കോഴിക്കോട്: ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തിൽ എ ഐ വൈ എഫ് നേതൃത്വത്തിൽ ദേശവ്യാപകമായി ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കുമെന്ന് എ ഐ വൈ എഫ് ദേശീയ പ്രസിഡന്റ് അഫ്ത്താഫ് ആലംഖാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജെ എൻ യുവിൽ ആർ എസ് എസ്- എ ബി വി പി ഗുണ്ടകൾ നടത്തിയ അതിക്രമങ്ങൾ അപലപനീയമാണ്. ഡൽഹിയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമങ്ങൾ വളരെ ആസൂത്രിതമാണ്. മുഖംമൂടി ധരിച്ചെത്തിയ ഗുണ്ടാസംഘങ്ങൾക്ക് ഡൽഹി പോലീസ് എല്ലാ സഹായങ്ങളും നൽകുകയായിരുന്നു. ആർ എസ് എസ് കേന്ദ്രങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി അക്രമികൾക്ക് വ്യക്തമായ നിർദ്ദേശങ്ങൾ നല്കിയതായി ഇതിനകം വെളിപ്പെട്ടിട്ടുിണ്ട്.
ഡൽഹിയിലെ ഇടതുമുന്നേറ്റങ്ങളെ തടയുന്നതിനായാണ് ഇത്തരത്തിൽ വാട്സ് ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ച് പ്രവർത്തിക്കുന്നത്. ജെ എൻ യുവിന്റെ മഹത്വം ഇല്ലാതാക്കുന്നതിനാണ് കേന്ദ്രസർക്കാർ പരിശ്രമിക്കുന്നത്. ഫാസിസത്തിനെതിരെ ജെ എൻ യുവിലും മറ്റും ഉയരുന്ന വിദ്യാർത്ഥി ശബ്ദങ്ങളെയും ചിന്തകളേയും ആശയങ്ങളേയും മോഡിയും അമിത്ഷായും ഭയക്കുകയാണ്. ജെ എൻ യു സംഭവത്തിൽ എ ഐ വൈ എഫ് ദേശവ്യാപകമായ പ്രതിരോധം സംഘടിപ്പിക്കും. രാജ്യത്താകമാനം ഇന്ന് നടക്കുന്നത് സ്വാതന്ത്ര്യ സമരത്തിന് സമാനമായ പ്രക്ഷോഭങ്ങളാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരേയും പൗരത്വ രജിസ്റ്ററിനെതിരേയും നടക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്താനാണ് ഡൽഹിയിലേയും ബി ജെ പി സർക്കാരുകൾക്കുകീഴിലേയും പോലീസ് സേനയുടെ നീക്കം.
ജനകീയ സമരങ്ങളെ തോക്കുകൾ കൊണ്ടും ലാത്തികൾ കൊണ്ടും അടിച്ചമർത്താമെന്നത് വ്യാമോഹംമാത്രമാണ്. ഇപ്പോൾ നടക്കുന്ന ഈ രണ്ടാം സ്വാതന്ത്ര്യ സമരത്തിൽ മതേതര കൂട്ടായ്മയ്ക്കായിരിക്കും വിജയമെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ ഐ വൈ എഫ് സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. പി ഗവാസ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ. കെ പി ബിനൂപ് എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
English summary: The AIYF will hold a nationwide Constitutional Protection Day on Republic Day
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.