പഞ്ചാബിലെ എഎപി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന വിജയ് സിംഗ്ല കരാറുകാരോട് കൈക്കൂലിയായി ആവശ്യപ്പെട്ടത് 1.16 കോടി രൂപ. പഞ്ചാബ് പൊലീസിന്റെ അഴിമതി വിരുദ്ധവിഭാഗം രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഇതിന് പുറമെ ആരോഗ്യവകുപ്പ് സംബന്ധിച്ചുള്ള ഭാവി കരാറുകള്‍ക്കായി ഒരു ശതമാനം കമ്മിഷനും ആവശ്യപ്പെട്ടതായി എഫ്ഐആറില്‍ പറയുന്നു.
കൈക്കൂലിക്കേസില്‍ അറസ്റ്റിലായ വിജയ് സിംഗ്ലയെ 27 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരിക്കുകയാണ്. അഴിമതി ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഇദ്ദേഹത്തെ മന്ത്രിസ്ഥാനത്തുനിന്നും മുഖ്യമന്ത്രി ഭഗവന്ത് മൻ പുറത്താക്കിയിരുന്നു. അഴിമതി വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് രണ്ടു മാസം മുമ്പ് പഞ്ചാബിൽ അധികാരമേറ്റ എഎപിക്ക് മന്ത്രിയുടെ അറസ്റ്റും പുറത്താകലും വന്‍ തിരിച്ചടിയാണ്.
പഞ്ചാബ് ഹെല്‍ത്ത് സിസ്റ്റം കോര്‍പറേഷനിലെ സൂപ്രണ്ടിങ് എന്‍ജിനീയര്‍ രാജീന്ദര്‍ സിങ്ങാണ് മന്ത്രിക്കെതിരെ പരാതി നല്‍കിയത്. മന്ത്രിക്കുവേണ്ടി ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായ പ്രദീപ് കുമാറാണ് കൈക്കൂലി ആവശ്യവുമായി ഉദ്യോഗസ്ഥനെ സമീപിച്ചത്. 41 കോടിയുടെ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഒരുകോടിയിലധികം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.
ആദ്യഗഡുവായി 20 ലക്ഷം രൂപ നല്‍കണമെന്നായിരുന്നു നിബന്ധന. നേരിട്ടും പലതവണ ഫോണിലൂടെയും ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി. 23ന് അഞ്ചുലക്ഷം രൂപ ഉദ്യോഗസ്ഥന്‍ നല്‍കി. എന്നാല്‍ ബാക്കി പണം ആവശ്യപ്പെട്ട് വീണ്ടും ഭീഷണി തുടര്‍ന്നതോടെ മുഖ്യമന്ത്രിക്കും പൊലീസിലും പരാതി നല്‍കുകയായിരുന്നു. പണം കൈമാറുന്നതിന്റെ ശബ്ദരേഖകള്‍ അടക്കം ശക്തമായ തെളിവുകള്‍ മന്ത്രിക്കെതിരെ നിരന്നതോടെയാണ് ഭഗവന്ത് മന്‍ പുറത്താക്കിയത്. സിംഗ്ല കുറ്റം സമ്മതിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. മാൻസ മണ്ഡലത്തിൽനിന്ന് 63,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിംഗ്ല വിജയിച്ചത്.
English Summary:The AAP minister demanded a bribe of Rs 1.16 crore
You may also like this video