പ്രവാസ മാലാഖയുടെ അറിയാത്തകഥ

Web Desk
Posted on June 30, 2019, 7:45 am

സോഫിയ ഷാജഹാന്‍

‘വേദനിയ്ക്കുന്നവരുടെ കണ്ണീരൊപ്പാന്‍ സ്വജീവിതം ഉഴിഞ്ഞുവെച്ച സഫിയ അജിത്ത് എന്ന മാലാഖയുടെ ജീവിതം പറയുന്ന നോവല്‍.’
പ്രവാസലോകത്തെ ശ്രദ്ധേയയായ എഴുത്തുകാരി സബീന എംസാലിയുടെ ‘തണല്‍പ്പെയ്ത്ത്’ എന്ന പുസ്തകത്തിന്റെ തലവാചകമാണിത്. ഏറ്റവും ലളിതമായി ഈ പുസ്തകത്തെ ആ വാചകം നിര്‍വചിച്ചിരിയ്ക്കുന്നു.

പ്രവാസലോകത്തെ അനന്തമായ ദുരിതങ്ങളുടെ കൂരിരുട്ടില്‍ ഒരുമിന്നാമിനുങ്ങ് പോലെ ഇത്തിരിവെട്ടംപകര്‍ന്ന്, വളരെപ്പെട്ടെന്ന് വിടപറഞ്ഞ ഒരുവനിതയുടെ ജീവചരിത്രമാണിത്. സഫിയ അജിത്ത് എന്ന പേര് സൗദി അറേബ്യയിലെ പ്രവാസലോകത്ത് പ്രശസ്തമായത് വളരെപ്പെട്ടെന്നായിരുന്നു. അറേബ്യന്‍ സാമ്രാജ്യത്തിന്റെ സാമൂഹ്യസാഹചര്യങ്ങളെ അവഗണിച്ച്, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ അവര്‍ പ്രവാസലോകത്ത് നിറഞ്ഞുനിന്നപ്പോള്‍, അതൊരു വിപ്ലവമായിരുന്നു. സൗദിഅറേബ്യയുടെ യാഥാസ്ഥിതിക ലോകത്ത് ഒരു വിദേശിവനിത സാമൂഹ്യപ്രവര്‍ത്തനത്തിന് ഇറങ്ങുക എന്നത് പലര്‍ക്കും ചിന്തിയ്ക്കാന്‍കഴിയാത്ത കാലത്ത്, സ്വന്തം വ്യക്തിത്വം കൊണ്ടും, സേവനതല്‍്പരതകൊണ്ടും സഫിയ ചരിത്രം തിരുത്തി എഴുതുകയായിരുന്നു. സഫിയയിലൂടെ നവയുഗം സാംസ്‌ക്കാരിക വേദി എന്ന പ്രവാസിസംഘടനയും അറബിമണ്ണില്‍ ആഴത്തില്‍ വേരുറപ്പിച്ചു.
പ്രവാസലോകം അധ്വാനത്തിന്റെയും, വിജയത്തിന്റെയും കഥകള്‍മാത്രമല്ല പറയുന്നത്. ദുരിതങ്ങളും വിഷമങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞ ലോകവും ഇവിടുണ്ട്. ലക്ഷക്കണക്കിന് നിസ്സഹായരായ മനുഷ്യരുടെ കണ്ണീരും, രക്തവും ഒഴുകിയ കഥകളും ഈ മണ്ണിന് പറയാനുണ്ട്. മരുഭൂമിയുടെ ഊഷരലോകത്ത് മരുപ്പച്ചയായി സഫിയയെപോലുള്ള ചിലര്‍ ഉള്ളതുകൊണ്ടാണ്, ഈ ലോകം ഇന്നും നന്മകളുടെ തെളിനീര്‍കാണുന്നത്. ‘പ്രകാശം പരത്തുന്ന പെണ്‍കുട്ടി’ എന്ന ടി പദ്മനാഭന്റെ കഥയുടെ തലക്കെട്ടുപോലെ, അവര്‍ പകര്‍ന്നുനല്‍കുന്ന വെളിച്ചം ഇവിടത്തെ പാവം മനുഷ്യര്‍ക്ക് ഏറെ വിലപ്പെട്ടതായിരുന്നു.
