Web Desk

തിരുവനന്തപുരം

March 29, 2020, 10:51 am

കോവിഡ്19; നിരീക്ഷണത്തില്‍ കഴി‍ഞ്ഞിരുന്ന ആംബുലൻസ് ഡ്രൈവര്‍ മരിച്ചു

Janayugom Online

കൊറോണ വൈറസ് ബാധ പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആംബുലൻസ് ഡ‍്രൈവര്‍ മരണപ്പെട്ടു. തിരുവനന്തപുരം കാട്ടാക്കട ആമച്ചല്‍ കുച്ചപുറം നാഞ്ചല്ലൂര്‍ വിഷ്ണുവിലാസത്തില്‍ എപി വിഷ്ണു(28)ആണ് മരിച്ചത്. കഴിഞ്ഞ 24 മുതല്‍ വിഷ്ണു വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.

ആംബുലൻസ് ഡ‍്രൈവറായിരുന്ന വിഷ്ണു 19 ന് മൂന്ന് സഹപ്രവര്‍ത്തകരുമൊത്ത് മുംബൈയില്‍ നിന്ന് മൃതദേഹം നാട്ടിലെത്തിക്കാൻ പോയിരുന്നു. 23ന് ബെംഗളൂരുവിലേക്കും പോയ ശേഷം 24ന് ആമച്ചല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരാൻ നിര്‍ദ്ദേശിക്കുകയായിരുന്നു. നിരീക്ഷണത്തില്‍ കഴിയവേ ഇന്നലെ രാവിലെ നെഞ്ചു വേദന അനുഭവപ്പെടുന്നതായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ചിരുന്നു.

ഗ്യാസ്ട്രോ പ്രോബ്ലം എന്നായിരുന്നു പറഞ്ഞിരുന്നത്. വോളന്റിയര്‍മാര്‍ വഴി ഇതിനുള്ള മരുന്ന് വീട്ടിലെത്തിച്ച് കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഉത്തയോടെ നെഞ്ചുവേദന കടുക്കുകയായിരുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശ പ്രകാരം ആംബുലന്‍സില്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകവേ മരണം സംഭവിക്കുകയായിരുന്നു. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊറോണ പരിശോധനകള്‍ക്ക് ശേഷമേ വിട്ടു നല്‍കൂ എന്ന് അധികൃതര്‍ അറിയിച്ചു.

you may also like this video;