്റിലുകള്‍ തെളിയുന്നത്. ആ രേഖാ ചിത്രം പ്രേക്ഷകനോട് ചിത്രത്തെ കുറിച്ച് ആഴത്തില്‍ പലതും സംവദിക്കുന്നുമുണ്ട്. ശ്രീനിവാസന്‍ എന്ന കേന്ദ്ര കഥാപാത്രത്തിന്റെ വ്യക്തിത്വം ആ വരകള്‍ക്കിടയില്‍ പൂര്‍ണ്ണമായും തെളിയുന്നു എന്നതാണ് പ്രത്യേകത.
കല്ല്യാണം കഴിക്കും മുമ്പ് നന്നായി കഷണ്ടി കയറിയ ശരാശരി മലയാളി യുവാവിന്റെ മനോസംഘര്‍ഷങ്ങള്‍ക്കൊപ്പം ആത്മവിശ്വാസം പൂര്‍ണ്ണമായും ചോര്‍ന്നുപോയ ആളാണ് പൊന്നാനിക്കാരന്‍ ശ്രീനിവാസന്‍. അയാളുടെ നോട്ടവും നടപ്പും ഉടുപ്പും സംസാരവുമൊക്കെ ആത്മവിശ്വാസത്തിന്റെ അഭാവത്തില്‍ കാഴ്ചക്കാര്‍ക്ക് വിനോദോപാധിയായിത്തീരുന്നു. ശ്രീനിവാസനോട് 100 ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തിപെരുമാറിയ വിനയ്‌ഫോര്‍ട്ടിനെ അഭിനന്ദിച്ചേമതിയാവൂ. വിനയിന് ചമയമൊരുക്കിയ മഷര്‍ ഹംസയും അഭിനന്ദനം അര്‍ഹിക്കുന്നു.
അമിതമായി സൗന്ദര്യമോ , വിദ്യാഭ്യാസമോ , പണമോ ഒന്നുമില്ലാത്ത അതി സാധാരണനായ റഹിം എന്ന ഓഫീസ് ശിപായി ശ്രീനിവാസന്‍ സാറിന് നല്‍കുന്ന ഉപദേശങ്ങള്‍ ഗുരുസൂക്തങ്ങളാണ്. നല്ല മട്ടിന് വിളമ്പിയാല്‍ ആരും വേണ്ടാന്ന് പറയാത്ത രണ്ട് സാധനങ്ങളേയുള്ളൂ ഈ ദുനിയാവില്‍ — നല്ല ഭക്ഷണവും കലര്‍പ്പില്ലാത്ത സ്‌നേഹവും. ”മാഷേ എന്ത് ചെയ്താലും എതിര്‍ക്കാന്‍ ഒരുപാട് ആളുണ്ടാവും . എതിര്‍പ്പുകള്‍ ഇടതടവില്ലാതെ വരും. പക്ഷേ നമ്മള്‍ ഉറച്ച് നില്‍ക്കണം. എല്ലാ എതിര്‍പ്പുകളും താനേ കെട്ടടങ്ങിക്കോളും. ആത്മവിശ്വാസം ചോര്‍ന്നുപോവരുത്. അതു പോയാല്‍ പിന്നെ എല്ലാം ഒലിച്ച് പോവും”. റഹീമിന്റെ വാക്കുകളും ഇടപെടലുകളുമാണ് ശ്രീനിവാസനെ വീണുപോവാതെ എണീപ്പിച്ച് നടത്തുന്നത്. യാതൊരു അനുകരണവും കൂടാതെ റഹീമിനെ മിന്നിപ്പിച്ച് പ്രേക്ഷക ശ്രദ്ധനേടിയത് നവാസ് വള്ളിക്കുന്നാണ്.

