സിനിമാ ഡയലോഗ് പറഞ്ഞ് 10 വയസുകാരിയെ അച്ഛൻ ചുറ്റിക കൊണ്ട് അടിച്ചു

Web Desk
Posted on November 06, 2019, 8:49 am

ബംഗ്ലുരു: സിനിമയിലെ ഡയലോ​ഗ് പറഞ്ഞുകൊണ്ട് പത്തുവയസ്സുകാരിയെ ചുറ്റിക കൊണ്ട് അടിച്ച സംഭവത്തില്‍ അച്ഛന്‍ അറസ്റ്റില്‍. കുട്ടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ വൈറല്‍ ആയതോടെയാണ് പൊലീസ് കേസ് എടുത്തത്. കെജിഎഫ് സിനിമയിലെ സംഭാഷണങ്ങള്‍ പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. കര്‍ണാടകയിലെ ഹാസനിലെ ചെമ്പകനഗറിലാണ് സംഭവം.

കാപ്പി എസ്റ്റേറ്റ് ഉടമയായ അന്‍പതുകാരനാണ് അറസ്റ്റിലായത്. തന്റെ രണ്ട് പെണ്‍മക്കളില്‍ ഒരാളെയാണ് ഭാര്യയുടെ മുന്നില്‍വെച്ചു ഇയാള്‍ മദ്യലഹരിയില്‍ ചുറ്റിക കൊണ്ട് അടിച്ചത്. മക്കളില്‍ ഒരാള്‍ തന്നെ ഇതിന്റെ ദൃശ്യങ്ങള്‍ എടുക്കുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് പുറത്തായത്.

കെജിഎഫ് സിനിമയിലെ നായകനെപ്പോലെ ചുറ്റിക കൊണ്ട് അടിക്കുമെന്നു പറയുന്ന ഇയാള്‍ അതിലെ സംഭാഷണങ്ങളും പറയുന്നുണ്ട്. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഭാര്യ പരാതിയും നല്‍കി. ആണ്‍കുട്ടികള്‍ ഇല്ലാതിരുന്ന ദേഷ്യത്തില്‍ ഇയാള്‍ പെണ്‍കുട്ടികളെയും ഭാര്യയെയും പതിവായി ഉപദ്രവിച്ചിരുന്നു എന്നും പൊലീസ് പറയുന്നു.