സഫിയയുടെ ജീവചരിത്രം എഴുതുമ്പോള്‍ സബീനയും നിര്‍വഹിയ്ക്കുന്നത് മറ്റൊരു പുണ്യകര്‍മ്മമാണ്. എല്ലാവരും അറിയുന്ന സഫിയ, എപ്പോഴും പുഞ്ചിരിയ്ക്കുന്ന, വേദനയോടെ കരയുന്ന മനുഷ്യരെ ‘നമുക്കെല്ലാംശരിയാക്കാം’ എന്ന് ആശ്വസിപ്പിയ്ക്കുന്ന, കഫീല്‍മാരോടും സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും അവര്‍ക്കായി ഉറക്കെ പതറാതെ വാദിയ്ക്കുന്ന അസാധാരണ ധൈര്യശാലിയായ സ്ത്രീയാണ്. ഒരു ദൈവത്തെപ്പോലെ, മാലാഖയെപ്പോലെ അവരെ ആരാധിയ്ക്കുന്നവരും ഉണ്ട്.
എന്നാല്‍ ആ പരിവേഷങ്ങള്‍ക്കെല്ലാം അപ്പുറത്ത്, ജീവിതകാലംമുഴുവന്‍ ക്രൂരമായ വിധിയും, നിര്‍ദ്ദയരായ മനുഷ്യരും സമ്മാനിച്ച യാതനകള്‍ നേരിട്ട ഒരു സാധാരണ മനുഷ്യസ്ത്രീയായിരുന്നു അവര്‍. അവര്‍ അനുഭവിച്ച വേദനകളിലൂടെ, ആ മനസ്സിന്റെ പിരിമുറുക്കങ്ങളിലൂടെ, ആ ജീവിതം നമ്മുടെ ഹൃദയത്തിലാണ് സബീന വരച്ചിടുന്നത്.
ഒരു ജീവചരിത്ര ഗ്രന്ഥരചനയില്‍, എഴുത്തുകാരന്റെ ഭാവനയുടെ സ്വാതന്ത്ര്യം പരിമിതമായിരിയ്ക്കും. എഴുതപ്പെടുന്ന വ്യക്തിയുടെ ജീവിതത്തോട് വസ്തുനിഷ്ടമായ സത്യസന്ധതപുലര്‍ത്താന്‍ ബാധ്യത ഉള്ളതിനാലാണ് അങ്ങനെ സംഭവിയ്ക്കുന്നത്. എന്നാല്‍ വെറും ഡേറ്റ ശേഖരണവും, അതിന്റെ വിവരണവുമല്ല ജീവചരിത്രഗ്രന്ഥരചന. അങ്ങനെ ചെയ്താല്‍ അത് വെറും യാന്ത്രികമായ ഒരു അഭ്യാസം മാത്രമാകും. എഴുതപ്പെടുന്ന വ്യക്തിയുടെ മനസ്സുമായി താതാത്മ്യം പ്രാപിച്ച്, ജീവിതകാലത്ത് ആ വ്യക്തി കടന്നുപോയ മനോവ്യാപാരങ്ങളിലൂടെ എഴുത്തുകാരിയുടെ ഭാവന സഞ്ചരിയ്ക്കുമ്പോഴാണ് ഉത്തമമായ ജീവചരിത്രഗ്രന്ഥം രചിയ്ക്കപ്പെടുന്നത്. അതൊരു പരീക്ഷണവും തപസ്യയുമാണ്. അതില്‍ ഒരു എഴുത്തുകാരി എന്ന നിലയില്‍ സബീന എം സാലി വിജയിച്ചിരിയ്ക്കുന്നു.
പുസ്തകത്തിന്റെ ആമുഖത്തില്‍ തന്റെ നിലപാട് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം സബീന പറയുന്നുണ്ട്. ‘വ്യാഖ്യാനമില്ലാത്ത മുറിവുകളുടേതായിരുന്നു സഫിയയുടെ ഭൂതകാലം എന്നതിനാല്‍, ബാലകൗമാര്യങ്ങളും, ആദ്യ വൈവാഹികജീവിതവും എഴുത്തുകാരി എന്ന നിലയില്‍ തികച്ചും ഭാവനയ്ക്ക് വിട്ടുകൊടുക്കുന്നതാണ് നല്ലത് എന്ന് തോന്നി. പ്രവാസജീവിത കാലഘട്ടം മാത്രം യാഥാര്‍ഥ്യത്തിന്റെ പരിവേഷത്തോടെയും, അതിനു മുന്‍പുള്ളതൊക്കെ സാങ്കല്പിക കഥാപാത്രങ്ങളായി, പേരുകള്‍ പോലും വ്യത്യസ്തമാക്കുവാനും ശ്രമിച്ചിട്ടുണ്ട്.’
