തങ്കശേരി കോട്ടയ്ക്ക് 500 വര്‍ഷം തികയുന്നു

Web Desk
Posted on October 13, 2018, 8:32 am

വലിയശാല രാജു

കേരള ചരിത്രത്തില്‍ തങ്കശേരിക്ക് ഉന്നതമായ സ്ഥാനമാണുള്ളത്. കൊല്ലം നഗരത്തില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം. പല കൗതുകങ്ങളും നിറഞ്ഞതാണ് തങ്കശേരിയുടെ ചരിത്രം. മൂന്നായി കിടന്ന കേരളത്തിലെ തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിലാണ് 99 ഏക്കര്‍ വരുന്ന തങ്കശേരി എങ്കിലും തിരുനല്‍വേലി ജില്ലയിലാണ് ഒരു പ്രവിശ്യയായി ബ്രിട്ടീഷുകാര്‍ ഇതിനെ ഉള്‍പ്പെടുത്തിയിരുന്നത്. ഇംഗ്ലീഷുകാരുടെ പൂര്‍ണ അധികാര നിയന്ത്രണത്തിലായിരുന്നു. രണ്ടായിരത്തോളം പേര്‍ ആയിരുന്നു ജനസംഖ്യ. ഒരു രാജ്യത്തിന്റെ എല്ലാ അധികാരങ്ങളും തങ്കശേരിക്കുണ്ടായിരുന്നു.

തിരുവിതാംകൂറിന്റെ നിയമങ്ങളൊന്നും ഇവിടെ ബാധകമല്ലായിരുന്നു. തിരുവിതാംകൂര്‍ സൈന്യത്തിന്റെ ആക്രമണത്തെ ചെറുക്കാനായി തങ്കശേരി കവാടത്തില്‍ പ്രതേ്യക ആര്‍ച്ച് തന്നെ 1934ല്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ചു. പ്രതേ്യക കോടതിയും ഉണ്ടായി. തങ്കശേരി കോട്ടക്ക് അകത്ത് കയറി ആരെയെങ്കിലും അറസ്റ്റ് ചെയ്യാനോ നിയമം നടപ്പിലാക്കാനോ തിരുവിതാംകൂര്‍ പട്ടാളത്തിനോ പൊലീസിനോ യാതൊരു അധികാരവുമില്ലായിരുന്നു. 1948 വരെ ഈ നില തുടര്‍ന്നു.

തങ്കശേരിയുടെ പേരിന് പിന്നില്‍

തങ്കശേരി ആദ്യകാലത്ത് അധീനപ്പെടുത്തി വച്ചിരുന്ന പോര്‍ച്ചുഗീസുകാര്‍ ഇവിടെ കമ്മട്ടം സ്ഥാപിച്ച് തങ്കനാണയങ്ങള്‍ നിര്‍മിച്ചിരുന്നതായി പറയപ്പെടുന്നു. തങ്കനാണയം നിര്‍മിച്ച സ്ഥലം പില്‍ക്കാലത്ത് തങ്കശേരി ആയെന്നാണ് ഒരു ചരിത്രം. ബ്രസീലില്‍ നിന്നും തങ്കക്കട്ടികള്‍ ഇവിടെ ഇറക്കുമതി ചെയ്തിരുന്നതായി ഒരു കഥയുണ്ട്.

കൊല്ലം രാജാവായിരുന്ന അയ്യനടികള്‍ക്ക് തങ്കം എന്നൊരു പെങ്ങള്‍ ഉണ്ടായിരുന്നതായും അവര്‍ക്ക് സ്ത്രീധനമായി നല്‍കിയ സ്ഥലമാണ് തങ്കശേരി ആയി മാറിയതെന്നുമാണ് മറ്റൊരു കഥ.