ലോക സിനിമകള്‍ക്കൊപ്പം

നല്ല സിനിമ എങ്ങനെയുള്ളതാവണം? സിനിമയെക്കുറിച്ച് ഗൗരവപൂര്‍വ്വം ചിന്തിക്കുന്നവര്‍ക്കിടയിലെ സ്ഥിരം ചോദ്യമാണിത്. കാണികളുടെ കണ്ണിന് ആനന്ദമുളവാക്കുന്നതിനോടൊപ്പം അവന്റെ ചിന്തയെ ഗുണപരമായി ഉദ്ദീപിപ്പിക്കുന്നതുമാവണം നല്ല സിനിമയെന്നാണ് വയ്പ്. അതായത് പ്രേക്ഷകനെ എന്റര്‍ടെയിന്‍ ചെയ്യുന്നതിനൊപ്പം അവന്റെ ചിന്താരീതിയില്‍ ഗുണമുള്ള മാറ്റം വരുത്തുന്നതുമാവണം നല്ല സിനിമയെന്ന്. അങ്ങനെയെങ്കില്‍ തമാശയെ ലോകോത്തര സിനിമകളുടെ പട്ടികയില്‍ മലയാളിക്ക് ധൈര്യപൂര്‍വ്വം ചേര്‍ത്തുവയ്ക്കാം.
അഷ്‌റഫ് ഹംസ അതിസൂക്ഷ്മതയോടെ ഉണ്ടാക്കിയെടുത്ത വിഭവമാണ് തമാശ. അതിനായി അദ്ദേഹം തിരഞ്ഞെടുത്ത അസംസ്‌കൃത വസ്തുക്കളോരോന്നും പ്രകൃതിദത്തമാണ്. കൃത്രിമ മസാലക്കൂട്ടുകളോ രുചിയേറ്റുന്ന പ്രത്യേക ചേരുവകളോ അദ്ദേഹം ബോധപൂര്‍വ്വം ചേര്‍ത്തുവയ്ക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് സാരം. ചുരുക്കി പറഞ്ഞാല്‍ കണ്ടിറങ്ങുന്ന പ്രേക്ഷകനെ കൂടുതല്‍ നന്നായി ജീവിക്കാന്‍, ജീവിതത്തെ അന്ധമായി പ്രണയിക്കാന്‍ പ്രേരിപ്പിക്കുന്ന ചിത്രം. അത്യാവശ്യം വേണ്ട കഥാപാത്രങ്ങള്‍, വളരെ സ്വാഭാവികമായ സാഹചര്യങ്ങള്‍, സംഭവങ്ങള്‍, കള്ളത്തരമില്ലാത്ത കഥപറച്ചില്‍ അങ്ങനെയാണ് തമാശയുടെ ഒഴുക്ക്. ചലച്ചിത്രോത്സവവേദിയില്‍ നിന്ന് അതീവ ഹൃദ്യമായ ഒരു ലോക ചിത്രം കണ്ടിറങ്ങിയ സന്തോഷത്തോടെയാണ് സിനിമയെ അറിയുന്നവര്‍ തമാശ കഴിഞ്ഞുവരുന്നത്. സമീര്‍ താഹിറിന്റെ ക്യാമറയും, റെക്‌സ് വിജയന്റെ പശ്ചാത്തല സംഗീതവും, ഷഹബാബ് അമന്റെ പാട്ടുകളും മറ്റ് അഭിനേതാക്കളും എല്ലാം അതിന് മുതല്‍ കൂട്ടായിട്ടുണ്ട്. ഷഫീക്ക് മുഹമ്മദ് അലിയുടെ എഡിറ്റിങും തമാശയുടെ സൗന്ദര്യം കൂട്ടി.

