നടിയെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ബോബി ചെമ്മണ്ണൂർ നടിക്കെതിരെ നിരന്തരം ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു
രണ്ടു വകുപ്പുകളാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിരിക്കുന്നത്. ലൈംഗിക അധിക്ഷേപത്തിന് പുറമേ പിന്തുടർന്ന് ശല്യം ചെയ്തതിന്റെ വകുപ്പും ചുമത്തി. സമൂഹമാധ്യമങ്ങളിലൂടെ പലർക്കുമെതിരെ ഇയാൾ നടത്തിയ ലൈംഗികാധിക്ഷേപത്തിന്റെ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
അഭിമുഖങ്ങളുടെ വീഡിയോ ക്ലിപ്പുകളും, നടിയുടെ രഹസ്യമൊഴിയും, സാക്ഷി മൊഴികളും നിർണായകമാണ്. നടിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസാണ് കേസടുത്തത്. കേസിൽ ബോബി ചെമ്മണ്ണൂർ അറസ്റ്റിലായിരുന്നു. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്നാണ് കാക്കനാട് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ബോബി ചെമ്മണ്ണൂർ പുറത്തിറങ്ങിയത്. ബോഡി ഷെയ്മിങ് സമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ലെന്ന് ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ബോബി ചെമ്മണ്ണൂരിന് ഒരു പ്രത്യേക പരിഗണനയും നല്‍കാനാവില്ലെന്നും കോടതി പറഞ്ഞിരുന്നു. ജയില്‍ മോചിതനായ ശേഷം പരസ്യമായി മാപ്പ് ചോദിച്ച് ബോബി ചെമ്മണ്ണൂര്‍ രംഗത്തെത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.