തണല്‍ വിറ്റ പിശുക്കന്‍

Web Desk
Posted on July 14, 2019, 5:53 am

സന്തോഷ് പ്രിയന്‍

ധനികനെങ്കിലും മഹാപിശുക്കനായിരുന്നു ദൊപ്പുണ്ണി. ഒരിയ്ക്കല്‍ ദൊപ്പുണ്ണിയുടെ വീട്ടുപറമ്പിലെ മരച്ചുവട്ടില്‍ ഒരു വഴിയാത്രക്കാരന്‍ വിശ്രമിക്കുന്നത് ദൊപ്പുണ്ണി കണ്ടു.
‘ഏയ്, താങ്കള്‍ എന്താണീ കാണിക്കുന്നത്. ഈ മരം എന്റേതാണ്. അതിന്റെ തണലില്‍ ഇരുന്ന് എന്റെ അനുവാദമില്ലാതെ നിങ്ങള്‍ വിശ്രമിക്കുന്നത് ശരിയാണോ.’ അതുകേട്ട് വഴിയാത്രക്കാരന്‍ അമ്പരന്നു. ദീനു എന്നായിരുന്നു അയാളുടെ പേര്. ദീനു ദൊപ്പുണ്ണിയോട് പറഞ്ഞു.
‘മരത്തണലില്‍ വിശ്രമിക്കുന്നതിന് അനുവാദമോ. ഞാനീ വെയിലത്ത് നടന്നപ്പോള്‍ തണലില്‍ ഒന്നിരുന്നതാ.’
അപ്പോള്‍ ദൊപ്പുണ്ണി പറഞ്ഞു.
‘അതൊക്കെ ശരിയാണ്. എന്റെ മരത്തിന്റെ തണലില്‍ വിശ്രമിച്ചതിന് എനിക്ക് പണം കിട്ടണം.’
‘ങേ, പണം തരണമെന്നോ.’
‘അതെ പണം കിട്ടണം.’ ദൊപ്പുണ്ണി തറപ്പിച്ചു പറഞ്ഞു.
‘ശരി, സമ്മതിച്ചു. ഞാന്‍ കുറേയധികം പണം തരാം. ഈ തണല്‍ ഞാന്‍ വിലയ്ക്ക് വാങ്ങാന്‍ പോകുകയാ.’
ദീനു പറഞ്ഞതു കേട്ട് ദൊപ്പുണ്ണിയ്ക്ക് ചിരി വന്നു. ‑ഇവന്‍ ആളൊരു മണ്ടന്‍ തന്നെ. ദൊപ്പുണ്ണി കരുതി. അങ്ങനെ ദീനു പണം നല്‍കി. പണം കീശയില്‍വയ്ക്കവെ ദൊപ്പുണ്ണി പറഞ്ഞു.
‘ഈ തണല്‍ നിനക്ക് ഞാന്‍ വിറ്റിരിക്കുന്നു.’
എന്നിട്ട് ദൊപ്പുണ്ണി വീട്ടിലേക്ക് പോയി ചാരുകസേരയില്‍ കിടന്ന് മയങ്ങാന്‍തുടങ്ങി.
കുറച്ചുസമയം കഴിഞ്ഞ് ദൊപ്പുണ്ണി നോക്കുമ്പോള്‍ ദീനു ദൊപ്പുണ്ണിയുടെ കൃഷിയിടത്തിലെ മുന്തിരി മുഴുവന്‍ പറിച്ചുതിന്നുന്നു. ദൊപ്പുണ്ണി ദേഷ്യത്തോടെ ഓടിവന്ന് പറഞ്ഞു.
‘നിങ്ങള്‍ എന്താണീ കാട്ടുന്നത്. എന്റെ മുന്തിരി മുഴുവന്‍ തിന്നുതീര്‍ത്തല്ലോ’
അപ്പോള്‍ ദീനു പറഞ്ഞു. ‘ഞാന്‍ മരത്തണല്‍ വിലയ്ക്ക് വാങ്ങിയത് മറന്നോ. തണല്‍ എവിടേയ്ക്ക് മാറുന്നുവോ അതെല്ലാം എന്റേതുമാണ്. ഇപ്പോള്‍ വെയില്‍ മാറിയപ്പോള്‍ തണല്‍ ഈ മുന്തിരിയിലാണ് വന്നുനില്‍ക്കുന്നത്.’
ദീനുവിന്റെ മറുപടികേട്ട് ദൊപ്പുണ്ണി അമ്പരന്നുനിന്നു. അയാള്‍ ഒന്നും മിണ്ടാതെ തിരികെ പോയി.
കുറച്ചുകഴിഞ്ഞ് ദീനു പറമ്പിലെ പച്ചക്കറിമുഴുവന്‍ പറിച്ചെടുത്തു.
അപ്പോള്‍ മരത്തിന്റെ നിഴല്‍ പച്ചക്കറിതോട്ടത്തിലെത്തിയിരുന്നു.
‑ശെടാ ഇത് വല്ലാത്ത പൊല്ലാപ്പായല്ലോ- ദൊപ്പുണ്ണി കരുതി. അയാള്‍ക്ക് ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല. കുറേനേരം കഴിഞ്ഞപ്പോള്‍ വീടിനകത്ത് ഒരുതട്ടും മുട്ടും കേട്ട് ദൊപ്പുണ്ണി നോക്കിയപ്പോള്‍ മുറിയില്‍നിന്ന് ദീനു വീട്ടുസാധനങ്ങള്‍ പെറുക്കിയെടുക്കുന്നു. ദൊപ്പുണ്ണിയെ കണ്ടപ്പോള്‍ ദീനു പറഞ്ഞു. ‘കണ്ടില്ലേ ഇപ്പോള്‍ തണല്‍ വീടിനകത്തായി. അപ്പോള്‍ അതിനുള്ളിലെ സാധനങ്ങളെല്ലാം എന്റേതാ.…’
‑ശൊ.…ഇത് വലിയ ശല്യമായല്ലോ- ദൊപ്പുണ്ണി ഉടന്‍ ദീനു കൊടുത്ത പണത്തിന്റെ ഇരട്ടി തിരികെ നല്‍കി. താമസിയാതെ ദീനു അതുമായി നടന്നു. അങ്ങനെ പിശുക്കനും അത്യാഗ്രഹിയുമായ ദൊപ്പുണ്ണി ഒരുപാഠം പഠിച്ചു.