സംഭാഷണങ്ങള്‍ സുന്ദരം

തീയറ്ററില്‍ ചിരി പടര്‍ത്തി പ്രേക്ഷകരെ കയ്യിലെടുക്കാന്‍ കച്ചവട സിനിമ എന്തൊക്കെ അടവുകളാണ് സാധാരണ പ്രയോഗിക്കാറ്. തെറിവാക്കുകളും കോരിത്തരിപ്പിക്കുന്ന ഡയലോഗുകളും കണ്ണീര്‍ച്ചാലും മുട്ടന്‍ അടിസീനുമൊന്നുമില്ലാതെ സിനിമ എടുക്കാനാവുമെന്ന് തെളിയിച്ചിരിക്കുകയാണ് തമാശ. സഭ്യേതരമല്ലാത്ത ഒരു വാക്കുപോലും ഉപയോഗിക്കാതെ കാണികളില്‍ മുഴുനീളം പുഞ്ചിരിയും പൊട്ടിച്ചിരിയും വിടര്‍ത്താന്‍ തമാശയ്ക്ക് എളുപ്പത്തില്‍ കഴിഞ്ഞിരിക്കുന്നു.
സംവിധായകന്റെ കലയാണ് സിനിമ. കഥ എങ്ങനെ പറയണമെന്ന് തീരുമാനിക്കുന്നത് സംവിധായകനാണ്. എന്തുപറണമെന്നുകൂടി അയാള്‍ തന്നെ തീരുമാനിക്കുമ്പോഴാണ് കഥ പറച്ചില്‍ കൂടുതല്‍ മികവുറ്റതാകുന്നത്. മികച്ച ലോക സിനിമകള്‍ പലതും എഴുതിയത് അതിന്റെ സംവിധായകര്‍ തന്നെയാണ്. അഷ്‌റഫ് ഹംസയുടെ തിരക്കഥ ലളിതം, സൂക്ഷ്മം.

മുന്‍ വിധികള്‍ പൊളിച്ച് ചിന്നു

കേന്ദ്രകഥാപാത്രമായ ശ്രീനിവാസന്‍ സാറിന്റെ അമ്മ, കോളേജിലെ സഹപ്രവര്‍ത്തക ബബിത ടീച്ചര്‍, യാത്രക്കിടയില്‍ കണ്ടുമുട്ടുന്ന സഫിയ, വീട്ടില്‍ നിന്ന് പറഞ്ഞുറപ്പിച്ച് പാര്‍ക്കില്‍ പെണ്ണുകാണാനെത്തുന്ന ചിന്നു, ശ്രീനിയുടെ സന്തതസഹചാരിയായ റഹിമിന്റെ ഭാര്യ അമീറ തുടങ്ങിയവരാണ് തമാശയിലെ സ്ത്രീ കഥാപാത്രങ്ങള്‍. ഇവരോരോരുത്തരും തങ്ങളുടെ ഭാഗം ഗംഭീരമായി അഭിനയിച്ചുവെങ്കിലും തമാശയിലെ യഥാര്‍ത്ഥ താരമായി മാറിയത് ചിന്നു ചാന്ദ്‌നിയാണ്.
രാവിലെ വെറുംവയറ്റില്‍ നാരങ്ങാനീരും കുമ്പളങ്ങാനീരുമൊക്കെ കഴിച്ച് തടികുറയ്ക്കാന്‍ ഉപദേശിക്കുന്നവരോട് കളങ്കമില്ലാതെ പൊട്ടിച്ചിരിച്ചുകൊണ്ട് ചിന്നുചോദിക്കുന്നുണ്ട് ”എന്റെ തടിയില്‍ എനിക്കില്ലാത്ത വിഷമം നിങ്ങള്‍ക്കെന്തിനാണ്. എന്റെ തടികൊണ്ട് ഒരു കുഴപ്പവും പ്രയാസവും എനിക്കില്ല. നാരങ്ങാനീരും കുമ്പളങ്ങാനീരും കുടിക്കാനല്ല, എനിക്കിഷ്ടം ഫലൂദകഴിക്കാനാണ്.” മലയാളിയുടെ നായികാ സങ്കല്പങ്ങളെ അടിമുടി തകര്‍ത്തെറിഞ്ഞിരിക്കുകയാണ് ചിന്നു.
സോഷ്യല്‍ മീഡിയയുടെ ഈ സുവര്‍ണ്ണകാലത്തും അനുവാദമില്ലാതെ അന്യന്റെ ജീവിതത്തിലേക്ക് കണ്ണും നഖവും ആഴ്ത്തുന്ന സമകാലിക കേരളത്തിന്റെ പൊതു സ്വത്വത്തിന് നേരെയാണ് ചിന്നുവിന്റെ വാക്കുകള്‍ ചെന്നുതറയ്ക്കുന്നത്. ആത്മവിശ്വാസം മാത്രമാണ് ജീവിതവിജയത്തിന് ആധാരമെന്ന് ചിന്നുവിലൂടെ പറയാതെ പറയുകയാണ് തമാശ.