August 11, 2022 Thursday

ഗോഡ്സെ എന്ന അജണ്ട

രമേശ് ബാബു
January 2, 2020 10:03 pm

ഭാരതം ഇപ്പോള്‍ മറ്റൊരുതരം വിഭജനത്തിന് സാക്ഷ്യം വഹിക്കുകയാണ്. സ്വാതന്ത്ര്യവേളയില്‍ രാജ്യം മാനസികമായും ഭൂമിശാസ്ത്രപരമായും വെട്ടിമുറിക്കപ്പെട്ടതിന്റെ നൊമ്പരങ്ങള്‍ ഇന്നും അതിര്‍ത്തികളില്‍ നാം കാണുന്നുണ്ട്. സ്വാതന്ത്ര്യാനന്തരം ഇപ്പോള്‍ നടക്കുന്ന വിഭജനം മതത്തില്‍ അധിഷ്ഠിതമായ മാനസിക വിഭജനമാണ്. അതിന് ഉപായമാക്കുന്നതാകട്ടെ വംശീയതയും. ഈ വിഭജനം ഒട്ടേറെക്കാലത്തെ തന്ത്രം മെനയലുകള്‍ക്കും ആസൂത്രണങ്ങള്‍ക്കും ശേഷം തല്‍പരകക്ഷികള്‍ നടപ്പാക്കുന്നതുമാണ്. ഈ കുത്സിതനീക്കങ്ങള്‍ക്കെതിരെ മതപരവും മതേതരവുമായ മനസുകള്‍ ഉപരോധവും പ്രതിരോധവും തീര്‍ക്കുന്നുമുണ്ട്. ആപേക്ഷികമായി അത് ആശാവഹവുമാണ്. അധികാരഭ്രമത്തിനിടയില്‍ രാഷ്ട്രീയക്കാര്‍ മതവിശ്വാസത്തെ ലക്ഷ്യപ്രാപ്തിക്കായി മതസ്പര്‍ധയായി വളര്‍ത്തുന്നതാണ് രാജ്യം അഭിമുഖീകരിക്കുന്ന പരിതാപകരമായ അവസ്ഥ. ആധുനിക ഭാരതത്തില്‍ ജനാധിപത്യ രാഷ്ട്രീയം ഉടലെടുത്തത് സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെ കാലം മുതലാണെങ്കിലും അന്ന് മതം പിന്നണിയില്‍ മാത്രമായിരുന്നു. എന്നാല്‍ ഇന്ന് മതം വ്യക്തിപരമായ വിശ്വാസം എന്ന തലം കടന്ന് ഐക്യഭാരതത്തിന്റെ വേരുകളെവരെ ജീവനോടെ പിഴുതെടുക്കാന്‍ ശക്തിപ്രാപിക്കുകയാണ്.

വികസ്വരരാജ്യം എന്ന പരിമിതിയിൽ നിന്നും ഇന്ത്യയ്ക്ക് വികസനത്തിലേക്ക് നീങ്ങുവാനും ദാരിദ്ര്യമില്ലാത്ത, പ്രകൃതിവിഭവങ്ങളുടെ ചൂഷണമില്ലാത്ത, വംശീയ വര്‍ഗീയ കലാപങ്ങളില്ലാത്ത രാജ്യമായി മാറുവാനും അഭിവൃദ്ധിപ്പെടാനും മതം തടസമായി മാറും. പുരാതന കാലഘട്ടം മുതല്‍ തന്നെ ഇന്ത്യയില്‍ മതവും ആചാരാനുഷ്ഠാനങ്ങളും നിലവിലുണ്ട്. എന്നാല്‍ മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും അത്രമേല്‍ ശക്തമായ കൈകടത്തലുകള്‍ നടത്തിയിരുന്നില്ല.രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ കാഴ്ചപ്പാടുകള്‍ മതാധിഷ്ഠിതമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ രാമരാജ്യ സങ്ക‍ല്‍പം മതത്തിന്റെ ധാര്‍മ്മികതയിലൂന്നിയതായിരുന്നു. മതവും രാഷ്ട്രീയവും പരസ്പരപൂരകവുമാണെന്ന നിലപാടില്‍ നിന്ന് 1940 എത്തുമ്പോള്‍ ഗാന്ധിജി മതവും രാഷ്ട്രീയവും തികച്ചും വ്യത്യസ്തങ്ങളായ ലോകങ്ങളാണെന്നും അവ തമ്മില്‍ യാതൊരു ബന്ധവും ഉണ്ടാകരുത് എന്നുമുള്ള നിലയിലേക്ക് എത്തുന്നുണ്ട്. (സമ്പൂര്‍ണ കൃതികള്‍, വാല്യം 13). ഇന്ത്യയുടെ രാഷ്ട്രീയ ജീവിതത്തില്‍ വര്‍ഗീയതയും മതഭ്രാന്തും പടര്‍ന്നുപിടിച്ചതോടെയാണ് മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെ ഗാന്ധിജി പുനരാലോചനയ്ക്ക് വിധേയമാക്കുന്നത്. അഖണ്ഡഭാരതത്തിന്റെ വിഭജനം ചോരപ്പുഴ ഒഴുക്കിയ വീഥികളിലൂടെ തന്റെ ജീവിത സായാഹ്നത്തില്‍ പരിക്ഷീണനായാണ് ഗാന്ധിജി നടക്കുന്നത്.

