മാലപൊട്ടിക്കൽ കേസിലെ പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ 

Web Desk
Posted on December 05, 2019, 4:32 pm
ശാസ്താംകോട്ട:മാലപൊട്ടിക്കൽ കേസിലെ പ്രതി മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടിയിലായി. ശൂരനാട് തെക്ക് ഇരവിച്ചിറ പടിഞ്ഞാറ് കൈമവീട് ജംഗ്ഷനിൽ കോയിപ്പുറത്തു വീട്ടിൽ  എൺപതു വയസുള്ള ഭാർഗ്ഗവിയമ്മയുടെ മാല ബൈക്കിലെത്തി പൊട്ടിച്ചു കൊണ്ടു പോയ കേസിലെ പ്രതിയായ കുലശേഖരപുരം നീലികുളം കുഴിവേലി മുക്ക് കൊല്ലന്‍റയ്യത്ത് പടീറ്റതിൽ സുബൈർകുട്ടിയുടെ മകൻ  വയസ്സുള്ള നിസാർ (38) ആണ് ശൂരനാട് പോലീസിന്റ പിടിയിലായത്.
കഴിഞ്ഞ ദിവസം റോഡിനോട് ചേർന്നുള്ള തന്റെ വീടിനു മുന്നിൽ ആടിനെ തീറ്റികൊണ്ടു നിൽക്കുകയായിരുന്ന ഭാർഗ്ഗവിയമ്മയുടെ കഴുത്തിൽ അണിഞ്ഞിരുന്ന രണ്ടര പവൻ തൂക്കം വരുന്ന സ്വർണ്ണമാലയുടെ ഏകദേശം ഒന്നേകാൽ പവനോളം വരുന്ന ഭാഗമാണ് പ്രതി പൊട്ടിച്ചെടുത്തത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ;
ഭാർഗ്ഗവിയമ്മ തന്റെ വീടിനു മുറ്റത്ത് റോഡിനോട് ചേർന്ന് പശുവിനെ തീറ്റുകയും പുല്ലു പറിക്കുകയും ചെയ്യുന്നതിനിടയിൽ പ്രതി സ്കൂട്ടർ മാറ്റി നിർത്തിയ ശേഷം മാലു മേൽ ക്ഷേത്രത്തിൽ പോകുന്ന വഴി ചോദിച്ചു.ഭാർഗ്ഗവിയമ്മ കൈ ചൂണ്ടി വഴികാണിക്കുന്നതിനിടയിൽ അടിച്ചു തള്ളിയിട്ട ശേഷം പ്രതി മാല പൊട്ടിച്ചെടുത്തു കടന്നു കളയുകയായിരുന്നു. ഉടൻ തന്നെ വാർഡ് മെമ്പർ കലഷ് ശൂരനാട് പോലീസിൽ വിവരം അറിയിക്കുകയും അടുത്തുള്ള വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതിയുടേത് എന്നു കരുതുന്ന ദൃശ്യങ്ങൾ ലഭിച്ചു.
സി സി ടി വി ദൃശ്യങ്ങൾ ഉപയോഗിച്ച് കരുനാഗപ്പള്ളി ഭാഗത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.തുടർന്ന് പ്രതിയെ ആദിനാട്ടുള്ള സ്വന്തം വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതി ഉപയോഗിച്ച സ്കൂട്ടറും മാലയും കണ്ടെടുത്തിട്ടുണ്ട്. ശൂരനാട് ഇൻസ്‌പെക്ടർ ജയചന്ദ്രൻ പിള്ളയുടെ നേതൃത്വത്തിൽ , എസ് ഐ മാരായ ശ്രീജിത്ത്, നിസാറുദ്ദിൻ  എ എസ് ഐ മാരായ മധുസൂദനൻ, ഹർഷാദ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.