21 April 2024, Sunday

Related news

April 20, 2024
March 31, 2024
March 11, 2024
December 16, 2023
December 5, 2023
November 1, 2023
October 22, 2023
October 13, 2023
July 28, 2023
July 7, 2023

എഐഎസ്എഫ് സംസ്ഥാന സമ്മേളനം ആരംഭിച്ചു

Janayugom Webdesk
ആലപ്പുഴ
April 18, 2022 8:21 am

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലടക്കം ഇതിഹാസങ്ങൾ രചിച്ച എഐഎസ്എഫ് സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ ആരംഭിച്ചു. സി കെ സതീഷ് കുമാർ നഗറിൽ ( ടി വി തോമസ് സ്മാരക ടൗൺ ഹാൾ ) രാവിലെ പത്തിന് സംസ്ഥാന പ്രസിഡന്റ് പി കബീർ പതാക ഉയർത്തി.

 

 

തുടര്‍ന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ടി ജെ ആഞ്ചലോസ് സ്വാഗതം പറഞ്ഞു. സംസ്ഥാനത്തെ 5,52,000 അംഗങ്ങളെ പ്രതിനിധീകരിച്ച് 341 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മയില്‍, റവ്യുമന്ത്രി കെ രാജന്‍, ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍, എകെഎസ്‌ടിയു സംസ്ഥാന പ്രസിഡന്റ് എൻ ശ്രീകുമാർ, ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ, പിഎഫ്‌സിടി സംസ്ഥാന പ്രസിഡന്റ് ഡോ. സി ഉദയകല തുടങ്ങിയവർ സംസാരിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ അസ്ലം ഷാ നന്ദി പറഞ്ഞു. ദേശീയ ജനറൽ സെക്രട്ടറി വിക്കി മഹേശരി, പ്രസിഡന്റ് ശുവം ബാനർജി, സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, റവന്യു മന്ത്രി കെ രാജൻ, മഹിളാ സംഘം സംസ്ഥാന സെക്രട്ടറി പി വസന്തം, എഐവൈ എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ വിവിധ സമയങ്ങളില്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്യും.

 

 

വൈകിട്ട് അഞ്ചിന് ചേരുന്ന സാംസ്കാരിക സദസ് സിപിഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. വയലാർ ശരത് ചന്ദ്ര വർമ്മ അധ്യക്ഷനാകും. കുരീപ്പുഴ ശ്രീകുമാർ, മുരുകൻ കാട്ടാക്കട, കിഷോർ തുടങ്ങിയവർ പങ്കെടുക്കും. എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് യു അമൽ നന്ദി പറയും. ചടങ്ങിൽ വിപ്ലവ ഗായിക പി കെ മേദിനിയെ ആദരിക്കും. നാളെ രാവിലെ 10 ന് ’ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കപ്പെടുമ്പോൾ ’ എന്ന വിഷയത്തിൽ നടക്കുന്ന വിദ്യാഭ്യാസ സെമിനാർ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. പി സന്തോഷ് കുമാർ എം പി മോഡറേറ്ററാവും. സമ്മേളനം നാളെ സമാപിക്കും.

ചിരസ്മരണകള്‍ ഇരമ്പുന്ന 
ചുവന്ന മണ്ണ് ഒരുങ്ങി


ജെ അരുൺബാബു
(എഐഎസ്എഫ് സെക്രട്ടറി)

 

എഐഎസ്എഫ് 45-ാം സംസ്ഥാന സമ്മേളനത്തെ ഐതിഹാസിക സമരചരിത്രങ്ങളുടെ വിപ്ലവ മണ്ണായ ആലപ്പുഴ ആവേശോജ്ജ്വലമായി വരവേൽക്കുകയാണ്. ചരിത്രത്തിൽ ചോരപ്പാടുകളാൽ എഴുതിചേർക്കപ്പെട്ട പുന്നപ്രയും വയലാറും അനശ്വര രക്തസാക്ഷി സ. സി കെ സതീഷ് കുമാറിന്റേയും മണ്ണിൽ എത്തിച്ചേരുന്ന പോരാളികളായ വിദ്യാർത്ഥി സഖാക്കളെ ഊഷ്മളമായി സ്വാഗതം ചെയ്യുകയാണ്. കേരള ചരിത്രത്തിലെ ഐതിഹാസികവും രക്തരൂക്ഷിതവും പ്രൗഢോജ്ജ്വലവുമായ ഓർമ്മകളുടെ മണ്ണിൽ വിദ്യാർത്ഥി ഫെഡറേഷൻ സമ്മേളനം നടക്കുമ്പോൾ ഏറെ സങ്കീർണ്ണമായ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് നമ്മുടെ രാജ്യം കടന്നുപോകുന്നത്. വിദ്യാഭ്യാസ മേഖലയാകെ കച്ചവട‑കാവി വൽക്കരിക്കുന്ന സമീപനമാണ് കേന്ദ്രം ഭരിക്കുന്ന ഭരണാധികാരികൾ സ്വീകരിക്കുന്നത്. അതിനെതിരായി ഉജ്ജ്വലമായ ചെറുത്തുനിൽപ്പുകളും പ്രക്ഷോഭങ്ങളുമാണ് എഐഎസ്എഫ് നേതൃത്വത്തിൽ നടത്തുന്നത്.

