‘ഇത് രണ്ടാം തവണ’അന്ന് ആസിഡ് ആക്രമണ കേസ്, ഇന്ന് ബലാത്സംഗ കേസ്- സിപി സജ്ജനാർക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം

Web Desk
Posted on December 06, 2019, 12:08 pm

ഹൈദരാബാദ്: വനിതാ ഡോക്ടറെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവച്ചുകൊന്നത് സൈബരാബാദ് മെട്രോപൊലീറ്റന്‍ പൊലീസ് കമ്മീഷണറായ വിസി സജ്ജനാര്‍ ഐപിഎസിന്റെ അധികാരപരിധിയില്‍. സജ്ജനാര്‍ ചുമതലയിലിരിക്കുമ്പോള്‍ ഇത് രണ്ടാം വട്ടമാണ് ഏറ്റുമുട്ടല്‍ കൊല നടക്കുന്നത്.

2008ല്‍ വാറങ്കല്‍ ജില്ലയിലെ പോലീസ് സൂപ്രണ്ടായിരുന്നപ്പോഴാണ് ഏറ്റുമുട്ടല്‍ കൊലപാതകം നടന്നത്. പെണ്‍കുട്ടികള്‍ക്കു മേല്‍ ആസിഡ് ആക്രമണം നടത്തിയ എന്‍ജിനിയറിങ് വിദ്യാര്‍ഥികളായ ശ്രീനിവാസ്, ഹരികൃഷ്ണ, സഞ്ജയ് എന്നിവരാണ് അന്ന് പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നത്. ആക്രമണത്തിന് ഉപയോഗിച്ചിരുന്ന ബൈക്കും ആസിഡ് കുപ്പിയും സൂക്ഷിച്ചിരുന്ന സ്ഥലത്ത് പ്രതികളെ എത്തിച്ച് തെളിവെടുക്കുന്നതിനിടെയാണ് സംഭവം നടന്നതെന്നായിരുന്നു സജ്ജനാര്‍ അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. തെളിവെടുപ്പിനിടെ പ്രതികള്‍ പെട്ടെന്ന് ഒരു നാടന്‍ തോക്ക് പുറത്തെടുക്കുകയും വെടിയുതിര്‍ക്കാന്‍ ശ്രമിക്കുകയും ഒരു പോലീസുകാരനു നേരെ ആസിഡ് ആക്രമണം നടത്തുകയും ചെയ്‌തെന്നായിരുന്നു പോലീസ് ഭാഷ്യം. സ്വയരക്ഷയ്ക്കുവേണ്ടി പോലീസ് വെടിയുതിര്‍ക്കുകയും മൂന്നുപേരെയും വധിക്കുകയും ചെയ്തു എന്നും അന്ന് സജ്ജനാര്‍ പറഞ്ഞിരുന്നു.

നക്‌സലൈറ്റുകളെ നേരിടുന്നതിനുള്ള പ്രത്യേക രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവനായിരുന്നപ്പോഴും ഏറ്റുമുട്ടുല്‍ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്. ഹൈദരാബാദില്‍ നയീമുദ്ദീന്‍ എന്ന നക്‌സലൈറ്റിന്റെ ഏറ്റുമുട്ടല്‍ കൊലപാതകത്തിലും വി.സി. സജ്ജനാര്‍ പ്രധാന പങ്കുവഹിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.

ഇരുപത്തിയേഴുകാരിയായ ഡോക്ടര്‍ ക്രൂരമായി കൊല്ലപ്പെട്ടതിന് പിന്നലെ വാറങ്കല്‍ മോഡല്‍ നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍മീഡിയയില്‍ വന്‍പ്രചരണം നടന്നിരുന്നു. ഏറ്റുമുട്ടലിലൂടെ പ്രതികളെ കൊന്നതില്‍ സോഷ്യല്‍ മീഡിയ സജ്ജനാര്‍ക്ക് പ്രശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലായിരുന്ന മുഹമ്മദ് എന്ന് വിളിപ്പേരുള്ള ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചിന്നകേശവലു എന്നിവരാണ് കൊല്ലപ്പെട്ടത്. തെളിവെടുപ്പിനിടയില്‍ പ്രതികള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചെന്നും ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ ആക്രമിക്കുകയായിരുന്നെന്നുമാണ് പൊലീസിന്റെ വിശദീകരണം.

you may also like this video;