മധുരം മാത്രമുള്ള തണ്ണീര്‍മത്തന്‍

Web Desk
Posted on August 11, 2019, 6:20 am

അശ്വതി

നല്ല മധുരമുള്ള തണ്ണീര്‍മത്തന്‍ കുറച്ച് സമയമെടുത്ത് മനസ്സ് നിറഞ്ഞ് ആസ്വദിച്ച് കഴിയുന്ന അനുഭവമാണ് ഗിരീഷ് എ ഡി സംവിധാനം ചെയ്ത ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ തരുന്നത്. കൗമാര കുതൂഹലങ്ങള്‍ പെരുമ്പറകൊട്ടുന്ന പ്ലസ് ടു / പ്രീഡിഗ്രി കാലത്തിന്റെ ഓര്‍മ്മകള്‍ ഏതൊരാളുടെയും മനസ്സില്‍ മഴവില്ല് വിരിയിക്കാന്‍ പോന്നവയാണ്. ഓരോ ദിവസവും കാണുന്നതും കേള്‍ക്കുന്നതും ചെയ്യുന്നതും ഒക്കെ ആദ്യമായെന്ന പോലെ കൗതുകത്തോടെ സമീപിക്കുന്ന സമീപിക്കുന്ന പ്രായമാണ് കൗമാരം. നിഷ്‌കളങ്കമായ കുറെ മുഖങ്ങളുടെ ചിരിയ്ക്കും പരിഭവങ്ങള്‍ക്കുമൊപ്പം രണ്ടേകാല്‍ മണിക്കൂര്‍ ചെലവഴിക്കാനുള്ള അവസരമാണ് ഗിരീഷ് എം ഡിയും ദിനോയ് പൗലോസും ചേര്‍ന്ന് രചിച്ച ‘തണ്ണീര്‍ മത്തന്‍ ദിനങ്ങ’ളുടെ വാഗ്ദാനം.

ലളിത സുന്ദര പ്ലസ്ടുക്കാലം

വളരെ ഗൗരവമേറിയ വിഷയങ്ങളൊന്നും ‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’ ചര്‍ച്ച ചെയ്യുന്നില്ല എന്നതാണ് ഈ ചലച്ചിത്രത്തിന്റെ പ്രധാന പ്രത്യേകത. ഒരു സാധാരണ സ്‌കൂള്‍ കളിക്കളത്തില്‍ നടക്കുന്ന നാടന്‍ ക്രിക്കറ്റ് കളിയുടെ ആരവത്തോടൊപ്പം ആരംഭിക്കുന്ന ചിത്രം പ്ലസ്ടു പ്രവേശന നടപടികള്‍ പുരോഗമിക്കുന്ന സ്‌കൂള്‍ ദിനങ്ങളിലേക്ക് കടക്കുകയാണ്. തുടക്കം മുതല്‍ ഒടുക്കം വരെ ഏച്ചുകെട്ടില്ലാത്ത നല്ല ഒഴുക്കുള്ള കോമഡി പഞ്ച് സൂക്ഷിച്ച് ചടുലമായ സംഭാഷണങ്ങളാണ് ചിത്രത്തിലുടനീളം. ഇന്നത്തെ ന്യൂജന്‍ സിനിമകളില്‍ സ്ഥിരമായി കാണുന്ന സ്‌കൂള്‍ അന്തരീക്ഷവും കുട്ടികളുടെ മാനറിസങ്ങളും തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ കാണാന്‍ കഴിയില്ല. വികലമായ മലയാളം ഉച്ചരിച്ച് ചറപറങ്ങനെ ഇംഗ്ലീഷടിച്ച് ചലച്ചിത്രതാരങ്ങെളയും മോഡലുകളെയും കടത്തിവെട്ടുന്ന മാനറിസങ്ങളും ശരീരഭാഷയുമാണ് പുതിയ സ്‌കൂള്‍ സിനിമകളില്‍ കാണാറുള്ളത്. സോഷ്യല്‍ മീഡിയയുടെ പ്രലോഭനങ്ങളും മദ്യ‑മയക്കുമരുന്ന് ഉപയോഗവും അന്യനോടുള്ള സഹാനുഭൂതിക്കുറവും ക്രിമിനല്‍ ചിന്താഗതിയുമൊക്കെച്ചേര്‍ന്ന് ഒരു സാമൂഹിക ജീവിയെന്ന നിലക്ക് മോശം മാര്‍ക്കുവാങ്ങുന്ന കൗമാരക്കാഴ്ചകളാണ് ഭൂരിപക്ഷം ന്യൂജന്‍ മലയാള ചിത്രങ്ങളും അവതരിപ്പിച്ചത്. എന്നാല്‍ അതില്‍ നിന്നൊക്കെ വളരെ വ്യത്യസ്തമായ രീതിയിലാണ് തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ തിരക്കഥയും സംവിധാനവും. ചെറിയ കുസൃതികളും നന്മ വിളയിക്കുന്ന മനസ്സും നിഷ്‌കളങ്കമായ സൗഹൃദങ്ങളുമായി അദ്ധ്യാപകരോട് ബഹുമാനവും സ്‌നേഹവും സൂക്ഷിക്കുന്ന ഒരു കൂട്ടം സാധാരണകുട്ടികളാണ് തണ്ണീര്‍മത്തനില്‍ കഥാപാത്രങ്ങളാകുന്നത്. ഒട്ടും അതിശയോക്തിയില്ലാതെ യാഥാര്‍ത്ഥ്യബോധത്തോടെയാണ് അവരുടെ രണ്ടുവര്‍ഷക്കാലത്തെ സ്‌കൂള്‍ ജീവിതം പറയുന്നത്.