നമ്മുടെ രാജ്യത്തെ വർഗീയ ഫാസിസത്തിന്റെ ഇരുണ്ട യുഗത്തിലേയ്ക്കാണ് സംഘപരിവാർ ഭരണകൂടം നയിക്കുന്നത്. വർഗീയതയുടെ വിഷലിപ്തമായ ആശയങ്ങൾ വിദ്യാഭ്യാസ മേഖലയിലേയ്ക്ക് കടന്നുവരുന്നു. ചരിത്ര യാഥാർത്ഥ്യങ്ങളെ തമസ്ക്കരിച്ചും ആർ എസ് എസിന്റേയും സംഘപരിവാർ നേതാക്കളുടേയും ചരിത്രം പഠിച്ചാൽ മതിയെന്നും ഭരണാധികാരികൾ തീരുമാനിക്കുകയാണ്. സർവ്വകലാശാലകളുടേയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും തലപ്പത്ത് യോഗ്യതയില്ലാത്തവരെ നിയമിച്ച് സംഘപരിവാർ അജണ്ട നടപ്പിലാക്കുകയാണ്. പാഠഭാഗങ്ങളിൽ നിന്ന് ഭഗത് സിങ് ഉൾപ്പെടെയുള്ളവരുടെ സംഭാവനകള്‍ ഒഴിവാക്കി ആർഎസ്എസ് നേതാക്കളുടെ ചരിത്രം പഠിച്ചാൽ മതിയെന്ന് പ്രഖ്യാപിക്കുന്നു. ന്യൂനപക്ഷ അവകാശങ്ങൾ നിഷേധിക്കപ്പെടുകയും വിദ്യാഭ്യാസ വാണിഭത്തിന്റെ വാതിലുകൾ തുറന്നിടുകയുമാണ് പുതിയ വിദ്യാഭ്യാസ നയത്തിലൂടെ വ്യക്തമാകുന്നത്. ബിജെപിയുടേയും സംഘപരിവാരത്തിന്റേയും അജണ്ട വിദ്യാഭ്യാസ വർഗീയവൽക്കരണത്തിലൂടെ പുതുതലമുറയെ പിടികൂടുക എന്നതാണ്. ഹിറ്റ്ലർ പറഞ്ഞത് ‘ക്യാച്ച് ദി യങ്’ എന്നാണ്. അത് നടപ്പിലാക്കുകയാണ് സംഘശക്തിയുടെ ഭരണകൂടം പുത്തൻ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുന്നത്.