തങ്കശേരിയുടെ ചരിത്രം

ഇബ്‌നുബത്തൂത്ത, സുലൈമാന്‍ ഷെറീഫ് തുടങ്ങിയ വിദേശ സഞ്ചാരികളുടെ യാത്രാവിവരണങ്ങളിലാണ് തങ്കശേരി ആദ്യമായി പരാമര്‍ശിക്കപ്പെടുന്നത്. കൊല്ലത്ത് വന്ന വിദേശ സഞ്ചാരികള്‍ തങ്കശേരി തുറമുഖത്താണ് ആദ്യം കപ്പലിറങ്ങിയത്.
1503ല്‍ കൊല്ലവുമായി കച്ചവടം നടത്താനുള്ള കൊല്ലം റാണിയുടെ അഭ്യര്‍ഥന പ്രകാരം പോര്‍ച്ചുഗീസുകാര്‍ എത്തി. തങ്കശേരിയിലെ പണ്ടകശാല പുതുക്കിപണിയാനുള്ള അനുവാദം നേടിയെടുക്കുകയും ഇതിന്റെ മറവില്‍ 1518ല്‍ ഒരു കോട്ട തന്നെ നിര്‍മിക്കുകയും ചെയ്തു. ഇതാണ് തങ്കശേരി കോട്ട അഥവാ സെന്റ് തോമസ് കോട്ട എന്നറിയപ്പെടുന്നത്. ഇപ്പോഴിതിന് 500 വര്‍ഷം തികയുകയാണ്. കോട്ടയുടെ ഇടിഞ്ഞുവീഴാറായ ചുവരുകള്‍ മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്. ഇന്നിത് കേന്ദ്ര പുരാവസ്തു വകുപ്പിന്റെ കീഴിലാണ്.
കോട്ട കെട്ടുന്നതിന് മുമ്പുതന്നെ പോര്‍ച്ചുഗീസുകാരുടെ കച്ചവടകേന്ദ്രമായയി തങ്കശേരി മാറിയിരുന്നു. അവിടെ പോര്‍ച്ചുഗീസുകാര്‍ക്ക് താമസിക്കാന്‍ രണ്ട്‌നില കൊട്ടാരവും സമ്മര്‍ ഹൗസുകളും ഉദ്യാനങ്ങളും നിര്‍മിച്ചു. അന്നത്തെ ഗവര്‍ണറുടെ കൊട്ടാരമാണ് ഇന്നത്തെ കൊല്ലം ബിഷപ്പിന്റെ അരമന.

1659ല്‍ ഡച്ചുകാര്‍ കൊല്ലം നഗരം കൊള്ളയടിക്കുകയും തങ്കശേരി കോട്ട തകര്‍ക്കുകയും ചെയ്തു. അവര്‍ പോര്‍ച്ചുഗീസുകാരില്‍ നിന്നും കോട്ട പിടിച്ചെടുത്തു. 1669ല്‍ ഡച്ചുകാര്‍ കോട്ട പുതുക്കിപ്പണിതു. 1741ല്‍ മാര്‍ത്താണ്ഡവര്‍മ കുളച്ചല്‍ യുദ്ധത്തില്‍ ഡച്ചുകാരെ പരാജയപ്പെടുത്തിയതോടെ ഡച്ച് ആധിപത്യം ഇവിടെ ദുര്‍ബലമായി. 1808ല്‍ ബ്രിട്ടീഷുകാര്‍ തങ്കശേരിക്കോട്ട ആക്രമിച്ചു. 1841ലെ പാരീസ് ഉടമ്പടി പ്രകാരം തങ്കശേരി ബ്രിട്ടീഷ് അധീനതയിലായി. തിരുവിതാംകൂര്‍ ഭരണാധികാരികള്‍ തങ്കശേരിയെ തിരുവിതാംകൂറില്‍ ചേര്‍ക്കാനുള്ള ശ്രമങ്ങളൊന്നും വിജയിച്ചില്ല. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ ശേഷം തങ്കശേരി കൊല്ലം ജില്ലയുടെ ഭാഗമായി.