മതവും മതാധിഷ്ഠിത രാഷ്ട്രീയവും ഇന്ത്യയെ വിഴുങ്ങരുതെന്ന സ്വപ്നം സ്വാതന്ത്ര്യപ്രാപ്തിയോടെ പൊലിഞ്ഞുപോകുന്നത് നിസ്സഹായതയോടെ വീക്ഷിക്കാനായിരുന്നു ഗാന്ധിജിയുടെ വിധി. മോഹഭംഗം വന്ന അശരണനും ഏകാകിയുമായ ആ മനുഷ്യനെയാണ് 1948 ജനുവരി 30ന് നാഥുറാം ഗോഡ്സെ വധിക്കുന്നത്. ഗാന്ധിജി എന്ന സങ്കല്‍പ്പത്തെ, നൈതികതയെ തേജോവധം ചെയ്ത ഗോഡ്സെ ഇന്ന് ഒരു വ്യക്തിയല്ല. മതത്തെ രാഷ്ട്രീയവുമായി കൂട്ടിയിണക്കി മതരാഷ്ട്രത്തിലേക്ക് രാജ്യത്തെ ആനയിക്കാനുള്ള ദീര്‍ഘകാല അജണ്ടയുടെ പ്രതിരൂപമാണ്. മതാധിഷ്ഠിത രാഷ്ട്രീയം ഒടുവില്‍ എത്തിച്ചേരുക ഭരണകൂടത്തിന്റെ മതവത്കരണത്തിലായിരിക്കും. മതാധിഷ്ഠിതമായ ജീവിതവും ഇടപെടലുകളും വിശ്വാസവും സ്വകാര്യ ഇടപാടായി പരിമിതപ്പെടുത്തുന്ന സാഹചര്യത്തിലാണ് ആധുനിക ജനാധിപത്യം വിജയിക്കുന്നതും വികസിക്കുന്നതും. മതത്തിന്റെ പൊതുയിടങ്ങളിലെ സാന്നിധ്യങ്ങളെ ക്രമീകരിക്കുകയെന്നത് ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് തന്നെ അനിവാര്യമാണ്. പാശ്ചാത്യരാഷ്ട്രങ്ങള്‍ മൗലികസ്വാതന്ത്ര്യം ഉറപ്പാക്കുന്നതില്‍ വിജയിച്ചു നില്‍ക്കുന്നതും അതുകൊണ്ടാണ്. മതവും ആത്മീയതയും പരസ്പര പൂരകങ്ങളാണെന്ന മിഥ്യ നിലനിന്ന കാലഘട്ടങ്ങളില്‍ മതമേലധ്യക്ഷന്മാരും രാജാക്കന്മാരും തമ്മിലുണ്ടായിട്ടുള്ള ഭിന്നതകളും സംഘട്ടനങ്ങളും പാശ്ചാത്യചരിത്രത്തില്‍ എത്രയെങ്കിലുമുണ്ട്. ഈ വിഷയം പ്രമേയമാക്കി സാഹിത്യ കൃതികളും രചിക്കപ്പെട്ടിട്ടുണ്ട് (മര്‍ഡര്‍ ഇന്‍ ദ കത്രീഡല്‍-ടി എസ് ഇലിയറ്റ്). എന്നാല്‍ മതം വെറും ആചാരവും അനുഷ്ഠാനവും മാത്രമായി അധഃപതിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ അധികാരാരോഹണത്തിനും സംഘാടനത്തിനുമുള്ള കുറുക്കുവഴിയായി ഔന്നിത്യമില്ലാത്തവര്‍ അതിനെ പ്രയോജനപ്പെടുത്തുന്നു. വിശ്വാസത്തിന്റെ ഉന്മാദത്തിലൂടെ അണികളെ അടിമത്തത്തിലേക്കും അടിച്ചമര്‍ത്തലിലേക്കും എത്തിക്കാനുള്ള എളുപ്പവഴിയായി മതത്തെ ലോകത്തെ മിക്ക ഭരണകൂടങ്ങളും പ്രയോജനപ്പെടുത്തുന്നുണ്ട്.

