ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ കർഷകർക്ക് അവരുടെ ഉല്പന്നങ്ങൾ യഥാസമയം വിപണിയിലെത്തിക്കുവാനും ഉപഭോക്താക്കൾക്ക് ന്യായവിലയ്ക്ക് അവശ്യ സാധനങ്ങൾ ലഭിക്കുന്നതിനും ബുദ്ധിമുട്ടുകൾ നേരിടുന്ന അവസ്ഥയിൽ കൃഷിവകുപ്പിന്റെ വിപണി ഇടപെടലുകൾ ശക്തമാക്കി. ഇതിന്റെ ഭാഗമായി ജില്ലകളിൽ ഇതിനകം തന്നെ ഹോർട്ടികോർപ്പിന്റെയും വിഎഫ്‌പിസികെയും നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചു കഴിഞ്ഞെന്ന് കൃഷി മന്ത്രി വി എസ് സുനിൽകുമാർ അറിയിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ കർഷകർ ഉല്പാദിപ്പിക്കുന്ന പഴം-പച്ചക്കറികൾ സംഭരണം നടത്തുന്നതിനായി ഹോർട്ടികോർപ്പ് വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിനോടകം സംസ്ഥാനത്തൊട്ടാകെയുള്ള 13 സംഭരണ കേന്ദ്രങ്ങളും 5 ഉപകേന്ദ്രങ്ങളും വഴി 706 ടൺ പച്ചക്കറികൾ ഹോർട്ടികോർപ്പ് കർഷകരിൽ നിന്നും സംഭരിച്ചു കഴിഞ്ഞു.
പ്രാദേശിക പച്ചക്കറി ഉല്പാദന കേന്ദ്രങ്ങളിലെ കർഷകരിൽ നിന്നുമാണ് ഹോർട്ടികോർപ്പ് പച്ചക്കറി സംഭരിച്ചു വരുന്നത്. ഇത്തരത്തിൽ സംഭരിച്ച പച്ചക്കറികൾ ഹോർട്ടികോർപ്പിന്റെ 100 വിപണികൾ വഴിയും 200 ഫ്രാഞ്ചൈസി വിപണികൾ വഴിയും ഉപഭോക്താകൾക്ക് എത്തിക്കുന്നുണ്ട്. ഇതുകൂടാതെ സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന 43 കമ്മ്യൂണിറ്റി കിച്ചണുകൾക്കാവശ്യമായ 13 ടൺ പച്ചക്കറികൾ ഹോർട്ടികോർപ്പ് വിതരണം നടത്തി. വാഴക്കുളം മേഖലയിൽ നിന്നും 20 ടൺ പൈനാപ്പിൾ ഹോർട്ടികോർപ്പ് സംഭരിച്ചു കഴിഞ്ഞു. സംഭരണം വരും ദിവസങ്ങളിലും തുടരും. പാലക്കാട് മുതലമടയിലെ മാംഗോസിറ്റിയിൽ നിന്നും മാങ്ങ സംഭരണവും ഹോർട്ടികോർപ്പ്, വിഎഫ്‌പിസികെ എന്നിവയുടെ നേതൃത്വത്തിൽ നടന്നു വരുന്നു. വയനാട് ജില്ലയിലെ കർഷകരിൽ നിന്നും നേന്ത്രക്കായയും സംഭരിച്ച് വിതരണം നടത്തുവാൻ തിരുമാനിച്ചിട്ടുണ്ട്.
വിഎഫ്‌പിസികെ, ഹോർട്ടികോർപ്പ് എന്നീ സ്ഥാപനങ്ങൾ റസിഡൻസ് അസ്സോസിയേഷനുകൾ, സാമൂഹ്യക്ഷേമവകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഓൺലൈൻ വിതരണ ഏജൻസികളുടെ സഹായത്തോടെ അവശ്യസാധനങ്ങൾ എത്തിച്ചു നൽകുന്നുമുണ്ട്. ബിഗ് കാർട്ട്, സ്വിഗ്ഗി, സൊമാറ്റോ, എഎം നീഡ്സ് ഏജൻസികളുമായി ബന്ധപ്പെട്ടാണ് ഓൺലൈൻ വിതരണം ആരംഭിച്ചിട്ടുള്ളത്. കർഷകർക്ക് അതാതു ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വിളവെടുക്കാനുള്ള പച്ചക്കറിയുടെ വിവരവും വിപണന സൗകര്യവും ആവശ്യപ്പെടാവുന്നതാണെന്നും മന്ത്രി അറിയിച്ചു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.