തങ്കശേരിയുടെ ശേഷിപ്പുകള്‍

കേരളത്തിലെ ഏറ്റവും ഉയരമുള്ള വിളക്കുമാടമാണ് തങ്കശേരിയിലുള്ളത്. 144 അടി ഉയരമുള്ള ഈ വിളക്കുമാടം 1902ല്‍ ബ്രിട്ടീഷുകാരാണ് സ്ഥാപിച്ചത്. പോര്‍ച്ചുഗീസുകാര്‍, ഡച്ചുകാര്‍, ബ്രിട്ടീഷുകാര്‍ എന്നീ വിദേശീയരുടെ ശ്മശാനങ്ങള്‍ തങ്കശേരിയില്‍ അവശേഷിക്കുന്നുണ്ട്. 1329ല്‍ ഇന്ത്യയില്‍ ആദ്യത്തെ കത്തോലിക്ക രൂപത ഉണ്ടായതും ആദ്യത്തെ ബിഷപ്പിനെ വാഴിച്ചതും തങ്കശേരിയിലാണ്. 400 വര്‍ഷത്തോളം നീണ്ടുനിന്ന യൂറോപ്യന്‍ അധിനിവേശത്തിന്റെ ചരിത്രശേഷിപ്പുകള്‍ ഇന്നും ഇവിടെ കാണാം. പോര്‍ച്ചുഗീസ് വാസ്തുവിദ്യയില്‍ നിര്‍മിക്കപ്പെട്ട പരിഷ്‌കൃത നഗരത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴുമുണ്ട്.

പോര്‍ച്ചുഗീസുകാര്‍ 1512ല്‍ ഇവിടെ ആയുധ നിര്‍മാണ കേന്ദ്രം, കപ്പല്‍ നിര്‍മാണ കേന്ദ്രം, നാവിക കേന്ദ്രം, അച്ചടിശാല, കമ്മട്ടങ്ങള്‍ എന്നിവ സ്ഥാപിച്ചിരുന്നു. കേരളത്തില്‍ ആദ്യമായി അച്ചടി നടന്നത് തങ്കശേരിയിലാണ്. പോര്‍ച്ചുഗീസിലും, തമിഴിലും അച്ചടിച്ച ഈ ചരിത്ര രേഖ അമേരിക്കയിലെ ഹാവാര്‍ഡ് സര്‍വകലാശാലയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
1548ല്‍ തങ്കശേരിയില്‍ വൈദികവൃത്തിയില്‍ ഉപരിപഠനം നടത്തുന്നതിനായി സ്ഥാപിച്ച സെമിനാരിയാണ് കൊല്ലത്തെ ആദ്യത്തെ കലാലയം. 1905 മുതല്‍ 1930 വരെ ബിഷപ്പ് ബന്‍സിഗര്‍ തങ്കശേരിയിലാണ് താമസിച്ചിരുന്നത്.

പൗരാണികമായ ഒരു വാണിജ്യനഗരമെന്ന നിലയില്‍ തങ്കശേരി ഒരുകാലത്ത് പ്രസിദ്ധി നേടിയിരുന്നു. കേരളത്തില്‍ അവശേഷിക്കുന്ന ആംഗ്ലോ ഇന്ത്യന്‍ വംശജരില്‍ ഭൂരിഭാഗവും തങ്കശേരിയിലാണുള്ളത്.

ആംഗ്ലോ ഇന്ത്യന്‍ ജീവിതരീതികള്‍ തങ്കശേരിയില്‍ ഒരു പ്രതേ്യക സംസ്‌കാരമായി അടുത്തകാലം വരെ നിലനിന്നിരുന്നു. ഇന്നും അതിന്റെ അവശേഷിപ്പുകള്‍ അങ്ങിങ്ങ് കാണാം. തങ്കശേരിയുടെ ഏറ്റവും പ്രധാനമായ മറ്റൊരു സവിശേഷത ഇവിടത്തെ കാലാവസ്ഥയാണ്. കടലോര പ്രദേശമായ ഇവിടം ഏറ്റവും ചൂട് കൂടിയ വേനല്‍ക്കാലത്ത് പോലും അന്തരീക്ഷ താപനില 20 ഡിഗ്രിയില്‍ കൂടില്ല.

ചരിത്രത്തിലെ അപൂര്‍വമായ ശേഷിപ്പുകള്‍ നിലനില്‍ക്കുന്ന തങ്കശേരിയില്‍ പൈതൃക ഗ്രാമമൊരുക്കാന്‍ കൊല്ലം കോര്‍പ്പറേഷന്‍ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നു. കേന്ദ്ര വിനോദസഞ്ചാരവകുപ്പിന്റെ സഹായത്തോടെ നൂറുകോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്.