തന്റെ മതവിശ്വാസം ഔദ്യോഗിക മതമായി പ്രഖ്യാപിച്ചിട്ടുള്ള ആചാരങ്ങള്‍ അനുഷ്ഠിക്കപ്പെടുന്ന മതരാഷ്ട്രങ്ങളിലെ ഒരു പൗരനും സന്തുഷ്ടനല്ല. എന്നാല്‍ തന്റെ അടിമത്വത്തിലും സ്വാതന്ത്ര്യമില്ലായ്മയിലും പരിഭവമില്ലാതെ കഴിഞ്ഞുകൂടുന്ന അവനോ അവളോ മറ്റൊരു സ്വതന്ത്ര രാഷ്ട്രത്തിലെ അനുകൂല അന്തരീക്ഷം ലഭ്യമായാലും മതപരമായ അടിമത്തത്തിന്റെ അസംബന്ധങ്ങള്‍ക്കു വേണ്ടി വാദിക്കുമെന്നതാണ് വിചിത്രം. ഫ്രാന്‍സിലും ഇംഗ്ലണ്ടിലുമൊക്കെ നടക്കുന്ന ഭീകരവാദി അക്രമങ്ങള്‍ തന്നെ ഉദാഹരണം. ഈജിപ്ത്, ലിബിയ, മെറോക്കോ, ഇറാന്‍, ഇറാഖ്, യെമന്‍, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ലബനോന്‍, സൗദി അറേബ്യ തുടങ്ങിയ മതരാഷ്ട്രങ്ങളിലെ ജനങ്ങള്‍ ജനാധിപത്യ രാഷ്ട്രങ്ങളിലെ ജനങ്ങളെപ്പോലെ സ്വതന്ത്രചിന്തയോ, സര്‍ഗാത്മക ആവിഷ്കാരമോ, മൗലികഅവകാശങ്ങളോ, സ്ത്രീസ്വാതന്ത്ര്യമോ എന്തെന്നറിയുന്നില്ല. കാലഹരണപ്പെട്ട മതസംഹിതകളാല്‍ അന്ധരാക്കപ്പെട്ട ഇവിടത്തെ ജനതയെ പരാജിതരായ മനുഷ്യക്കൂട്ടങ്ങളെന്നും വിളിക്കാം. യുക്തിഹീനമായ മതചിന്തകളിലൂടെ ഉന്മാദാവസ്ഥയിലേക്കും തുടര്‍ന്ന് പ്രക്ഷാളനത്തിലേക്കും എത്തപ്പെടുന്ന ജനതയെ നിയന്ത്രിക്കാനും വഴി നടത്താനും ഭരണകൂടങ്ങള്‍ക്ക് എളുപ്പമാണ്. ഭാരതത്തിലും ഈ പ്രക്രിയയാണ് ഇപ്പോള്‍ ഓരോരോ നിയമനിര്‍മ്മാണത്തിലൂടെ സാധ്യമാക്കിക്കൊണ്ടിരിക്കുന്നത്. ആദ്യം വംശീയത പിന്നെ വര്‍ഗീയത. ലക്ഷ്യം ചാതുര്‍വര്‍ണ്യം. മനുസ്മൃതികാരൻ അദൃശ്യതയിൽ സന്തോഷിക്കുകയാകാം.

മാറ്റൊലി-

ബ്രഹ്മാവിന്റെ മുഖത്ത് നിന്ന് ബ്രാഹ്മണനും കയ്യില്‍നിന്ന് ക്ഷത്രിയനും തുടയില്‍ നിന്ന് വൈശ്യരും കാല്പാദങ്ങളില്‍ നിന്ന് ശൂദ്രനും ജനിച്ചു. ബാക്കിയുള്ള മനുഷ്യന്‍ അവനവന്റെ അച്ഛനും ജനിച്ചു- പെരിയാര്‍ ഇ വി രാമസ്വാമി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.