ഒരു എഴുത്തുകാരിയുടെ ആസ്വാതന്ത്ര്യത്തെ അംഗീകരിയ്ക്കുമ്പോള്‍ത്തന്നെ, നോവലില്‍ ഒരിടത്തും ഭാവനയും യാഥാര്‍ഥ്യവും ഇഴതിരിച്ചെടുക്കാനാകാതെ, കഥയില്‍ വായനക്കാരനെ തളച്ചിടാന്‍ സബീനയുടെ മുറുക്കമുള്ള എഴുത്തു ശൈലിയ്ക്ക് കഴിയുന്നുണ്ട്. സ്വന്തം ക്രാഫ്റ്റ് കൃത്യമായിതിരിച്ചറിയുന്ന ഇരുത്തംവന്ന എഴുത്തുകാരിയുടെ കഴിവ് ഈ പുസ്തകത്തില്‍ നിറഞ്ഞുകാണാം.
തിരക്കുള്ള വ്യക്തിജീവിതത്തിനിടയിലും ഗ്രന്ഥരചനയ്ക്ക് ആവശ്യമായ ഗവേഷണം നന്നായി നടത്തിയിട്ടുണ്ട് സബീന. പണ്ട് സഫിയയുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ ഓര്‍മ്മകള്‍, സഫിയയുടെ ഭര്‍ത്താവ് അജിത്ത്, നവയുഗത്തിലെ സഹപ്രവര്‍ത്തകര്‍, ജീവകാരുണ്യപ്രവര്‍ത്തകര്‍, സദ്ഭവന്‍ സതിയമ്മ തുടങ്ങിയവരുമായി നടത്തിയ സംഭാഷണങ്ങള്‍ തുടങ്ങിയവയാണ് ഗ്രന്ഥരചനയ്ക്കായി സബീന കൂടുതലും ആശ്രയിച്ചത്. കൂടുതല്‍ ഊന്നല്‍ കൊടുത്തിരിയ്ക്കുന്ന സഫിയയുടെ പ്രവാസ ജീവിതത്തിന് ആകുന്നതും സ്വാഭാവികം.
മനസ്സില്‍ ആര്‍ദ്രതയുള്ള ആര്‍ക്കും, ഒരിയ്ക്കല്‍ കൈയിലെടുത്താല്‍ ഈ നോവല്‍ ഒറ്റയിരുപ്പില്‍ മുഴുവന്‍ വായിച്ചുതീര്‍ക്കാതെ താഴെവയ്ക്കാന്‍ കഴിയില്ല. സഫിയയുടെ ജീവിതം അത്രയധികം സംഭവബഹുലമാണ്. മനസ്സിനെ തട്ടുന്നവിധത്തില്‍ എഴുതാന്‍ സബീന എം സാലി എന്ന എഴുത്തുകാരിയ്ക്കും കഴിഞ്ഞിട്ടുണ്ട്. പലപ്പോഴും വായനയെ മുടക്കുന്നത് കണ്ണില്‍പൊടിഞ്ഞ നീര്‍കണങ്ങളുടെ ആര്‍ദ്രത ആകാം. അത്രയെങ്കിലും നന്മ എല്ലാവരുടെയും മനസ്സില്‍ ഉണ്ടാകാതെ വരുമോ?


വായനയില്‍ ഒരായിരം കഥാപാത്രങ്ങള്‍ നമ്മുടെ മനസ്സിലൂടെ കടന്നു പോകുന്നു. വിവിധഭാഷക്കാര്‍, വിവിധസംസ്‌ക്കാരം പുലര്‍ത്തുന്നവര്‍, ജീവിതത്തില്‍ അവിചാരിതമായി കണ്ടുമുട്ടുന്നവര്‍.…അവരുടെ വ്യഥകള്‍ക്കും, കഷ്ടപ്പാടുകള്‍ക്കും, ജീവിതത്തിനും പലപ്പോഴും ഒരേ നിറമാകുന്നത് നാമറിയുന്നു. മുഖങ്ങള്‍മാത്രമേ മാറുന്നുള്ളൂ. ലോകത്ത് എവിടെയായാലും കഷ്ടപ്പെടുന്ന മനുഷ്യന്റെ കഥകള്‍ ഒന്നാണ് എന്ന് ഈ കഥാപ്രപഞ്ചം നമ്മോട് പറയുന്നു.
