‘പ്രിയപ്പെട്ട കള്ളന്, ആ ബാഗിലുള്ളത് യുവാവിന്റെ സ്വപ്‌നവും ജീവിതവുമാണ് ‘,വിഷ്ണുവിനായി അപേഷിച്ച് സോഷ്യല്‍ മീഡിയ

Web Desk
Posted on November 15, 2019, 6:05 pm

തൃശൂര്‍: വിഷ്ണുപ്രസാദ് എന്ന യുവാവ് കരഞ്ഞപേക്ഷിക്കുകയാണ് തന്റെ നഷ്ടപ്പെട്ട ബാഗിനു വേണ്ടി, വിഷ്ണു പ്രസാദ് മാത്രമല്ല സോഷ്യൽ മീഡിയ ഒന്നടങ്കം അപേഷിച്ചിരിക്കുകയാണ്. ആ ബാഗ് ഇല്ലെങ്കില്‍ തന്റെ ജീവിതം ഇരുട്ടിലാകുമെന്ന് കണ്ണീരോടെ യുവാവ് പറയുന്നു. ഗൂഢല്ലൂര്‍ സ്വദേശിയാണ് വിഷ്ണുപ്രസാദ്. മുംബൈയിലും ബെംഗളൂരുവിലും കൊച്ചിയിലും നക്ഷത്ര ഹോട്ടലുകളില്‍ ജോലി പരിചയം. കപ്പലില്‍ ലോകമൊട്ടുക്കും യാത്ര ചെയ്യാനുള്ള അനുമതി. ഏഴു വര്‍ഷം നീണ്ട ജോലിയ്ക്കു ശേഷം നല്ല ശമ്പളമുളള ജോലി കിട്ടി. ജര്‍മന്‍ ആഡംബര കപ്പലില്‍. അടുത്ത മാസം ജോയിന്‍ ചെയ്യണം.

സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് അയച്ചു. ജോലിയ്ക്കു തിരഞ്ഞെടുത്തതായി അറിയിപ്പും വന്നു. ഒറിജനല്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കാനായി കൊണ്ടുപോകണം. ജര്‍മന്‍ കമ്പനിയില്‍ നിന്ന് വിളി വന്നാല്‍ ഉടനെ എത്തണം. നിലവില്‍, തൃശൂര്‍ പറവട്ടാനിയിലെ ഒരു ഹോട്ടലിലാണ് ജോലി. അങ്ങനെ, ഒറിജനല്‍ സര്‍ട്ടിഫിക്കറ്റുമായി കൊച്ചിയിലേക്ക് പോകാന്‍ റയില്‍വേ സ്റ്റേഷനില്‍ എത്തിയതായിരുന്നു. കാത്തിരിപ്പുമുറിയില്‍ ഇരുന്നു. രണ്ടു മിനിറ്റു നേരം കണ്ണടഞ്ഞു. കണ്ണുതുറന്നപ്പോൾ ബാഗ് കാണാനില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തൃശൂര്‍ നഗരത്തിലെ മാലിന്യ വീപ്പകളില്‍ നഷ്ടപ്പെട്ട തന്റെ ജീവിതം തിരഞ്ഞുകൊണ്ടിരിക്കുകയാണ് വിഷ്ണു.

ജര്‍മനിയില്‍ നിയമനം നേടുന്നതുവരെ വീട്ടുചെലവിനുള്ള പണം കണ്ടെത്താന്‍ തൃശൂരിലെ സ്വകാര്യ ഹോട്ടലില്‍ ജോലിയ്ക്കെത്തിയതായിരുന്നു വിഷ്ണു. 10 ന് രാവിലെ 10.15 ന് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ വിഷ്ണു വിശ്രമമുറിയില്‍ കയറി. അവിടെയെത്തി മിനിറ്റുകള്‍ക്കകമാണ് ബാഗ് നഷ്ടപ്പെട്ടത്. സ്റ്റേഷന്‍ മുഴുവന്‍ തിരഞ്ഞ ശേഷം പൊലീസിനെ സമീപിച്ചെങ്കിലും മോഷ്ടാവിനെ കണ്ടുപിടിക്കാനായില്ല. സിസിടിവി ക്യാമറകള്‍ പരിശോധിക്കാന്‍ നോക്കിയപ്പോള്‍ സ്റ്റേഷനിലെ പല ക്യാമറകളും പ്രവര്‍ത്തനക്ഷമമല്ലെന്ന് കണ്ടെത്തി.

സ്റ്റേഷനിലെ ഫുഡ് കോര്‍ണറിനു സമീപമുള്ള പ്രവര്‍ത്തനക്ഷമമായ സിസിടിവിയുടെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അനുമതി തേടിയിട്ടുണ്ട്. ബാഗ് മോഷ്ടിച്ച കള്ളന് അതിൽ നിന്നും പഴയ ഒരു മൊബൈൽ ഫോൺ അല്ലാതെ ഒന്നും വിലപ്പെട്ടത് ഒന്നും ലഭിക്കാനില്ല. എന്നാൽ വിഷ്ണുനിനാകട്ടെ അവന്റെ വിലപ്പെട്ടതെല്ലാം ആ ബാഗിലാണ്. 8903067133 ആണ് വിഷ്ണുവിന്റെ നമ്പര്‍. ബാഗ് കിട്ടുന്നവര്‍ ഈ നമ്പരിൽ ബന്ധപ്പെടുക.