Web Desk

ന്യൂഡൽഹി

December 23, 2020, 6:28 pm

കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അക്കാദമിക് ഗവേഷണം സംഘം കേന്ദ്രത്തിന് കത്തെഴുതി

Janayugom Online

കാർഷിക നിയമങ്ങൾ റദ്ദാക്കാനും കർഷകരുമായി ചർച്ച നടത്താനും ആവശ്യപ്പെട്ട് അക്കാദമിക് ഗവേഷണം സംഘം കേന്ദ്ര കൃഷി മന്ത്രിയ്ക്ക് കത്തെഴുതി. ഇന്ത്യയിലെ കർഷകരെ തെരുവിലിറക്കിയ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലോകമെമ്പാടുമുള്ള 40 ഓളം സാമ്പത്തിക വിദഗ്ധർ ഉൾപ്പെടുന്ന അക്കാദമിക് ഗവേഷണ സംഘമാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന് കത്തെഴുതിയത്.

കാർഷിക നിയമം പാസാക്കുന്നതിൽ സർക്കാർ തിടുക്കം കാണിച്ചുവെന്നും ഇന്ത്യയിലെ കാർഷിക പ്രശ്നങ്ങളെക്കുറിച്ച് വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കാർഷിക സംഘങ്ങളുമായി ചർച്ചകൾ നടത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. കർഷകരുടെ നിരന്തരമായ പ്രതിഷേധത്തിന് കാരണമായ കാർഷിക നിയമങ്ങളിൽ ഉത്കണ്ഠയുണ്ടെന്നും ഇന്ത്യയിലെ ചെറുകിട, നാമമാത്ര കർഷകർക്ക് മെച്ചപ്പെട്ട വിലയും അവരുടെ ഉല്പന്നങ്ങൾക്ക് വിപണിയും ആവശ്യമാണെങ്കിലും കേന്ദ്രസർക്കാർ നിർദ്ദേശിച്ച കാർഷിക നിയമങ്ങൾ അത് ഉറപ്പാക്കുമെന്ന് വ്യക്തമല്ലെന്നും കത്തിൽ പറയുന്നു.

കരാർ കൃഷിയിൽ നിന്ന് ചെറുകിട, നാമമാത്ര കർഷകർക്ക് വ്യക്തമായ നേട്ടങ്ങളൊന്നും ലഭിക്കുന്നില്ലെന്ന് ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള അക്കാദമിക് പ്രവർത്തനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ കാർഷിക ഉല്പാദകരിൽ ഭൂരിഭാഗവും ചെറുകിട, നാമമാത്ര കർഷകരാണ്. ഈ നിയമങ്ങൾ അവരുടെ ക്ഷേമത്തെ പ്രതികൂലമായി ബാധിക്കും. സ്വകാര്യ കരാറുകാർ, മാർക്കറ്റ് ഇടനിലക്കാർ, വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങൾ എന്നിവയെ കൂടുതൽ ശക്തിപ്പെടുത്താൻ മാത്രമേ ഈ നിയമം വഴി സാധിക്കുകയുള്ളൂവെന്നും കത്തിൽ വ്യക്തമാക്കുന്നു.

സംസ്ഥാനങ്ങളുടെ സ്വയംഭരണത്തെ ദുർബലപ്പെടുത്താൻ ഈ നിയമങ്ങൾ ശ്രമിക്കുന്നു. ഇന്ത്യയിൽ കഴിഞ്ഞ അഞ്ച് മുതൽ ആറ് വർഷമായി ന്യൂനപക്ഷ മതവിഭാഗങ്ങളുടെയും ദളിതരുടെയും അവകാശങ്ങൾ ഇല്ലാതാകുന്നുണ്ട്. നിരവധി പ്രദേശങ്ങളിൽ നിന്നുള്ള കർഷകർ പ്രതിഷേധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും കർഷകരായ ചില മതവിഭാഗത്തിന്റെ (പഞ്ചാബിലെ സിഖുക്കാർ) വികാരത്തെ തളർത്താനും ഈ നിയമം കാരണമായിട്ടുണ്ടെന്നും കത്തിൽ സൂചിപ്പിക്കുന്നു.

Eng­lish sum­ma­ry; The Aca­d­e­m­ic Research Team wrote to the Cen­ter demand­ing the repeal of agri­cul­tur­al laws

You may also like this video;