ഇവിടെയാണ് സഫിയയെപ്പോലുള്ള ജീവിതങ്ങള്‍ കുളിര്‍ക്കാറ്റ് പോലെ കടന്നുവരുന്നത്. സഫിയ ഒറ്റയ്ക്കായിരുന്നില്ല. ഹംസക്ക, ഷീല, അജിത്ത്, ഷിബു, ഉണ്ണിച്ചേട്ടന്‍, ഷാജി, സതിയമ്മ.… അങ്ങനെ ഒട്ടനേകം നന്മയുള്ള മനുഷ്യര്‍. പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്തി കൊള്ളിയാന്‍ പോലെ മിന്നിമറയുന്ന അപരിചിതര്‍. അവരുടെയൊക്കെ ജീവിതങ്ങള്‍ സെല്ലുലോയിഡിലെ ചിത്രങ്ങള്‍ പോലെ നമുക്ക് മുന്നിലൂടെ കടന്നുപോകുന്നു. ഒപ്പം സൗദിയുടെ പ്രവാസലോകത്ത് ഒട്ടേറെപ്പേര്‍ക്ക് തണലേകുന്ന നവയുഗം എന്നസംഘടനയെയും.
സൗദി അറേബ്യയെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകള്‍ പുറംലോകത്തിനു മുന്നിലുണ്ട്. മനുഷ്യത്വമില്ലാത്ത മരവിച്ച മനസ്സുകളുടെ നാടായി ഇതിനെ ചിത്രീകരിയ്ക്കാന്‍ പലരും ശ്രമിയ്ക്കാറുമുണ്ട്. എന്നാല്‍ ഏതുനാട്ടിലും ഉള്ളത്‌പോലെതന്നെ നന്മയുള്ള കുറേ നല്ലമനുഷ്യരും, തിന്മയുള്ള കുറച്ചു ചീത്ത മനുഷ്യരും അടങ്ങിയ ഒരു മനുഷ്യസമൂഹം മാത്രമാണ് ഇവിടെയും ഉള്ളതെന്നും, ഇവിടെ സാമൂഹ്യപ്രവര്‍ത്തനത്തിന് ഇറങ്ങുന്ന സ്ത്രീയ്ക്ക് സ്‌നേഹവും, ബഹുമാനവും കിട്ടുമെന്നും സഫിയയുടെ അനുഭവങ്ങളിലൂടെ സബീന തെളിയിയ്ക്കുന്നു. സൗദിയിലെ ഗദ്ദാമമാര്‍ എന്നറിയപ്പെടുന്ന വീട്ടു ജോലിക്കാരുടെ അവസ്ഥ ഏകദേശം ഒരുപോലെയാണ്. അതിനാല്‍ അവരുടെ ദുരിതങ്ങളും പലപ്പോഴും ആവര്‍ത്തനവിരസമായിതോന്നാം. എങ്കിലും ആ കഥകളും മുഷിപ്പിയ്ക്കാതെ കണ്ണുകള്‍ നനയുന്നവിധത്തില്‍ കോറിയിടാന്‍ സബീന കാട്ടിയ സാമര്‍ഥ്യം അഭിനന്ദനീയമാണ്.
സ്വജീവിതം മറന്ന് ഓടിനടന്ന് മറ്റുള്ളവര്‍ക്ക് നീതി നേടിക്കൊടുത്തപ്പോഴും, ഒട്ടേറെ അനീതികള്‍ ജീവിതത്തില്‍ സ്വയം അനുഭവിച്ചവളാണ് സഫിയയെന്ന് പലര്‍ക്കും അറിയില്ലായിരുന്നു. ജീവിതം നല്‍കിയ മുറിവുകളെ, സേവനത്തിന്റെ ജീവകാരുണ്യത്താല്‍ മറികടക്കാന്‍ അവര്‍ ശ്രമിച്ചു. ഒടുവില്‍ കാന്‍സറിന്റെരൂപത്തില്‍ മരണം തേടിയെത്തുന്നത് വരെ. സഫിയ ജീവിതത്തിന്റെ നല്ല നാളുകളിലാണ് നമ്മെവിട്ടുപോയത്. എപ്പോഴും പുഞ്ചിരിയ്ക്കുന്ന ആമുഖം മറച്ചവേദനയുടെ ആഴം, സബീനയുടെ അനുഗ്രഹീത തൂലിക വാങ്മയചിത്രംപോലെ ഒപ്പിയെടുക്കുമ്പോള്‍, ആ വേദന നമ്മുടെ നെഞ്ചിലാണ് കൂടുകെട്ടുന്നത്. മനുഷ്യജീവന്റെ നിസ്സഹായതയും, ജീവിതത്തിന്റെ അര്‍ഥവും ഒരുപോലെ നാം അനുഭവിച്ച് അറിയുന്നു. സഫിയയുടെ ഓര്‍മ്മകള്‍ക്ക് നല്‍കിയവലിയൊരു ആദരവാണ് ഈ നോവല്‍.

Thanal Peyth