Friday
19 Jul 2019

സൗമ്യയെ തീവച്ചുകൊലപ്പെടുത്തിയ പൊലീസുകാരന്‍ അജാസ് മരിച്ചു

By: Web Desk | Wednesday 19 June 2019 6:18 PM IST


സ്വന്തം ലേഖകന്‍

ആലപ്പുഴ: മാവേലിക്കര വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസ് ഓഫീസര്‍ സൗമ്യ പുഷ്പാകരനെ തീകൊളുത്തി കൊന്ന കേസിലെ പ്രതി ആലുവ ട്രാഫിക് പൊലീസ് സ്‌റ്റേഷന്‍ സിപിഒ. കാക്കനാട് സൗത്ത് വാഴക്കാല നെയ്‌വേലിയില്‍ എന്‍ എ അജാസ് (31) മരിച്ചു. സൗമ്യയെ തീകൊളുത്തി കൊല്ലുന്നതിനടയില്‍ അജാസിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ അണുബാധയും ന്യൂമോണിയയുമാണ് മരണകാരണം. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. വയറിനേറ്റ ഗുരുതരമായ പൊള്ളലിനെ തുടര്‍ന്നുണ്ടായ അണുബാധ അജാസിന്റെ വൃക്കകളെ ബാധിച്ചിരുന്നു. ഇതോടെ ഇയാളെ ഡയാലിസിസിനും വിധേയനാക്കി. ഇയാളുടെ ഹൃദയമിടിപ്പ് കുറഞ്ഞുതുടങ്ങിയതായി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരും വ്യക്തമാക്കിയിരുന്നു.  വൈകിട്ട് 6.30 ഓടെയായിരുന്നു മരണം.

അജാസിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഉച്ചയ്ക്ക് ശേഷം ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനവും നിലച്ചു. തന്റെ വിവാഹ അഭ്യര്‍ത്ഥന തുടര്‍ച്ചയായി അവഗണിച്ചതാണ് സൗമ്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ കാരണമെന്ന് ആശുപത്രിയില്‍ വെച്ച് മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ അജാസ് വെളിപ്പെടുത്തി. കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സൗമ്യയെ വടിവാളുകൊണ്ട് വെട്ടിയശേഷം അജാസ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇതിനിടയില്‍ സ്വന്തം ദേഹത്തും പെട്രോളൊഴിച്ചു. ആത്മഹത്യയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടതെന്ന് ആലപ്പുഴ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ അജാസ് വ്യക്തമാക്കി. അജാസിനെ സൗമ്യ നേരത്തെയും ഒഴിവാക്കാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. സൗമ്യയും അജാസും തമ്മില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നുവെന്ന് സൗമ്യയുടെ അമ്മ നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു. സൗമ്യയും അജാസും തമ്മില്‍ ഏറെ നാളുകളായി അടുപ്പത്തിലായിരുന്നു. സൗമ്യ ഒന്നരലക്ഷം രൂപ അജാസില്‍ നിന്നും കടം വാങ്ങി. ഒടുവില്‍ അജാസ് വിവാഹ അഭ്യര്‍ത്ഥന നടത്തിയതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. പണം തിരികെ നല്‍കാന്‍ സൗമ്യ ഒരുങ്ങിയിട്ടും അജാസ് അത് വാങ്ങാന്‍ തയ്യാറായിരുന്നില്ല. അമ്മയോടൊപ്പം പണം തിരികെ നല്‍കാന്‍ എറണാകുളത്ത് സൗമ്യ പോയിരുന്നു. എന്നാല്‍ പണം വാങ്ങാതെ ഇരുവരേയും അജാസ് സ്വന്തം കാറില്‍ തിരികെ വള്ളികുന്നത്തെ വീട്ടില്‍ എത്തിച്ചുവെന്നും അമ്മ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. അജാസും സൗമ്യയും തമ്മില്‍ ഫോണിലൂടെ നിരന്തരം തര്‍ക്കം ഉണ്ടായിരുന്നതായി സൗമ്യയുടെ മകനും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

അഞ്ച് കൊല്ലം മുമ്പ് തൃശൂര്‍ കെ എ പി ബെറ്റാലിയനില്‍ പരിശീലനം നല്‍കിയത് മുതലാണ് ഇരുവരും അടുപ്പത്തിലായത്. കൊലപാതകത്തില്‍ അജാസിന്റെ പങ്കിനെപ്പറ്റി കൂടുതല്‍ വകുപ്പുതല അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം അജാസിനെ എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി സസ്‌പെന്റ് ചെയ്തിരുന്നു. കഴിഞ്ഞ ശനിയാഴ്ച 3.45 ഓടെ തഴവ സ്‌കൂളില്‍ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷ എഴുതിയശേഷം സ്‌കൂട്ടറില്‍ തിരികെ വരികെ പിന്നാലെ കാറിലെത്തിയ അജാസ് ഇടിച്ചുവീഴ്ത്തിയശേഷമാണ് വടിവാള്‍ കൊണ്ട് വെട്ടി വീഴ്ത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്.

YOY MAY LIKE THIS VIDEO

Related News