June 9, 2023 Friday

മാർക്കറ്റിലെ ഉരുളക്കിഴങ്ങ് പോലെയാണ് സ്ത്രീകളെ തിരഞ്ഞെടുക്കുക; രാജ്യ തലസ്ഥാനത്തെ ഞെട്ടിക്കുന്ന പെൺവാണിഭ കഥ ഇങ്ങനെ !

Janayugom Webdesk
ന്യൂഡൽഹി
December 16, 2019 10:25 pm

രാജ്യ തലസ്ഥാനത്തെ ഞെട്ടിക്കുന്ന പെൺവാണിഭത്തെ കുറിച്ചുള്ള വാർത്ത പുറത്തു വിട്ട് ദേശിയെ മാധ്യമങ്ങൾ. ന്യൂഡൽഹിയിലെ ആഫ്രിക്കക്കാർക്കിടയിൽ നിലനിൽക്കുന്ന പെൺവാണിഭത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. രാജ്യതലസ്ഥാനത്തു താമസിക്കുന്ന ആഫ്രിക്കൻ യുവാക്കൾക്കായി വിദേശത്തുനിന്നു ആഫ്രിക്കൻ സ്ത്രീകളെ ഇന്ത്യയിലെത്തിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ നിന്നുള്ള വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത് കെനിയ സ്വദേശിനിയായ ഗ്രേയ്സ് എന്ന യുവതിയുടെ സഹായത്തോടെയാണ്.

ഇന്ത്യയിൽ ഡാൻസർമാരെയും വിനോദ സഞ്ചാരികളെ സ്വീകരിക്കുകയും ചെയ്യുന്ന ജോലിക്കും ഒഴിവുണ്ടെന്ന വാട്സാപ് പോസ്റ്റിനു മറുപടി നൽകിയതാണു സംഭവങ്ങളുടെ തുടക്കമെന്നും അവർ പറഞ്ഞു. ഇന്ത്യയിൽ എത്തിയ ശേഷമാണ് ജോലി എന്താണെന്ന് മനസിലായത്. ഗോൾ‍ഡീ എന്നു വിളിപ്പേരുള്ള സ്ത്രീ ‘വിമാനത്താവളത്തിൽനിന്നും എന്നെ വിളിച്ചു കൊണ്ടുപോയത് ഒരു വേശ്യാലയത്തിലേക്കാണ്. യാത്രാച്ചെലവുകൾ നോക്കിയത് അവരാണെന്നാണു പറയുന്നത്. അതിനായി ചെലവായ 4,000 ഡോളർ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് അവർ പാസ്പോർട്ട് വാങ്ങിവച്ചു. ഇന്ത്യയിലേക്കുള്ള ശരിയായ ടിക്കറ്റ് നിരക്കിന്റെ ഏഴിരട്ടിയായിരുന്നു ഇത്. ഈ കടം തിരിച്ചടയ്ക്കാൻ എനിക്ക് ഒരു വഴി മാത്രമാണ് ഉണ്ടായിരുന്നത്’–ഗ്രേസ് പറഞ്ഞു.

