Janayugom Online
നേര്യമംഗലം സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യുന്നു

മുഴുവന്‍ പഞ്ചായത്തുകളിലും സപ്ലൈകോ വില്‍പ്പനശാലകളെന്ന ലക്ഷ്യം പൂര്‍ത്തിയാക്കും; മന്ത്രി പി തിലോത്തമന്‍

Web Desk
Posted on September 06, 2019, 6:06 pm

കോതമംഗലം: സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോയുടെ പൊതു വിതരണ കേന്ദ്രങ്ങളെന്ന ലക്ഷ്യം പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാര്‍ നയമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. നേര്യമംഗലം സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മാവേലി സ്റ്റോറുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളായും സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളായും ഹൈപര്‍ മാര്‍ക്കറ്റുകള്‍ സൂപ്പര്‍ബസാറുകളായും ഉയര്‍ത്തി ജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ വാങ്ങുവാനുള്ള സാഹചര്യമൊരുക്കുന്ന നടപടി പുരോഗമിക്കുകയാണ്.

സംസ്ഥാനത്ത് അരിയുടെ വില ഓണം കഴിഞ്ഞ് കുറയും. ആന്ധ്ര അരി ലോബിയുടെ മുന്നില്‍ മുട്ടുമടക്കില്ല. എവിടെ നിന്നായാലും അരി വാങ്ങി സംസ്ഥാനത്ത് വിതരണം ചെയ്യും. ബഹുരാഷ്ട്ര കുത്തകകളും സ്വകാര്യ കമ്പനികളും ചേര്‍ന്ന് ചെറുകിട വ്യാപാരികളെ തകര്‍ക്കാന്‍ നടത്തുന്ന ശ്രമം അനുവദിക്കില്ല. ഗുണമേന്‍മയുള്ള ഭക്ഷ്യവസ്തുക്കളോടൊപ്പം ഗൃഹോപകരണങ്ങളും സപ്ലൈകോയുടെ വിതരണ കേന്ദ്രം വഴി ജനങ്ങളില്‍ എത്തിക്കാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. കോതമംഗലം മണ്ഡലത്തിലെ ചെറു വട്ടൂരില്‍ സപ്ലൈകോയുടെ സൂപ്പര്‍മാര്‍ക്കറ്റ് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

ആന്റണി ജോണ്‍ എം. എല്‍.എ.അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം, കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ബീന ബെന്നി, ജില്ലാ പഞ്ചായത്തംഗം സൗമ്യ ശശി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ പയസ്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ സലിന്‍ ജോണ്‍, പഞ്ചായത്ത് മെംബറന്‍ മാരായ അനീഷ് മോഹനന്‍, എ.ജെ. ഉലഹന്നാന്‍, ആശ സന്തോഷ്, എബി മോന്‍ മാത്യു, സൈജന്റ് ചാക്കോ, സി.പി.എം ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ്, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.കെ.രാമചന്ദ്രന്‍ ‚പി.ആര്‍.രവി, എം.റ്റി.പൗലോസ്, ഇ.എ.ഹനീഫ, പി.ജി ശശി, കെ.ബി.മുഹമ്മദ്, എം.എസ്.പൗലോസ്, പി.എം.ശിവന്‍, സി. പ്രകാശ്, പി.എസ്.ബിജു എന്നിവര്‍ പ്രസംഗിച്ചു.സപ്ലൈകോ മേഖലാ മാനേജര്‍ പി.റ്റി.സൂരജ് സ്വാഗതവും മൂവാറ്റുപുഴ ഡിപ്പോ അസിസ്റ്റന്റ് മാനേജര്‍ ഇഎച്ച്ഹനീഫ നന്ദിയും പറഞ്ഞു.