മഹാഭൂരിപക്ഷത്തിന് വിദ്യ നിഷേധിക്കുന്ന മനുസ്മൃതി സിദ്ധാന്തമാണ് സംഘപരിവാർ പുത്തൻവിദ്യാഭ്യാസ നയത്തിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നത്.നമ്മുടെ നാടും ലോകവും ഒരുപാട് പ്രതിസന്ധികൾക്ക് നടുവിലൂടെ കടന്നുപോയ ഒരു കാലം കൂടിയാണിത്. ലോക ജനത ഒന്നാകെ കോവിഡ് മഹാമാരിമൂലം പ്രതിസന്ധികളുടേയും ദുരനുഭവങ്ങളുടേയും ജീവിതാനുഭവത്തിലേയ്ക്ക് വഴിമാറിയപ്പൾ നമ്മുടെ പ്രവർത്തനവും അതിനോട് ചേർന്ന് നിൽക്കുന്നതായി മാറി. പ്രളയദുരിതകാലത്ത് കേരള ജനതയ്ക്ക് നൽകിയ സ്നേഹസ്പർശവും കരുതലും കോവിഡ് മഹാമാരികാലത്തും എല്ലാവരിലേയ്ക്കും എത്തിക്കാൻ കഴിഞ്ഞു. നമ്മുടെ പഠനം ഓൺലൈനായി മാറിയപ്പോൾ വിദ്യാർത്ഥികൾക്ക് പഠനമുറികൾ ഒരുക്കിയും ആയിരക്കണക്കിന് ടിവിയും മൊബൈൽ ഫോണും ഇന്റർനെറ്റ് സംവിധാനവുമൊരുക്കി അവരോടൊപ്പം നിൽക്കാനും നമുക്ക് സാധിച്ചു. എഐഎസ്എഫ് നേതൃത്വത്തിൽ നടപ്പിലാക്കിയ ‘നിറവ്’ ക്യാമ്പയിന് വലിയ പിന്തുണ ലഭിച്ച കാലം കൂടിയാണിത്. പൊതു വിദ്യാഭ്യാസ സംരക്ഷണത്തിനായി നാം ഏറ്റെടുത്ത ക്യാമ്പയിൻ കൂടുതൽ മാറ്റങ്ങളിലേയ്ക്കാണ് വഴിതുറന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞവും ലോകത്തിന് മാതൃകയാണ്.

അഞ്ച് ലക്ഷത്തോളം വിദ്യാർത്ഥികളാണ് സർക്കാർ സ്കൂളുകളിലേയ്ക്ക് പുതുതായി എത്തിയത്. കോവിഡ് കവർന്ന വിദ്യാഭ്യാസ രംഗം പുത്തൻ ഉണർവോടെ സജീവമാവുകയാണ്. സംഭവ ബഹുലമായ ഒരു കാലഘട്ടമാണ് നാം പിന്നിട്ടത്. സമാനതകൾ ഇല്ലാത്ത കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി നമ്മുടെ വിദ്യാഭ്യാസ രീതിയേയും സാമൂഹിക ക്രമത്തേയും കാഴ്ചപ്പാടുകളേയും മാറ്റിമറിച്ചു. സംഘടനാ പ്രവർത്തനത്തിന്റെ പരമ്പരാഗത ശൈലിയിൽ നിന്ന് നമുക്ക് വഴിമാറി നടക്കേണ്ടിവന്നകാലം കൂടിയാണിത്. അതിന്റെ ഗുണവും ദോഷവും നാം നേരിടേണ്ടി വന്നു.നാളെയുടെ വിദ്യാർത്ഥി പോരാട്ടങ്ങൾക്ക് കൂടുതൽ ശക്തിയും ആവേശവും പകരുന്ന അഖിലേന്ത്യാ വിദ്യാർത്ഥി ഫെഡറേഷന്റെ 45-ാം സംസ്ഥാന സമ്മേളനം കിഴക്കിന്റെ വെനീസിൽ പുതുചരിത്രമെഴുതും.

അനഘാശയന്റെ നാട്

ടി ജെ ആഞ്ചലോസ്
(ചെയർമാൻ സ്വാഗതസംഘം)

