തെങ്ങിനെ ബാധിക്കുന്ന തഞ്ചാവൂര്‍ വാട്ട രോഗം വ്യാപകമാകുന്നു

Web Desk
Posted on February 22, 2018, 7:41 pm
രാജന്‍റെ കൃഷിത്തോട്ടത്തില്‍ തഞ്ചാവൂര്‍ വാട്ടം ബാധിച്ച തെങ്ങ് കൃഷി ശാസ്ത്രജ്ഞര്‍ പരിശോധിക്കുന്നു

ജയരാജ് കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട് : തെങ്ങിനെ ബാധിക്കുന്ന തഞ്ചാവൂര്‍ വാട്ടരോഗം വ്യാപകമാകുന്നു. മടിക്കൈ പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. തെങ്ങിന്‍റെ താഴത്തെ നിരകളിലുള്ള ഓലകള്‍ നിറം മങ്ങി പെട്ടെന്ന് വാടാന്‍ തുടങ്ങുന്നതാണ് പ്രകടമായ ആദ്യത്തെ രോഗലക്ഷണം.

ഈ ലക്ഷണങ്ങളുള്ള തെങ്ങുകളുടെ വേരുകള്‍ ചീഞ്ഞു നശിച്ചിരിക്കുന്നതും കാണാം.പിന്നീട് ഓലകളെല്ലാം ഉണങ്ങി മണ്ട മറിഞ്ഞു പോകുന്നതോടെ നശീകരണ പ്രകിയ പൂര്‍ത്തിയാകുന്നു. ഓലകള്‍ വാടുന്നതോടൊപ്പം വ്യാപകമായി തേങ്ങയും പൊഴിയും. കയോടു ചേര്‍ന്ന ഭാഗത്തുനിന്ന് ശക്തമായി കറയൊലിക്കുന്നതും കാണാം. രോഗബാധയുടെ അവസാനഘട്ടത്തില്‍ ചില തെങ്ങുകളില്‍ കുമിളിന്‍റെ കൂണുപോലെ ഉറച്ച ഭാഗങ്ങള്‍ വളരുന്നത് കാണാം. ഗാനോഡെര്‍മ ലൂസിഡം, ഗാനോഡെര്‍മ അപ്ലനേറ്റ എന്നീ കുമിളുകളാണ് രോഗത്തിനു കാരണമാകുന്നത്.

 

കഴിഞ്ഞ ദിവസം മടിക്കൈ പഞ്ചായത്തിലെ കേരഗ്രാമം പദ്ധതി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സിപിസിആര്‍ഐയിലെ സസ്യ സംരക്ഷണ വിഭാഗം തലവന്‍ വിനായക് ഹെഗ്‌ഡെ ഉള്‍പ്പെടെയുള്ള വിദഗ്ദ്ധര്‍ കാഞ്ഞിരപ്പൊയിലിലെ കര്‍ഷകന്‍ എ.രാജന്റെ തെങ്ങിന്‍ തോട്ടത്തില്‍ നടത്തിയ പരിശോധനയിലാണ് രോഗലക്ഷണം കണ്ടെത്തിയത്.

നിയന്ത്രണ രീതികള്‍

രോഗം ബാധിച്ച് പൂര്‍ണ്ണമായും നശിച്ച തെങ്ങുകള്‍ വേരോടെ പിഴുത് നശിപ്പിക്കുക. രോഗം ബാധിച്ച തെങ്ങിന് ചുറ്റും 60 സെമി ആഴത്തിലും 30 സെമി വീതിയിലുമായി കിടങ്ങ് കുഴിച്ച് മറ്റു തെങ്ങുകളിലേക്ക് രോഗം പടരുന്നത് തടയുക, തെങ്ങിന് നിര്‍ദ്ദേശിച്ച അളവില്‍ ജൈവവളങ്ങളും രാസവളങ്ങളും ചേര്‍ത്ത് കൊടുത്ത് അവയുടെ ആരോഗ്യം മെച്ചപ്പെടുത്തുക, എതിര് കുമിളുകളായ ട്രൈക്കോഡെര്‍മ്മ ചേര്‍ത്ത വേപ്പിന്‍ പിണ്ണാക്ക് ഒരു തടത്തില്‍ അഞ്ച് കിലോഗ്രാം എന്ന തോതില്‍ ഇടുക. ടാല്‍ക്ക് മാദ്ധ്യമത്തില്‍ ഒരു കിലോഗ്രാം ട്രൈക്കോഡെര്‍മ്മ 100 കിലോ ഗ്രാം വേപ്പിന്‍ പിണ്ണാക്കില്‍ എന്ന തോതില്‍ കലര്‍ത്തി തടത്തില്‍ ചേര്‍ക്കുന്നതിനുള്ള മിശ്രിതം തയ്യാറാക്കുക.

നാലു ദിവസത്തിലൊരിക്കല്‍ തെങ്ങിന്‍തടം നനച്ച് കൊടുക്കുക, അതോടൊപ്പം ഉണങ്ങിയ ഓലകളും ചപ്പു ചവറുകളും ഉപയോഗിച്ച് പുതയിടുക. വാഴ ഇടവിളയായി കൃഷി ചെയ്യുന്നത് രോഗനിയന്ത്രണത്തിന് സഹായിക്കും. വാഴയുടെ വേരുകളില്‍ നിന്നുള്ള സ്രവങ്ങള്‍ രോഗകാരിയായ കുമിളിനെതിരെ പ്രവര്‍ത്തിക്കുന്നു. വേനല്‍ക്കാലത്ത് ഹോസുപയോഗിച്ചോ കണിക ജലസേചന രീതിയിലോ തെങ്ങുകള്‍ക്ക് ജലസേചനം ചെയ്യുക. തോട്ടം മുഴുവന്‍ നനയുന്ന രീതിയിലുള്ള നന ഒഴിവാക്കണം.