ക്ലാസ് ചിരിയുമായി മാത്യൂതോമസ്

പ്രേക്ഷക ശ്രദ്ധ നേടിയ ‘കുമ്പളങ്ങിനൈറ്റ്‌സി‘ലെ നാല്‍വര്‍ സഹോദരന്‍മാരില്‍ ഇളയവനായി വേറിട്ട അഭിനയം കാഴ്ചവച്ച മാത്യുതോമസാണ് ചിത്രത്തിലെ നായകന്‍ എന്ന് പറയാം. കളങ്കമില്ലാതെ ഉള്ളില്‍ നിന്ന് വരുന്ന ഒന്നാം ക്ലാസ് ചിരിയാണ് മാത്യുതോമസ് അവതരിപ്പിച്ച ജയ്‌സണ്‍ എന്ന പ്ലസ്ടുക്കാരന്റെ പ്രത്യേകത. ആ ചിരിയിലൂടെ ഒപ്പം പഠിക്കുന്ന സുന്ദരിക്കുട്ടി കീര്‍ത്തിയെ മാത്രമല്ല ജയ്‌സണ്‍ വീഴ്ത്തുന്നത്. ചിത്രം കണ്ടിറങ്ങുന്നവരുടെ ഇഷ്ടക്കുട്ടിയായി സ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്നത് മാത്യുതോമസിന്റെ നിഷ്‌കളങ്കതയും ചിരിയും തന്നെയാണ്. ഒപ്പം അഭിനയിച്ച പത്തോളം കുട്ടികളും ഏറെ സ്വാഭാവികമായ പ്രകടനമാണ് കാഴ്ചവച്ചത്. കീര്‍ത്തിയായി അനശ്വര രാജനും മാത്യുവിനൊപ്പം മല്‍സരിച്ച് അഭിനയിച്ചിട്ടുണ്ട്. കഥയില്‍ വഴിത്തിരിവുകളൊന്നും ഇല്ലാതിരുന്നിട്ടുപോലും രണ്ടേകാല്‍ മണിക്കൂര്‍ നമുക്ക് ബോറടിക്കാതിരിക്കാന്‍ കഴിയുന്ന ട്രീറ്റ്‌മെന്റാണ് ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ അവലംബിച്ചിരിക്കുന്നത്.

ശ്രീനിവാസന്‍ സ്‌റ്റൈലില്‍ വിനീത്

രവിപത്മനാഭന്‍ എന്ന അതിഥി അധ്യാപകനായാണ് വിനീത് ശ്രീനിവാസന്‍ വരുന്നത്. ചെറുപ്പത്തിലെ ശ്രീനിവാസന്റെ എല്ലാ മാനറിസങ്ങളും ബ്ലോട്ടിങ് പേപ്പര്‍ പോലെ ഒപ്പിയെടുത്തിരിക്കുകയാണ് വിനീത്. എങ്കിലും ആ കഥാപാത്രത്തിന്റെ അവതരണം സുഗമമാക്കാന്‍ വിനീതിന്റെ അമിത പ്രകടനങ്ങളും ശരീരഭാഷയും സഹായിച്ചിട്ടുണ്ട്. കഥകളും കവിതയും സാരോപദേശങ്ങളും ഒക്കെയായി കുട്ടികളുടെയും സഹഅധ്യാപകരുടെയും മനം കവരുന്ന അധ്യാപകന്‍ വ്യാജനാണെന്ന് പിന്നീട് തിരിച്ചറിയപ്പെടുകയാണ്. ജയ്‌സണ്‍ മാത്രമാണ് തുടക്കം മുതല്‍ സംശയദൃഷ്ടിയോടെ രവി സാറിനെകാണുന്നത്.
അല്‍പം പോലും ഭാരമില്ലാത്ത മനസ്സുമായി കണ്ടിരിക്കാന്‍ കഴിയുന്ന, യാതൊരു ദുരൂഹതയും ഇല്ലാതെ കഥപറയുന്ന സുന്ദരചിത്രമാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. അതിന്റെ സ്വാഭാവം മനസ്സിലാക്കി തയ്യാറാക്കിയ ഗാനങ്ങളും സംഗീതവും ചിത്രത്തെ മിഴിവുറ്റതാക്കി. സുഹൈല്‍കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസാണ് സംഗീതം നല്‍കിയത്. വിനോദ് ഇല്ലം പിള്ളിയും ജോമോന്‍ ടി ജോണും ചേര്‍ന്ന് പ്രവര്‍ത്തിപ്പിച്ച ക്യാമറ നിരവധി ക്ലോസ് ഷോട്ടുകള്‍ ഒപ്പിയെടുത്തിട്ടുണ്ട്. അതിവേഗം മിന്നിമായുന്ന നിരവധി ഷോട്ടുകളുപയോഗിച്ചാണ് ഗാനരംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ഈ ചെറിയ ചിത്രത്തെ കൂടുതല്‍ സുന്ദരമാക്കി അവതരിപ്പിച്ചതില്‍ ഷമീര്‍ മുഹമ്മദ് എന്ന എഡിറ്ററുടെ പ്രാതിനിധ്യവും വിസ്മരിക്കാനാവില്ല.