കാലാവസ്ഥ പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തി

Web Desk
Posted on September 18, 2019, 2:15 pm

വാഷിങ്ടണ്‍: കാലാവസ്ഥ പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗുമായി കൂടിക്കാഴ്ച നടത്തിയെന്ന് അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ ട്വീറ്റ് ചെയ്തു. നമ്മുടെ ഗ്രഹത്തിലെ മഹത്തായ ഉപദേശകരില്‍ ഒരാള്‍ എന്ന തലക്കെട്ടോടെയാണ് ഒബാമ ഈ പതിനാറുകാരിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് പരാമര്‍ശിച്ചത്.

അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ വൈദ്യുതി ബോട്ടിലാണ് തന്‍ബര്‍ഗ് ഒബാമയുമായി കൂടിക്കാഴ്ചയ്‌ക്കെത്തിയത്. ഒബാമ ഫൗണ്ടേഷന്‍ ഇവരുടെ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്.

ലോകത്തെ മാറ്റിമറിക്കാന്‍ പ്രായം ഒരു തടസമല്ല. നിനക്ക് കഴിയുന്നതെല്ലാം ചെയ്യുക എന്ന് തന്‍ബര്‍ഗിനോട് ഒബാമ നിര്‍ദേശിച്ചു. നമ്മള്‍ ഒന്നിച്ച് മുന്നോട്ട് നീങ്ങുമെന്നും മുഷ്ടി ഉരുമ്മി
ഇരുവരും ഉറപ്പിച്ചു.

കാലാവസ്ഥ വ്യതിയാനത്തിന്റെ കെടുതികള്‍ അനുഭവിക്കേണ്ടി വരിക അവളുടെ തലമുറയാണെന്ന് തിരിച്ചറിയുന്നുണ്ട്. അതിനുള്ള യഥാര്‍ഥ നടപടികള്‍ക്ക് അവള്‍ക്ക് ഭയമില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം ഇവള്‍ വൈറ്റ്ഹൗസിന് മുന്നില്‍ നടന്ന കാലാവസ്ഥ വ്യതിയാന പ്രതിഷേധ പരിപാടിയില്‍ അവര്‍ പങ്കെടുത്തിരുന്നു. ആഗോള കാലാവസ്ഥ വ്യതിയാന പ്രതിഷേധത്തിന്റെ ഭാഗമായി ഈ മാസം ഇരുപതിന് ന്യൂയോര്‍ക്കില്‍ നടക്കുന്ന തന്‍ബര്‍ഗ് പങ്കെടുക്കും.