തവിഞ്ഞാല്‍ പഞ്ചായത്തിന് ഓരോ മാസവും വൈദ്യുതി ബില്‍ അടയ്‌ക്കേണ്ട

Web Desk
Posted on June 26, 2019, 9:49 pm

ബിജു കിഴക്കേടത്ത്

മാനന്തവാടി: തവിഞ്ഞാല്‍ പഞ്ചായത്തിന് ഓരോ മാസവും വൈദ്യുതി ബില്‍ അടയ്‌ക്കേണ്ട. പഞ്ചായത്തിന് വൈദ്യുതി നല്‍കിയതിന് വര്‍ഷംതോറും കെഎസ്ഇബിയില്‍നിന്ന് പണം ഇങ്ങോട്ട് ലഭിക്കുകയും ചെയ്യും. ദിനംപ്രതി ശരാശരി 50 യൂണിറ്റ് വൈദ്യുതി ഉത്പാദനം ലക്ഷ്യമിട്ടുള്ള സോളാര്‍ പ്ലാന്റാണ് തവിഞ്ഞാല്‍ പഞ്ചായത്തില്‍ സ്ഥാപിച്ചിട്ടുള്ളത്. സോളാറില്‍നിന്ന് നേരിട്ട് കെഎസ്ഇബിയിലേക്കാണ് വൈദ്യുതി നല്‍കുന്നത്. ഏകദേശം 15 യൂണിറ്റ് വൈദ്യുതിയാണ് ദിവസേന തവിഞ്ഞാല്‍ ആവശ്യമുള്ളത്.

ദിനംപ്രതി ബാക്കിവരുന്ന 35 യൂണിറ്റോളം വൈദ്യുതിയുടെ തുക കണക്കാക്കി വര്‍ഷത്തിലൊരിക്കല്‍ കെഎസ്ഇബി തവിഞ്ഞാല്‍ പഞ്ചായത്തിന് നല്‍കും. ഓരോ ബില്ലിലും പതിനൊന്നായിരം രൂപയാണ് നിലവില്‍ പഞ്ചായത്തിന് വൈദ്യുതി ബില്ലിനത്തില്‍ വരുന്നത്. ഈയിനത്തില്‍ വര്‍ഷത്തില്‍ 75000 രൂപയോളം ചിലവ് വരാറുണ്ട്. പഞ്ചായത്തിന്റെ 2018- 19 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. 10.2 ലക്ഷം രൂപ ഫണ്ടിലാണ് 12 കിലോ വാട്ട് ശേഷിയുള്ള പാനലുകള്‍ സ്ഥാപിച്ചത്. പഞ്ചായത്ത് കെട്ടിടത്തിന്റെ മുകളിലെ ഒഴിഞ്ഞുകിടക്കുന്ന ഭാഗത്ത് തട്ടുകളിലാണ് സോളാര്‍ പാനലുകള്‍ വെച്ചിട്ടുള്ളത്. 14700 യൂണിറ്റ് വൈദ്യുതി വാര്‍ഷിക ഉല്‍പ്പാദനമാണ് പ്രതീക്ഷിക്കുന്നത്. 325 വാട്‌സ് ന്റെ 38 പാനലുകള്‍ സ്ഥാപിച്ചത് 336 സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്താണ്. ഡെല്‍റ്റ യുടെ 15 കിലോ വാട്ടിന്റെ ഇന്‍വേര്‍ട്ടറും സ്ഥാപിച്ചു. ഫാക്ടറി ടെസ്റ്റും സൈറ്റ് ടെസ്റ്റും നടത്തി ഗുണമേന്മ ഉറപ്പ് വരുത്തിയ ഉപകരണങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്, ഇവയ്ക്ക് 5 വര്‍ഷം മെയ്ന്റനന്‍സ് കമ്പനി നല്‍കും ഇത് അടക്കമാണ് 10.20 ലക്ഷം രൂപ.

പഞ്ചായത്ത് ഓഫീസിന് വര്‍ഷത്തില്‍ 6000 യൂണിറ്റോളം വൈദ്യുതിയാണ് ആവശ്യമായി വരുന്നത്, ബാക്കി യൂണിറ്റിനുള്ള തുക റെഗുലേറ്ററി കമ്മീഷന്‍ നിശ്ചയിക്കുന്നതിന് അസരിച്ചുള്ളത് പഞ്ചായത്തിന് ലഭിക്കും. പഞ്ചായത്തിനു കീഴിലുള്ള ഘടക സ്ഥാപനങ്ങളുടെ വൈദ്യുതി ബില്ലും ആവശ്യമെങ്കില്‍ സോളാര്‍ വൈദ്യുതി ബില്ലില്‍ നിന്നു കുറവ് ചെയ്യാവുന്നതാണ്. മറ്റ് പഞ്ചായത്തുകള്‍ക്ക് മാതൃകയാകുന്ന തരത്തിലുള്ള പദ്ധതികളാണ് തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് രൂപീകരിച്ചിട്ടുള്ളത്.

You May Also Like This: