Web Desk

തൊടുപുഴ

January 24, 2020, 8:21 pm

കൊലക്കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും

Janayugom Online

കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ചു.കന്യാകുമാരി ജില്ലയിൽ നാഗർകോവിൽ ലക്ഷ്മിപുരം ഭാഗത്ത് പുത്തൻപുരയ്ക്കൽ ഭാരതിബാലൻ(68) കൊല്ലപ്പെട്ട കേസിലെ പ്രതിയായ കട്ടപ്പന കുന്തളംപാറ അമ്പലപ്പാറ ഭാഗത്ത് കൂടപ്പാട്ട് വീട്ടിൽ തങ്കച്ചനെ( 58 )യാണ് ജീവപര്യന്തം തടവിനും പതിനായിരം രൂപ പിഴയൊടുക്കുന്നതിനും വിധിച്ച് തൊടുപുഴ സെഷൻസ് കോടതി ജഡ്ജി മുഹമ്മദ് വസീം ഉത്തരവിട്ടത്. പിഴയൊടുക്കിയില്ലെങ്കിൽ രണ്ടു വർഷം കഠിന തടവും അനുഭവിക്കണം. മരിച്ച ഭാരതിബാലന്റെ മകളായ ശ്രീദേവിയെ ( 25 ) മാനഭംഗപ്പെടുത്താൻ ശ്രമിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിലാണ് ഭാരതിബാലനെ പ്രതി കുത്തി ക്കൊലപ്പെടുത്തിയത്. മാനഭംഗ ശ്രമത്തിന് രണ്ടു വർഷം കഠിന തടവും അയ്യായിരം രൂപ പിഴയും പിഴയൊടുക്കിയില്ലെങ്കിൽ ആറ് മാസം കഠിന തടവിനും ശിക്ഷിച്ചു.

ശിക്ഷകൾ രണ്ടും ഒരുമിച്ച് അനുഭവിച്ചാൽ മതി. 2017മാർച്ച് 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാഗർകോവിൽ സ്വദേശിയായ ഭാരതിബാലന്റെ മകളായ ശ്രീദേവിയും ഭർത്താവ് രാജേഷും കുന്തളംപാറയിലാണ് കുടുംബമായി താമസിക്കുന്നത്. മറ്റു ബന്ധുക്ക ളാരും ഇല്ലാത്തതിനാൽ ഭാരതിബാലൻ ഇടയ്ക്ക് മകളുടെ കൂടെവന്ന് താമസിക്കാറുണ്ട്. മകളുടെ വീടുപണി നടക്കുന്നതിനാൽ സംഭവത്തിന് ഒരാഴ്ച മുമ്പ് മുതൽ ഭാരതിബാലൻ മകളോടൊപ്പം വീട്ടിൽ ഉണ്ടായിരുന്നു. അയൽവാസിയായ പ്രതി തങ്കച്ചൻ ശ്രീദേവിയുടെ വീട്ടിൽ മേസ്തിരി പണിക്കാരനായിരുന്നു. സംഭവ ദിവസം ഉച്ചയ്ക്ക് 12 മണിക്ക് പ്രതി മദ്യപിച്ചശേഷം അടുക്കളമുറ്റത്ത് പച്ചക്കറി അരിഞ്ഞുകൊണ്ടിരുന്ന ശ്രീദേവിയുടെ കൈയിൽ കയറി പിടിക്കുകയും മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ശ്രീദേവി ബഹളം വെച്ചതിനെ തുടർന്ന് പ്രതിയും ഭാരതിബാലനും തമ്മിൽ ഉന്തും തള്ളും ഉണ്ടാകുകയും ശ്രീദേവിയുടെ ഭർത്താവ് രാജേഷും മറ്റു പണിക്കാരും ചേർന്ന് പ്രതി തങ്കച്ചനെ പിടിച്ചുമാറ്റി വീട്ടിൽ പറഞ്ഞുവിടുകയും ചെയ്തു.

അതിനുശേഷം അന്ന് വൈകിട്ട് 4. 30ന് പ്രതി തങ്കച്ചൻ ശ്രീദേവിയുടെ വീടിനു മുൻവശം റോഡിൽ വന്ന് ഭാരതിബാലനെ വെല്ലുവിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. തുടർന്ന് മകളെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കാര്യത്തെ സംബന്ധിച്ച് പ്രതിയും ഭാരതിബാലനുമായി വീണ്ടും റോഡിൽവെച്ച് വാക്കുതർക്കമുണ്ടാകുകയും ചെയ്തു. ഈ സമയം പ്രതി കൈയ്യിൽ കരുതിയിരുന്ന പിച്ചാത്തികൊണ്ട് ഭാരതിബാലന്റെ നെഞ്ചിൽ കുത്തി. കുത്തുകൊണ്ട് ഭാരതിബാലൻ റോഡിൽ കമിഴ്ന്നു വീണു. അരമണിക്കൂറോളം അനക്കമില്ലാതെ റോഡിൽ തന്നെ കിടന്ന ഭാരതിബാലനെ കട്ടപ്പന പൊലീസ് സ്ഥലത്തെത്തി ആംബുലൻസിൽ കയറ്റിയാണ് ആശുപത്രിയിൽ കൊണ്ടുപോയത്.

ആശുപത്രിയിലെത്തുന്നതിനു മുമ്പുതന്നെ ഭാരതിബാലൻ മരിച്ചു. സംഭവത്തിനുശേഷം മൂന്ന് ദിവസം അടുത്തുള്ള ഏലത്തോട്ടത്തിൽ ഒളിവിൽ കഴിഞ്ഞ പ്രതി തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഭാരതിബാലനെ കുത്താൻ ഉപയോഗിച്ച കത്തി ഏലക്കാട്ടിലെ ഒരു ഷെഡ്ഡിൽ നിന്നും പൊലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 17 സാക്ഷികളെ വിസ്തരിക്കുകയും 25 പ്രമാണങ്ങൾ തെളിവിൽ സ്വീകരിക്കുകയും ചെയ്തു. സംഭവത്തിന് ദൃക്സാക്ഷികളായ മകൾ ശ്രീദേവിയുടെയും ഭർത്താവ് രാജേഷിന്റെയും അയൽവാസിയുടെയും മൊഴികളാണ് കേസ് തെളിയിക്കുന്നതിന് നിർണ്ണായകമായത്. അന്ന് കട്ടപ്പന പൊലീസ് ഇൻസ്പെക്ടറായ വി എസ് അനിൽകുമാറാണ് കേസിന്റെ അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി സുനിൽദത്ത് ഹാജരായി.

Eng­lish Sum­ma­ry: The accused in the mu rder is sen­tenced to life imprisonment