ഉരുക്കും മനുഷ്യ മാംസവും തമ്മിൽ ഏറ്റുമുട്ടിയ പുന്നപ്ര വയലാർ സമരത്തിലെ പ്രായം കുറഞ്ഞ രക്തസാക്ഷിയാണ് അനഘാശയൻ. പതിമൂന്നാം വയസിൽ കത്തിയമർന്ന കുഞ്ഞുവിപ്ലവകാരിയുടെ സ്മരണ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും എന്നും ആവേശമാണ്. പട്ടണക്കാട് കോണാട്ടുശേരി ചുള്ളിക്കത്തറയിൽ രാമന്റെയും കാളിയമ്മയുടേയും അഞ്ചു മക്കളിൽ നാലാമനായിരുന്നു അനഘാശയൻ. തങ്കി സെന്റ് ജോർജ്ജ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മറ്റുള്ള പലരേയും പോലെ പട്ടിണി മൂലം പഠനം പൂർത്തിയാക്കാനായില്ല. അച്ഛനും സഹോദരൻ രാഘവനുമൊപ്പം കയർ ഫാക്ടറിയിലെ തൊഴിലാളിയായി. കയർ ഫാക്ടറി തൊഴിലാളികളുടെ യൂണിയൻ രൂപീകരിച്ചതോടെ മറ്റുള്ളവർക്കൊപ്പം യൂണിയൻ യോഗങ്ങളിൽ പങ്കാളിയായി. സർ സി പി യുടെ സ്വതന്ത്ര തിരുവിതാകൂർ പ്രഖ്യാപനവും അതിനെതിരെയുള്ള തൊഴിലാളികളുടെ സമര കാഹളവും ഉയർന്നപ്പോൾ നാട്ടിലാകെ അരക്ഷിതാവസ്ഥയായി. തൊഴിലാളികളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുവാൻ തുടങ്ങി. ഈ സാഹചര്യത്തിൽ സഹോദരനായ രാഘവനും, അനഘാശയനും തൊഴിലാളികളുടെ ക്യാമ്പിലേക്ക് താമസം മാറ്റി. ഇരുവരും ആദ്യം കൊല്ലപ്പള്ളി ക്യാമ്പിലും പിന്നീട് മേനാശേരി ക്യാമ്പിലുമായിരുന്നു. പ്രദേശത്തെ പൊലീസിന്റെയും ഒറ്റുകാരുടെയും നീക്കങ്ങൾ മണത്തറിഞ്ഞ് ഉടൻ തന്നെ വിവരങ്ങൾ നേതൃത്വത്തിന് കൈമാറുവാൻ സമർത്ഥനായിരുന്നു അനഘാശയൻ. ക്യാമ്പുകളിൽ സന്ദേശമെത്തിക്കുവാനും, രാത്രിയിൽ കിലോ മീറ്ററുകൾ കാൽനടയായി സഞ്ചരിച്ച് നേതാക്കൾക്കുള്ള രഹസ്യ കത്തുകൾ കൈമാറുവാനും അനഘാശയൻ മുൻപന്തിയിലായിരുന്നു.

വയലാറിലേക്ക് പട്ടാളം പോകാതിരിക്കുവാനാണ് സമരഭടന്മാർ മാരാരിക്കുളം പാലം പൊളിച്ചത്. ഇവിടെ പതിയിരുന്നാണ് പട്ടാളക്കാർ സഖാക്കളെ വെടിവച്ച് കൊന്നത്. പിന്നീട് ഒളതലയിലും വെടിവയ്പ്പ് ഉണ്ടായി. പറപ്പള്ളി തോട് വഴി ബോട്ടിലും, വള്ളങ്ങളിലുമാണ് പട്ടാളക്കാർ സഞ്ചരിച്ച് മേനാശേരിയിൽ എത്തിയത്. ഉടൻ തന്നെ ഇവിടെയുള്ള തൊഴിലാളി ക്യാമ്പിന് നേരെ ആക്രമണം ആരംഭിച്ചു. നൂറ് കണക്കിന് സമര സഖാക്കൾ മൂന്ന് വഴികളിലൂടെ നിലത്തിഴഞ്ഞ് വാരികുന്തവുമായി പട്ടാളത്തെ നേരിട്ടു. പച്ച ഓല കൊണ്ട് നിർമ്മിച്ച കൊട്ടയിൽ നിറയെ കരിങ്കൽ കഷണങ്ങളുമായി പട്ടാളത്തെ നേരിട്ട അനഘാശയന് നേരെ പട്ടാളക്കാർ വെടിയുണ്ടകൾ വർഷിച്ചു.

അങ്ങനെ പുന്നപ്ര — വയലാർ സമരത്തിലെ പ്രായം കുറഞ്ഞ രക്തസാക്ഷിയായി അനഘാശയൻ മാറി. അന്ന് പുന്നപ്രയിലും, വയലാറിലും, മേനാശേരിയിലും, കാട്ടൂരിലും, മാരാരിക്കുളത്തും രക്തസാക്ഷികളായവര്‍ ഏറെയാണ്. മലവെള്ള പാച്ചിലിൽ പൊട്ടുന്ന കുട്ടനാട്ടിലെ മടകൾ ഉറപ്പിക്കുവാൻ മനുഷ്യനെ കൊന്നിട്ട് അതിന് മുകളിൽ ചെളി പൊത്തി മടകൾ ഉറപ്പിച്ച ജന്മികൾ അതിനെ ദൈവവിധിയായി പ്രചരിപ്പിച്ചു. അത്തരം കല്പനകൾക്ക് വിധേയരായ അടിമക്കൂട്ടങ്ങളെ മനുഷ്യരാക്കുവാൻ പൊരുതിയത് ഈ ജില്ലയിലെ കമ്മ്യൂണിസ്റ്റുകാരായിരുന്നു. ആ കർഷക തൊഴിലാളികൾ ഇന്ന് മനുഷ്യരെ പോലെ ജീവിക്കുന്നു. മനുഷ്യ വിസർജ്യം പാട്ടയിൽ പകർന്ന് തലയിലേറ്റി സംസ്കരണ കേന്ദ്രത്തിൽ കൊണ്ട് പോകുന്ന തോട്ടി തൊഴിലാളികൾ ആലപ്പുഴയിൽ ഉണ്ടായിരുന്നു. ഹോട്ടലുകളിലും ചായക്കടകളിലും അവർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. പുറത്ത് വച്ചിരിക്കുന്ന ചിരട്ടയിലായിരുന്നു ചായ നൽകിയിരുന്നത്. അവരേയും മനുഷ്യരാക്കിയ ചരിത്രം ഈ നാട്ടിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുണ്ട്.