‘ഇതേരീതിയിൽ കടത്തപ്പെട്ട നാലു സ്ത്രീകൾക്കൊപ്പം ഒരു മുറിയിലാണ് എട്ടു മാസത്തോളം കഴിഞ്ഞത്. ദിവസവും മുറിയിലേക്ക് ആണുങ്ങൾ വരും, അല്ലെങ്കിൽ ഹോട്ടലിലേക്കു പോകണം. എല്ലാ ദിവസവും വൈകിട്ടോടെ ‘കിച്ചൻസ്’ എന്നറിയപ്പെടുന്ന ചെറുബാറുകളിലേക്കു പോകേണ്ടിവരുമെന്നും ഗ്രേസ് പറഞ്ഞു. ന്യൂ‍ഡൽഹിയിലെ ആഫ്രിക്കൻ യുവാക്കൾക്കു മദ്യപിക്കുന്നതിനും ആനന്ദിക്കുന്നതിനുമുള്ള ചെറു ബാറുകളാണ് ‘കിച്ചൻസ്’ എന്ന് അറിയപ്പെടുന്നത്. ലൈംഗികതയ്ക്കായി ആഫ്രിക്കൻ സ്ത്രീകളെ ഇവിടെ ലഭിക്കും. കിച്ചൻസിലെ ആദ്യകാല അനുഭവങ്ങൾ മറക്കാൻ സാധിക്കാത്തതാണെന്ന് ഗ്രേസ് പറയുന്നു. ‘സാധാരണയായി മാഡമാണു പുതിയതായി വന്ന പെൺകുട്ടിയെ കിച്ചനിലെത്തിക്കുക. എന്നാൽ കൂടെയുണ്ടായിരുന്ന സ്ത്രീകളോടൊപ്പമാണു ഞാൻ പോയത്. അവിടെവച്ചു ഞാൻ വാഷ്റൂമിൽ പോയി. ഒരാൾ എന്നെ തടഞ്ഞ് എത്രയാണു വിലയെന്നു ചോദിച്ചു. അപ്പോഴാണു കാര്യങ്ങൾ വ്യക്തമായത് മാർക്കറ്റിൽ ഉരുളക്കിഴങ്ങ് തിരഞ്ഞടുക്കുന്നതു പോലെയാണ് സ്ത്രീകളെ തിരഞ്ഞെടുക്കുക’– ഗ്രേസ് പറഞ്ഞു. 2.70 ലക്ഷം രൂപയാണ് പാസ്പോർട്ട് തിരികെ നൽകുന്നതിനായി ഗോൾഡിക്ക് നൽകേണ്ടത്. പല തവണയായി ഗോൾഡിക്കു പണം നൽകി.
‘ഇന്ത്യയിലേക്കു നമ്മളെ എത്തിക്കുന്നവരെ ഇന്ത്യൻ അമ്മയായിട്ടാണു കാണുക. അവരെ കൊണ്ടുവരുന്നവർ അമ്മൂമ്മയാണ്. നമ്മുടെ കൂടെയുള്ള മറ്റു യുവതികൾ സഹോദരികളാകും. ‘തിരിച്ചറിയുന്നതിനുള്ള’ വാക്കുകൾ മാത്രമായിട്ടായിരിക്കും ഇത് ഉപയോഗിക്കുക– ഗ്രേസ് വ്യക്തമാക്കി. ഒരു വർഷത്തോളം കഷ്ടപ്പെട്ട ശേഷമായിരുന്നു ഗ്രേസ് ഗോൾഡിക്കു നൽകേണ്ട പണം അത്രയും തിരികെ അടച്ചുതീർത്തത്. സൗത്ത് ഡൽഹിയുടെ സമീപ പ്രദേശങ്ങളിൽ കുറഞ്ഞത് 15 കിച്ചനുകളെങ്കിലും പ്രവർത്തിക്കുന്നതായി ബിബിസി നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇവിടങ്ങളിലെല്ലാം ശരീരം വിൽക്കാൻ നിർബന്ധിതരാകുന്നത് ആഫ്രിക്കൻ സ്ത്രീകളാണ്.

ഒളിക്യാമറ വച്ച് തുഗ്ലക്കാബാദിൽനിന്നു പകർത്തിയ വിഡിയോയിൽ പെൺവാണിഭത്തിനു പിന്നിലെ പ്രധാന ആൾ എഡി എന്ന ആഫ്രിക്കക്കാരനാണെന്നു കണ്ടെത്തി. ആഫ്രിക്കക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ നേതാവായിരുന്നു എഡി. വിദേശരാജ്യങ്ങളിൽ നൈജീരിയൻ വിദ്യാർഥികളെ പിന്തുണയ്ക്കുകയെന്നതാണു സംഘടനയുടെ ലക്ഷ്യം. സംഘടനയുമായി ബന്ധപ്പെട്ടു യാതൊരു പ്രശ്നവും ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് ഇന്ത്യയിലെ നൈജീരിയൻ എംബസിയും പ്രതികരിച്ചു. ഗ്രേസിന്റെ ഇടപെടൽ കാരണം ഇന്ത്യയിലേക്കു വരാനിരുന്ന ഒരു ആഫ്രിക്കൻ യുവതി രക്ഷപ്പെട്ടിരുന്നു. അവർക്കു പകരം മറ്റൊരു യുവതിയെ കണ്ടെത്തി നൽകണമെന്ന് എഡി ഗ്രേസിനോട് ഉത്തരവിട്ടു. ഗ്രേസിനു വേണ്ടി ജോലി ചെയ്യാൻ മറ്റൊരാള എത്തിച്ചാൽ മതിയെന്നും പിന്നീട് എഡ‍ി ഓഫർ വച്ചു. ഇതിന്റെ ഫോൺ രേഖകളടക്കമാണ് ബിബിസി പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ തെളിവുകളെല്ലാം എഡ‍ി നിഷേധിച്ചു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.