വർക്ക്ഷോപ്പ് മോഷണം; പ്രതി അറസ്റ്റിൽ

Web Desk
Posted on October 24, 2019, 8:22 pm

നെടുങ്കണ്ടം: നെടുങ്കണ്ടത്തെ വര്‍ക്ക് ഷോപ്പ് മോഷണങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ  നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. പശുപ്പാറ കാലാപ്പറമ്പില്‍ അന്‍സാര്‍(26) ആണ് അറസ്റ്റിലായത്. വര്‍ക്ക് ഷോപ്പുകള്‍ കേന്ദ്രീകരിച്ചുള്ള 12 മോഷണക്കേസുകളിലെ പ്രതിയാണ് ഇയാള്‍. മോഷണ വസ്തുക്കള്‍ കടത്തുവാന്‍ ഉപയോഗിച്ച പിക് അപ് ജീപ്പും പൊലീസ് പിടികൂടി. കഴിഞ്ഞ ശനിയാഴ്ചയാണ് നെടുങ്കണ്ടത്തെ മൂന്ന് വര്‍ക്ക് ഷോപ്പുകളില്‍ നിന്നായി പണം ഉള്‍പ്പടെ രണ്ടുലക്ഷത്തോളം രൂപയുടെ മോഷണം നടന്നത്. വര്‍ക്ക് ഷോപ്പുകളില്‍ എത്തിയ പിക് അപ് ജീപ്പ് കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതി പൊലീസിന്റെ വലയിലാകുന്നത്.

തന്നോടൊപ്പം തമിഴ്നാട് സ്വദേശി ശരവണന്‍ എന്നൊരാള്‍ കൂടി ഉണ്ടായിരുന്നതായി പ്രതി പൊലീസിനോട് പറഞ്ഞു. എന്നാല്‍ സംഘത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്. കട്ടപ്പനയില്‍ രണ്ടും, ഉപ്പുതറ, ഏലപ്പാറ എന്നിവിടങ്ങളില്‍ ഓരോന്നും, കൊടുങ്ങല്ലൂര്‍, പള്ളിക്കത്തോട്, പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ തുടങ്ങിയ സ്ഥലങ്ങളിലും നടത്തിയ മോഷണങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് കട്ടപ്പന ഡി വൈ എസ് പി എന്‍സി രാജ്മോഹന്‍ പറഞ്ഞു. കട്ടപ്പന, നെടുങ്കണ്ടം, ഉപ്പുതറ, ഏലപ്പാറ എന്നിവിടങ്ങളില്‍ വര്‍ക്ക് ഷോപ്പുകളില്‍ കണ്ട വാഹനത്തിന്റെ ടയര്‍ പാടുകള്‍ കേന്ദ്രീകരിച്ചും സമീപത്തെ സിസിടിവി കാമറകള്‍ പരിശോധിച്ചുമാണ് പൊലീസ് അന്വേഷണം നടത്തിയത്.

കഴിഞ്ഞ ദിവസം വാഹനം കാഞ്ഞിരപ്പള്ളിയില്‍ ഉള്ളതായി വിവരം ലഭിച്ചതനുസരിച്ച് പൊലീസ് ഇവിടെ എത്തിയെങ്കിലും വാഹനം കണ്ടെത്താനായില്ല. പിന്നീട് കുട്ടിക്കാനത്തുവച്ച് ഈ വാഹനം തടയുകയായിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നും മോഷ്ടിക്കുന്ന സാധനങ്ങള്‍ അയ്യന്തോളിലെ രണ്ടാം ഭാര്യയുടെ വീട്ടിലെത്തിച്ച ശേഷം പാലക്കാടുള്ള മറ്റൊരാള്‍ക്ക് വില്‍പ്പന നടത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പോലീസ് പിടിച്ചെടുത്ത പിക്അപ്പ് ‌വാഹനത്തില്‍ നിന്നും രണ്ട് കത്തികള്‍, ഇരുമ്പ് ദണ്ഡ്, ചെറുതും വലുതുമായ സ്‌ക്രൂഡ്രൈവറുകള്‍ തുടങ്ങിയവയും കണ്ടെത്തി. പ്രതിയെ പിടികൂടുന്നതിനിടെ പൊലീസിനെ അക്രമിക്കാനും ഇയാള്‍ ശ്രമിച്ചു.

മോഷണത്തിനായി ഉപയോഗിച്ചിരുന്ന പിക് അപ് ജീപ്പിന്റെ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്നും പൊലീസ് അറിയിച്ചു. ബൈക്കിന്റെ നമ്പരാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനാല്‍ തന്നെ പിക് അപ് ജീപ്പും മോഷ്ടിച്ചതാണെന്ന് കരുതുന്നു. അന്‍സാര്‍ മുമ്പ് നെടുങ്കണ്ടം മേഖലയിലെ സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു. ഇയാളുടെ ആദ്യ ഭാര്യയുടെ വീട് നെടുങ്കണ്ടത്താണ്. ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ 95 ദിവസത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നതായും ഡി വൈ എസ് പി പറഞ്ഞു.

നെടുങ്കണ്ടത്ത് എത്തിച്ച പ്രതിയെ തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കി. കട്ടപ്പന ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ നെടുങ്കണ്ടം സിഐ സി ജയകുമാര്‍, എസ്ഐ എസ് കിരണ്‍, പൊലീസ് ഉദ്യോഗസ്ഥരായ സജി, സജിമോന്‍ ജോസഫ്, ഗ്രേസണ്‍ ആന്റണി, അഭിലാഷ് ആര്‍, സുബൈര്‍, ബേസില്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.