ആലപ്പുഴയിൽ കയർ ഫാക്ടറി തൊഴിലാളികളുടെ യൂണിയൻ രൂപീകരിച്ചതിന്റെ നൂറാം വാർഷികവും ഈ വർഷമാണ്. ശൂരനാട് എന്നൊരു നാട് ഇനി വേണ്ടെന്ന തിരു കൊച്ചി മുഖ്യമന്ത്രി പറവൂർ ടി കെ നാരായണപിള്ളയുടെ ഗർജ്ജനത്തിനെതിരെ പൊരുതി കയറിയ ധീരന്മാരായ ശൂരനാട് രക്തസാക്ഷികൾ ഉൾക്കൊള്ളുന്ന വള്ളികുന്നവും ഇവിടെയാണ്. വിമോചന സമരത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ സ്വന്തം വോട്ടവകാശം രേഖപ്പെടുത്തിയതിന്റെ പേരിൽ ജീവൻ ഹോമിക്കപ്പെട്ട കല്യാത്ര ചാത്തന്റെയും നാടാണിത്. സിപിഐ യെ അധികാരത്തിലേറ്റിയ 1957 ലെ തെരഞ്ഞെടുപ്പിൽ പ്രധാന പങ്ക് വഹിച്ച നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകവും അത് അവതരിപ്പിച്ച കെപിഎസി യും ഈ ജില്ലയിലെന്നത് എന്നും ആവേശം പകരുന്ന ചരിത്ര സ്മരണകളാണ്.
വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളെ ദേശീയ തലത്തിൽ നയിച്ച പികെവി യുടേയും, സി കെ ചന്ദ്രപ്പന്റെയും, തോപ്പിൽ ഗോപാലകൃഷ്ണന്റെയും രാഷ്ട്രീയ സംഘടനാ പ്രവർത്തനങ്ങളുടെ കളിത്തൊട്ടിലും ഇവിടെയായിരുന്നു.

പ്രാഥമിക വിദ്യാഭ്യാസം മാത്രം കൈമുതലായുണ്ടായിരുന്ന എസ് കുമാരൻ സിപിഐ യുടെ ദേശീയ സെക്രട്ടറിയായും, മികച്ച പാർലമെന്റേറിയനായും ശോഭിച്ചത് ആലപ്പുഴയിലെ തൊഴിലാളി വർഗ്ഗത്തിൽ നിന്നും പകർന്ന് കിട്ടിയ ഊർജ്ജത്തിൽ നിന്നാണ്. വിദ്യാർത്ഥികളുടെ യാത്രാവകാശം സംരക്ഷിക്കുവാനുള്ള സമരത്തിൽ രക്തസാക്ഷിയായ സ. സി കെ സതീഷ് കുമാറിന്റെ സ്മരണ നമുക്ക് ആവേശമാണ്. സഖാവിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നുള്ള പതാകജാഥയും, നാടിന്റെ സാമൂഹ്യ മാറ്റത്തിൽ പ്രധാന പങ്ക് വഹിച്ച പുന്നപ്ര വയലാർ രക്തസാക്ഷി സ്മാരകത്തിൽ നിന്നുള്ള ദീപശിഖാ ജാഥയും എത്തി ചേരുമ്പോൾ ചരിത്രമുറങ്ങുന്ന ആലപ്പുഴയിൽ എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തിന് തുടക്കമാകും.

Eng­lish Summary:The AISF State Con­fer­ence begins today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.