June 6, 2023 Tuesday

Related news

June 2, 2023
May 31, 2023
May 27, 2023
May 24, 2023
May 20, 2023
May 20, 2023
May 20, 2023
May 10, 2023
May 10, 2023
May 10, 2023

ആംഗ്ലോ ഇന്ത്യൻ സംവരണം നിർത്തലാക്കുന്നത് സാമൂഹ്യനീതി അട്ടിമറിക്കും

ഷാജി ഇടപ്പള്ളി
December 7, 2019 10:03 pm

കൊച്ചി: ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിന് പാർലെമെന്റിലും 12 സംസ്ഥാന നിയമസഭകളിലും ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണം നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. സാമൂഹ്യനീതി അട്ടിമറിക്കുന്ന ഈ നിലപാടിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്ന ആവശ്യം ശക്തം. 543 അംഗ ലോകസഭയിൽ രണ്ടിൽ കുറയാത്ത അംഗങ്ങളെ രാഷ്ട്രപതിക്ക് നാമനിർദേശം ചെയ്യാനുള്ള ഭരണഘടന അനുഛേദം 331 പ്രകാരമുള്ള അവകാശമാണ് ഇല്ലാതാവുന്നത്. സംസ്ഥാന നിയമസഭകളിലുള്ള സംവരണവും എടുത്തുകളയാനാണ് നീക്കം. രാജ്യത്തെ ആംഗ്ലോ ഇന്ത്യൻ വിഭാഗം ഭേദപ്പെട്ട ജീവിത നിലവാരത്തിൽ എത്തിയിട്ടുണ്ടെന്ന മന്ത്രിസഭ ഉപസമിതിയുടെ കണ്ടെത്തൽ വസ്തുതകൾ ശരിയായി വിലയിരുത്താതെയുള്ളതാണെന്നാണ് ആംഗ്ലോ ഇന്ത്യൻ സംഘടന നേതാക്കളുടെ പ്രതികരണം. ജനസംഖ്യ തീരെ കുറഞ്ഞ ജനവിഭാഗത്തിന് അവരുടെ പൊതുവിഷയങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഭരണഘടനാ ശിൽപികൾ സംവരണം ഏർപ്പെടുത്തിയത്.

ഒന്നര ലക്ഷത്തോളം വരുന്ന ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിലെ ബഹുഭൂരിപക്ഷവും ഇന്നും പിന്നാക്കാവസ്ഥയിലാണ്. കളിമൺ പാത്രനിർമ്മാണം, ബോട്ടുനിർമ്മാണം, ലോഹപ്പണികൾ, മരപ്പണികൾ, തയ്യൽ ജോലികൾ, ചെറുകിട വ്യവസായം ഉൾപ്പെടെ പരമ്പരാഗത തൊഴിലുകളിൽ ഏർപ്പെടുന്നവരാണ് ഇവരിൽ ഏറെയും. കേവലം മൂന്നോ നാലോ ശതമാനം മാത്രമാണ് ഉയർന്ന ജീവിത നിലവാരത്തിലുള്ളത്. എന്നിട്ടും ചെറു ന്യൂനപക്ഷത്തോട് കടുത്ത അവഗണന പുലർത്തുന്ന കേന്ദ്രസർക്കാർ നയം തിരുത്തണമെന്നാണ് ആവശ്യമുയർന്നിട്ടുള്ളത്. ബ്രിട്ടീഷുകാരുടെ മറ്റൊരു സമൂഹമായാണ് ആംഗ്ലോ ഇന്ത്യൻസിനെ ആദ്യകാലങ്ങളിൽ കണ്ടിരുന്നത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച 1947ന് ശേഷമുള്ള ആഗ്ലോ ഇന്ത്യൻകാരുടെ ജീവിതം ഏറെ ദുരിതപൂർണമായിരുന്നു. ഇന്ത്യയിൽ സ്ഥിരമായി താമസിക്കുന്നവരുടെ പിതാവോ അല്ലെങ്കിൽ പുരുഷന്മാരായ മറ്റാരെങ്കിലും യൂറോപ്യൻ വംശജരായുണ്ടെങ്കിൽ അവരെ ആഗ്ലോ ഇന്ത്യൻ വംശത്തിൽ ഉൾപ്പെടുത്താം എന്നതാണ് നിയമം.

1950ൽ ഇന്ത്യൻ ഭരണഘടന ഇവരെ ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുത്താനും തീരുമാനിച്ചു. സർക്കാരിന്റെ കണക്കനുസരിച്ച് ഇന്ന് ഏകദേശം ഒന്നര ലക്ഷത്തോളം ആഗ്ലോ ഇന്ത്യക്കാർ ഇന്ത്യയിൽ സ്ഥിരമായി താമസിക്കുന്നു. ഇവർ ഏറ്റവും കൂടുതലായുള്ളത് ഡൽഹി, ബംഗളൂരു, കൊൽക്കത്ത, മുംബൈ, കൊച്ചി, ഗോവ, തിരുച്ചിറപ്പിള്ളി, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലാണ്. ഇന്ത്യയിലെ ആഗ്ലോ ഇന്ത്യൻ സമൂഹത്തിന് ജനാധിപത്യ പ്രക്രിയിൽ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ഭരണഘടനാ ശില്പികൾ വിഭാവന ചെയ്ത പ്രാതിനിധ്യം തുടരേണ്ടതില്ല എന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനം നീതി നിഷേധമാണെന്നാണ് കെആർഎൽസിസി പ്രസിഡന്റ് ബിഷപ്പ് ഡോ ജോസഫ് കരിയിലിന്റെ പ്രതികരണം.
സംസ്ഥാന ദേശിയ തലങ്ങളിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുന്നതിനും ഇന്നലെ കൊച്ചിയിൽ ചേർന്ന യോഗം തീരുമാനിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങളിൽ ഏറ്റവും ചെറിയ വിഭാഗത്തിനെതിരെയുള്ള ഈ നീക്കം ബിജെപി സർക്കാരിന്റെ ആദ്യ ചുവടുവയ്പായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ക്രമേണ മറ്റു ന്യൂനപക്ഷ സമൂഹത്തിനുള്ള സംവരണവും എടുത്തുകളഞ്ഞേക്കാമെന്ന ആശങ്കയും അത്തരം വിഭാഗങ്ങൾക്കിടയിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.